Thursday, August 30, 2018

നിങ്ങളെ ചികിത്സിക്കേണ്ടതുണ്ട്







 
നിങ്ങളുടെ ഭ്രാന്ത്
നിങ്ങളെയെന്നതുപോലെ
മറ്റു മനുഷ്യരേയും ബാധിക്കുന്ന ഒന്നാകകൊണ്ട്
നിങ്ങളെ ചികിത്സിക്കേണ്ടതുണ്ട്
ഒരു കവിയുടെ ഏറ്റവും രുചികരമായഭാഗം
അയാളുടെ നാവാണെന്ന്
കവികളെയും കലാകാരന്മാരെയും തിന്നു വളര്‍ന്ന
കാക്കിയുടുപ്പുകാര്‍ക്കറിയാം
മീശക്കാരനായ ഒരു പ്രധാനി
അവരെയത് പഠിപ്പിക്കും മുന്‍പു തന്നെ.
സ്വാതന്ത്രം കൊണ്ടുള്ള കുഴപ്പങ്ങളാണ് പരിഹാരമില്ലാത്തവ
തടവുമുറിയല്ലാതെ അതിനെപരിരക്ഷിക്കുവാന്‍
മറ്റിടങ്ങളില്ല.
ഉപദേശി അയാളുടെ
ഇത്തിരിപ്പോന്ന ലോകബോധം കൊണ്ട്
സംതൃപ്തനാണ്
മറ്റുള്ളവരെ നന്നാക്കുവാനുള്ള സൂത്രം
അയാള്‍ക്കു കൈമുതലായുണ്ട്
പോലീസുകാരന്‍ നിങ്ങളെ കേള്‍ക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു
ശരിയായരാഷ്ട്രീയം അയാളുടെ തുടകള്‍ക്കിടയിലാണു സ്ഥിതി ചെയ്യുന്നത്
ഇരുമ്പുലക്ക പോലെ ലോകത്തെ പരിഷ്കരിക്കുവാന്‍ മറ്റൊന്നില്ല.
ദൈവത്തെപ്രതിയാണ് അയാള്‍ എല്ലാറ്റിനേയും ഭയപ്പെടുന്നത്
ദൈവത്തെ ഉള്‍പ്പെടെ.
നിങ്ങളുടെ മരുന്നുകൊണ്ടാണ്
ലോകം നേരെ നിര്‍ത്തപ്പെടുന്നത്
ഇടയ്ക്കിടയ്ക്കുള്ള ഇടികളിലൂടെ
സത്യം പുറത്തു ചാടുന്നു
കവികളുടെ ഏറ്റവും രുചികരസായ ഭാഗം
അവരുടെ നാവു തന്നെ.





                                                       Ecce Homo- Lovis Korinth

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home