Thursday, January 17, 2019

താരാ.സി.




നീ അറിഞ്ഞില്ലേ? അനന്തന്‍ ആത്മഹത്യ ചെയ്തു!

രാവിലെ പോര്‍ട്ടിക്കോയിലേക്കു കയറി വന്ന സ്നേഹിത സിതാരയോടു പറഞ്ഞു. ചാരുകസാലയില്‍ പത്രം വായനയില്‍ മുഴുകിയിരുന്ന ഭര്‍ത്താവിന് ഫ്ളാസ്കില്‍ നിന്നും ചൂടുള്ള കാപ്പി പകര്‍ന്നു കൊടുത്തിട്ട് തിരിയുമ്പോഴാണ് അവര്‍ സാറായെ കണ്ടത്.

ങേ...

പത്രം വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനു നേര്‍ക്ക് അവര്‍ ഉദ്വേഗത്തോടെ നോ
ക്കി. നിവര്‍ത്തിപ്പിടിച്ച പത്രത്താളുകള്‍ക്കിടയില്‍ അയാളുടെ മുഖം മറഞ്ഞു തന്നെ ഇരുന്നു. കേട്ടിട്ടുണ്ടാവില്ല.  ഉണ്ടെങ്കില്‍ ഇതു മതി ഇന്നത്തെ ദിവസം മുഴുവന്‍ പാഴാക്കുവാന്‍ പോന്ന ഒരു ഭാവം ആ മുഖത്തു തെളിയുവാന്‍. അയാള്‍ക്കു അനന്തനെ പരിചയമുണ്ടാവുമോ ആവോ? സാറായെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടു പോവുന്നതിനിടയില്‍ അവള്‍ തിരക്കി:

ആര്? ആരു മരിച്ചൂന്നാ സാറാ നീ പറയുന്നത്?

അനന്തന്‍... നിന്‍റെ പഴയ...

സ്റ്റോപ് ബീങ് സില്ലി, സാറാ. ഹു വാസ് ഹി റ്റു മീ? ഞാനിന്നൊരു ഭാര്യയാണെന്നതു മറക്കല്ലേ പെണ്ണേ. ചേട്ടനെങ്ങാനും കേട്ടാല്‍....അതു പോട്ടെ... വെന്‍ ഡിഡ് ഐ സീ യൂ ലാസ്റ്റ്? നീയീ വഴിക്കൊക്കെ വന്നിട്ടെത്ര നാളായി?

സാറായ്ക്ക് മറുപടി പറയാന്‍ തോന്നിയില്ല.  അനന്തന്‍റെ മരണം സിതാരയെ അറിയിക്കേണ്ടതുണ്ടെന്നു തോന്നി. ഇപ്പോള്‍ വരേണ്ടിയിരുന്നല്ലെന്നും... ചില തരം ഡെല്യൂഷന്‍സ് നമുക്കൊക്കെ ആവശ്യമാണ്, അല്ലെങ്കില്‍ യാഥാതത്ഥ്യം അതിന്‍റെ കോമ്പല്ലുകളാഴ്ത്തി വര്‍ത്തമാനത്തെ കടിച്ചുകീറും. ഒരിക്കല്‍ തന്നോടൊട്ടിക്കിടക്കവേ സിതാരയെ ഓര്‍ത്തപ്പോള്‍ അവന്‍റെ കണ്ണു നിറയുന്നതു കണ്ട്പ്പോള്‍ താന്‍ ചോദിച്ചത് അവളോര്‍ത്തു.

താരാ.സി ഇപ്പോഴും തന്‍റെ കണ്ണുനനയിക്കുന്നുണ്ടല്ലേ?

താരാ.സി എന്നായിരുന്നു സാറാ അവരുടെ കളിക്കൂട്ടുകാരിയായിരുന്ന സിതാരയെ വിളിക്കാറ്. അവന്‍ കണ്ണുകള്‍ പൂട്ടി മെല്ലെ തലയനക്കി.

നിനക്ക് അവനെ കാണണമെന്നുണ്ടാവുമെന്ന് ഞാന്‍ കരുതി.

