വിവാഹമോചന ഗാനം
ബോറടിച്ചില്ലേ കുടുംബം, പ്രിയേ, പ്രിയേ
നീ കെട്ടി ഞാന്ന തോൾ തോൾ സഞ്ചി
നിത്യവും നീ തന്നയക്കുന്ന ചോറും പരിപ്പും
ഇന്നൊക്കെയും മാറ്റുവാൻ നേരമായില്ലേ?
ഒരു നാൾ ഉദിക്കാൻ കൊതിച്ചൊന്നു
തേങ്ങിയിട്ടാരോരുമറിയാതെ
മാഞ്ഞു പോയല്ലോ പ്രണയം നമുക്കിടെ,
ആരോടിതൊക്കെ പറയാൻ?
കുട്ടികൾ കൂസലില്ലാത്ത വളർന്നു നിൽക്കുന്നു.
ക്ലോസപ്പ് നാറുന്ന ചുംബനം
സ്നേഹം വരണ്ടൊട്ടി മാഞ്ഞ വടുക്കളാൽ
ഘോര വികൃതമായ തീർന്ന കലഹങ്ങളും
ഓഫീസു ജോലിക്കിടയ്‌ക്കിടെ എത്തുന്ന
ഫോണിന് മുഴക്കവും
ഒന്നിച്ചിരിക്കിലും തീരാതെ പോകുന്നൊരേകാന്ത യാത്രയും
ഒക്കെ മറക്കാൻ ശ്രമിക്കാം.
ബോറടിച്ചില്ലേ നിന്കകീയനാവശ്യ
കുമ്പസാരങ്ങളും കുറ്റബോധങ്ങളും
കൊത്തിപ്പിരിയുവാൻ നേരമായില്ലേ?
പുലർച്ചയ്‌ക്കെണീറ്റിട്ടടുപ്പിന് മുകളിലെ
ആവിയെന്ത്രം കിതയ്ക്കുന്നു മാത്രയിൽ
പുട്ടുകുത്തി നിവരുമ്പോൾ ഭിത്തിയിൽ
ചത്തിരിക്കുന്നു ഘടികാര സൂചികൾ
ചാവിവെക്കുമ്പോൾ കുഞ്ഞുണർന്നൂതുന്നു
പപ്പടങ്ങൾ തണുത്തു പോകുന്നു
ബാങ്കിലെ ലോൺ സൈറണ് മുഴക്കുന്നു.
ആശകളെല്ലാമടക്കി നാമെത്രയോ
കാതം നടന്നു, നടപ്പിന്റെ പൂതിയും
തീരുന്ന നാൾ വരും മുൻപെങ്കിലും
വേണമെന്നേ പറയുവാനുള്ളു
നാമന്യോന്യം ആയിരുന്ന കൊച്ചു യുദ്ധങ്ങളാൽ
തോൽപ്പിച്ചു ഘോഷം മുഴക്കിത്തുടങ്ങും മുൻപ്.
നീയുണർന്നെന്നേ ഇറുക്കവേ, കാതരേ,
നിൻമുലക്കണ്ണുകൾ എന്നിൽ പതിക്കവേ
നിദ്രതൻ കോമ്പല്ലിറുക്കിയെൻ ജീവനെ
ഊറ്റിക്കുടിച്ചതും, കോപിച്ചു നീയങ്ങകലേയ്ക്ക് പോയതും
എൻ ചുണ്ടു ചുട്ടു പഴുക്കുന്ന രാത്രിയിൽ
നിന്നിൽ അമാവാസി മൗനം നിറച്ചതും
ഒക്കെയും ഇന്ന് മറക്കുക
നാളെകൾ നാഥരില്ലാത്തവ.
വിട്ടു പോയ് നോക്കാമൊരല്പ കാലം
വീണ്ടുമൊരുവേള പ്രേമം തളിർത്താൽ
ഇഷ്ടത്തിനില്ലാ ഇടമെങ്കിലെന്തിനാ
ണന്യോന്യമെന്നും സഹിക്കൽ
പോവട്ടെ സൽപ്പേര്, അർത്ഥമില്ലാത്ത
വൃഥാ സൗഹൃദങ്ങളും-
അല്പം പുതുശ്വാസമെത്തുമെങ്കിൽ!
ചിരി, ഗൗരവം, പ്രേമമെല്ലാം സുതാര്യമാം
വടിവോടെ നമ്മിൽ വിളങ്ങാൻ
സ്വാതത്ര്യം ഉൽക്കടശക്‌തിയായ് കാലത്തെ
മാറ്റിമറിച്ചു പാഞ്ഞീടാൻ
അറുത്തു മാറ്റിടാം നമുക്കീ ചിതൽ തിന്ന മംഗലം
ബോറടിച്ചില്ലേ കുടുംബം, പ്രിയേ, പ്രിയേ!
(An old poem from 1994.)
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home