ഞാനും കുറേക്കാലം ഒരു ഡെല്യൂഷനില്‍ ആയിരുന്നു. ഹി ഡിഡ് ഫൂള്‍ മീ ഫോര്‍ സം റ്റൈം. എല്ലാവരേയും അയാള്‍ കുറേക്കാലം കബളിപ്പിച്ചു എന്നോര്‍ക്കുമ്പോള്‍ അതിലതിശയിക്കാനില്ല താനും. ബട്ട് വാട്ട് ഈസ് ദ പോയിന്‍റ്? എന്തെങ്കിലും ചെയ്യേണ്ടകാലത്ത് അതൊരിക്കലും ചെയ്യാതെ പിന്നെ പരിതപിച്ചിട്ടെന്താ? ഇഫ് ദേര്‍ വാസ് എനിതിങ് കണ്‍സസ്റ്റന്‍ന്‍റ് എബൗട്ട് ഹിം, ദാറ്റ് വാസ് ഹിസ് ഇന്‍കോണ്‍സിസ്റ്റന്‍സി, മേ ബി. നനക്കെന്താണു പറ്റിയത്? വൈ ഡൂ യൂ തിങ്ക് ദാറ്റ് ഹിസ് ഡെത്ത് ഡസ് കണ്‍സേണ്‍ മീ?

സാറായ്ക്ക് സ്വന്തം ചെവികളെ വിശ്വസിക്കാന്‍ തോന്നിയില്ല. തന്‍റെ താരാ.സി അനന്തനെ കുറ്റപ്പെടുത്തുമെന്നറിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ തിരക്കിട്ട് അവളെ കാണാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നില്ല. അതും അവന്‍ മരിച്ചു കിടക്കുന്ന ഈ മുഹൂര്‍ത്തത്തില്‍. അവള്‍ക്കു തന്നോടു തന്നെ അരിശം തോന്നി. ഒരു കസേര വലിച്ചിട്ട് ഫാനിനു കീഴിലിരുന്നിട്ടും അവളെ വല്ലാതെ വിയര്‍ത്തു. ഭിത്തിയില്‍ ഫ്രേം ചെയ്തു വെച്ചിരുന്ന ഗോയയുടെ څസാറ്റേണ്‍ ഡിവോറിങ് വണ്‍ ഓഫ് ഹിസ് സണ്‍സ്ڈ എന്ന ചിത്രം തന്നെ തുറിച്ചു നോക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ പറയുമ്പോലെ ഭര്‍ത്താവിന്‍റെ അഭിരുചിയുടെ പ്രത്യേകത കൊണ്ടു മാത്രമല്ല അതവിടെ സ്ഥാനം പിടിച്ചതെന്ന് അവള്‍ക്കു തോന്നി. താരാ.സി തന്നെ ഇങ്ങനെ ആയിത്തീര്‍ന്നോ? ഛേ...ഞാനെന്താണിങ്ങനെ ആലോചിക്കുന്നത്?

താരാ.സിയും അവളുടെ നോട്ടത്തെ പിന്തുടര്‍ന്ന് ചിത്രത്തിലേക്കു നോക്കി. അത് ഭിത്തിയില്‍ നിന്നെടുത്ത് തറയിലേക്കു വലിച്ചെറിയാന്‍ അവളുടെ കൈ തരിച്ചു. എന്തു കൊണ്ടാണു താനീയിടെയായി ദേഷ്യം വരുമ്പോള്‍ ആസകലം വിറകൊള്ളുന്നത്?  ആ ചിത്രം എന്തു കൊണ്ടാണ് ഇപ്പോള്‍ തന്നെ വല്ലാതെ പ്രകോപിപ്പിക്കുന്നത്. സാറായുടെ കണ്ണില്‍ ഒരു നിമിഷമെങ്കിലും താന്‍ സാറ്റേണിന്‍റെ സ്ഥാനത്തായോ? ശരിയാണ്, തനിക്കും അനന്തനുമിടയില്‍ നടന്നതെന്താണെന്ന് അവള്‍ക്കറിവുണ്ടാവില്ല. താനെന്തിനാണ് അനന്തനെ കുറ്റപ്പെടുത്തിയതെന്നും. ചെറുപ്പത്തെ കടിച്ചുകീറുന്ന വാര്‍ദ്ധക്യമാവുമോ ഞാന്‍? അനന്തന്‍ മരിച്ചു കിടക്കുന്ന ഈ വേളയില്‍ എന്തുകൊണ്ടും നല്ലത് അങ്ങിനെ പറയാതിരിക്കുകയായിരുന്നു. പക്ഷേ അതിനു കഴിഞ്ഞില്ല. ആരോടും പറയതിരുന്ന് വടുകെട്ടിയ ഒരോര്‍മ്മ പോട്ടിയൊലിച്ചു പോയതാണ്. അല്ലെങ്കിലും ചെറുപ്പവും വാര്‍ദ്ധക്യവും തമ്മിലുള്ള ഇടപാടുകള്‍ എപ്പോഴും അത്ര ലളിതമാണോ? ഒന്നു മറ്റൊന്നിനെ തിന്നു തീര്‍ത്തേ തീരൂ എന്നുണ്ടോ? ചിലപ്പോള്‍ യുവത്വവുമായുള്ള സഹവാസം വാര്‍ദ്ധക്യത്തിന് പുതുജിവന്‍ നല്‍കുന്നില്ലേ- വൃദ്ധരോടുള്ള ഇടപഴകലില്‍ നിന്ന് യൗവ്വനം പാകത നേടുന്നില്ലേ? ഈ നേരത്ത് സാറായോടിനി എന്തു പറയും? അവളുടെ വിഷമം ആ മുഖത്ത് പ്രകടമാണ്.

ഞാന്‍ പോട്ടെ, താരാ. ഇനിയൊരിക്കല്‍ വരാം. ഇന്നു നിന്നോട് സംസാരിച്ചിരിക്കാന്‍ തോന്നുന്നില്ല. നിന്‍റെ വിവാഹ ദിവസം കണ്ട അനന്തന്‍റെ മുഖം ഞാനിന്നും ഓര്‍ക്കുന്നു. ചിലപ്പോള്‍ കാലം അങ്ങിനെയാണ്, അതിന്‍റെ നീരാളിപ്പിടുത്തത്തില്‍ ആരും അശരണരായി തീര്‍ന്നേക്കാം. നേരേ നില്‍ക്കുന്നതെന്നു കരുതപ്പെടുന്ന ഒരു രൂപത്തെ വെളിച്ചത്തിനു നിമിഷനേരം കൊണ്ടു കീഴ്മേല്‍ മറിക്കാനായേക്കാം ഒരു വവ്വാലിന് ചിലപ്പോള്‍ തലയ്ക്കു മീതെ ഭൂമിയാവാം. അതിന്‍റെ കൂട്ടംതെറ്റല്‍ തെറ്റായികാണുന്ന കണ്ണിന് ഭയപ്പാടു തോന്നാം. എന്നാല്‍ വവ്വാലിനും ഒരു ജീവിതമുണ്ട്. സ്വന്തം റഡാറുകൊണ്ടു പറക്കുന്ന ഒരു ജീവിയല്ലേ അത്?
.
ഒരു പക്ഷേ സാറ്റേണിനെ ഉള്‍ക്കൊള്ളാനാവാത്ത ഗോയയുടെ പ്രതിസന്ധി തന്നെയല്ലേ ആ ദ്വന്ദ്വത്തിലെ അതിക്രമം? ആധുനികതയുടെ പതിവു പോര്‍മുഖങ്ങളിലൊന്ന്..?.താരാ.സി. തന്നോടു തന്നെ ആരാഞ്ഞു. എനിക്കെന്താണു പറ്റിയതെന്ന് ഈ കൂട്ടുകാരി പോലും അറിയുന്നില്ലല്ലോ, ദൈവമേ!

വൈകുന്നേരം മൂന്നു മണിക്കാണു ശവദാഹം. പൊതുശ്മശാനത്തില്‍. ശവം ഇപ്പോള്‍ വീട്ടിലാണ് കിടത്തിയിരിക്കുന്നത്. നിന്‍റെ പഴയ അയല്‍പക്കത്ത്. ആ വീട്ടിലിപ്പോള്‍ ആരുമില്ലല്ലോ, നിനക്കും വരാം അവിടെ. ഇപ്പോള്‍ വരുന്നുണ്ടെങ്കില്‍ ഒന്നിച്ചു പോകാം എന്നു കരുതി.

അനന്തനെ ശവം എന്നു വിശേഷിപ്പിക്കേണ്ടി വന്നതിന്‍റെ ഓര്‍മ്മയില്‍ അവള്‍ തല കുടഞ്ഞു. മരിച്ചു കഴിഞ്ഞാല്‍ ആരും ഒരു ശവം തന്നെ, എങ്കിലും.

വരണമെന്നുണ്ട് സാറാ, പക്ഷേ തീരെ സമയമില്ല. നാളെ രാവിലെ രവിയേട്ടനോടൊപ്പം ദില്ലിയിലേക്കു പോകുന്നു. അദ്ദേഹത്തിന്‍റെ ഒഫീഷ്യല്‍ ആവശ്യത്തിനാണ്. ഒരുക്കങ്ങളൊന്നും ഇതു വരെ പൂര്‍ത്തിയായിട്ടില്ല. നീ ഇരിക്ക്, ഞാനൊരു കാപ്പിയിട്ടു തരാം.

വേണ്ട താരാ, നിന്നെ കാണാന്‍ ഞാന്‍ ഇനിയൊരിക്കല്‍ വരാം. എനിക്കിനി കാണാന്‍ അധികം സുഹൃത്തുക്കളൊന്നുമില്ല എന്നു നിനക്കറിയാമല്ലോ.
അവള്‍ എഴുന്നേറ്റ് പുറത്തേക്കു നടന്നു. സിതാര ഗേറ്റോളം കൂടെച്ചെന്നു.

അനന്തന്‍ ഒരുപാടു കുടിക്കുമായിരുന്നു അല്ലേ? ഗേറ്റിലെത്തിയപ്പോള്‍ സിതാര ചോദിച്ചു.

സാറാ മറുപടി പറഞ്ഞില്ല. മുറ്റത്തെ ക്രമമായി വെട്ടി നിര്‍ത്തിയ ചെടികളിലേക്കു നോക്കിയപ്പോള്‍ അവള്‍ക്കു ചിരി വന്നു. നിന്‍റെ ചെടികളെക്കൂടി പട്ടാളച്ചിട്ട പഠിപ്പിച്ചു വെട്ടിനിര്‍ത്താന്‍ തുടങ്ങിയോ നീയും?.

അച്ചടക്കം..അതല്ലേ എല്ലാം! സിതാരയും അവളോടൊപ്പം ചിരിയില്‍ പങ്കുചേര്‍ന്നു.

ഇടയ്ക്കൊക്കെ ഇതിലേ വരുമല്ലോ. നിന്നെ കാണുന്നതൊരു സമാധാനമാണ് എനിക്കും. പകലൊക്കെ മിക്കവാറും ഞാന്‍ തനിച്ചാ ഇവിടെ. കേട്ടോ..

ഓ.... സാറാ നടന്നു നീങ്ങുന്നതിനിടയില്‍ പറഞ്ഞു.

പട്ടാളക്കാരുടെ പറ്റെ വെട്ടി നിര്‍ത്തിയ മുടി പോലെ.... താരാ.സി മുറ്റത്തെ ചെടികളുടെ നേര്‍ക്കു നോക്കി. വിവാഹം കഴിഞ്ഞ് കുറേക്കാലം അതിലൊക്കെയായിരുന്നു അവള്‍ക്കു ശ്രദ്ധ. പിന്നീടതു കുറഞ്ഞു. മറ്റൊരു പോംവഴിയുമില്ലാതെ അകപ്പെട്ടു പോയ തന്‍റെ അവസ്ഥയില്‍ ഭര്‍ത്താവിനോട് കൂടുതല്‍ അടുക്കാനേ കഴിയാതെ ഇണകള്‍ക്കിടയില്‍ അവശ്യം ഉണ്ടാവേണ്ടിയിരുന്ന സ്നേഹത്തിനു പകരം നിലനിന്ന സൗകര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രമീകരണത്തില്‍ ഒരുവള്‍ മടുത്തു പോവുക സ്വാഭാവികമാണല്ലോ. വിശേഷിച്ചും അതു തന്‍റെ സമ്മതമോ അഭിലാഷമോ കൂടാതെ ഉണ്ടായതായിരുന്നു എന്നുറപ്പുള്ള ഒരുവള്‍.

സാറായെക്കുറച്ച് താനവളോട് ഒന്നും തന്നെ ചോദിച്ചില്ല എന്നവളോര്‍ത്തു. അവളുടെ നോട്ടത്തില്‍ താന്‍ ഒരുപാടു മാറിയിട്ടുണ്ട് എന്നു തോന്നാം. മാറിയില്ല എന്നു പറയാനാവില്ല. അനന്തനോടുള്ള പ്രശ്നം- തങ്ങളെ തമ്മില്‍ പിരിക്കുവാന്‍ വീട്ടുകാര്‍ പൂട്ടിയിട്ടകാലത്ത് കൂട്ടുകാര വശം കൊടുത്തു വിട്ട കത്തിന് അയാളെന്തു കൊണ്ട് മറുപടി തരുകയോ വീട്ടില്‍ നിന്ന് അവളെ രക്ഷിക്കുവാന്‍ ശ്രമിക്കുകയോ ചെയ്തില്ല എന്നത്- അവള്‍ക്കു മറക്കാനായില്ല. വിവാഹം കഴിഞ്ഞും വേണമെങ്കില്‍ അയാള്‍ക്കു തന്നെ കാണാന്‍ ശ്രമിക്കാമായിരുന്നു- അതൊന്നും അയാള്‍ ചെയ്തില്ല. ജീവനോടെയുള്ളപ്പോള്‍ തന്നെ വഴിയിലുപേക്ഷിച്ച ഒരാളിനോട് അയാളുടെ മരണശേഷം ആദരം പ്രകടിപ്പിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

ആ ചെടികളെ അവളും ഉപേക്ഷിച്ചതതാണ്. അവയെ പരിചരിക്കണമെങ്കില്‍ കൂടിയും ഒരു മാനസിക സ്വാസ്ഥ്യം ആവശ്യമല്ലേ? അവള്‍ കയ്യൊഴിഞ്ഞ് ചെടികള്‍ കുറേയെല്ലാം നശിച്ചു പോകുകയും പലതും വാടിക്കരിയുകയും ചെയ്യുന്നതു കണ്ടിട്ടാണ് രവി അവയെ ഇടയ്ക്കു വന്നു പരിചരിക്കാനും വെള്ളമൊഴിക്കാനുമൊക്കെയായി ഒരാളിനെ നിയോഗിച്ചത്. അയാളാണ് അവയെ വരിയൊപ്പിച്ചു വെട്ടിനിര്‍ത്തിയതും. എന്നിരിക്കിലും ഉള്ളിലേക്കു നടക്കുമ്പോള്‍ അവള്‍ക്കുള്ളിലൊരു ആന്തല്‍ തോന്നി. ആ അന്തവും കുന്തവുമില്ലാത്തവന്‍- അവളുടെ അനന്തന്‍ മരിച്ചു പോയിരിക്കുന്നു!..

അവളുടെ വിവര്‍ണ്ണമായ മുഖം ശ്രദ്ധിച്ചിട്ടാവണം രവി ചോദിച്ചു:

ഹു വാസ് ദാറ്റ്? സം സ്കെലിറ്റന്‍ ഫ്രം യുവര്‍ പാസ്റ്റ്. ഇപ്പോള്‍ എന്തിനിവിടേക്കു വന്നു?
ഐ നോ ഷീ ഹാസ് ഏ ബാഡ് റെപ്യൂട്ട് എറൗണ്ട് ഹിയര്‍. വൈ ടൂ യൂ ഹാങ് എറൗണ്ട് വിത്ത് സച്ച് പ്യൂപ്പിള്‍?

സാറാ..ഒരു പഴയ കൂട്ടുകാരിയാ. ഉച്ചയ്ക്ക് അവളുടെ വീടു വരെ ഒന്നു പോകണം.

നുണ പറയുന്നതില്‍ അവള്‍ക്കു വിഷമം തോന്നിയില്ല. ഏ ഫോള്‍സ് ലൈഫ് ഈസ് ബൗണ്ട് ടു സ്പീക്ക് ഇന്‍ എ ഫോള്‍സ് റ്റങ്. സാറാ നടന്നു മറഞ്ഞ ദിശയിലേക്ക് അവള്‍ പാളി നോക്കി. തന്‍റെ സംസാരം ഇംഗ്ലീഷലാവുമ്പോള്‍ അനന്തന്‍ ചിരിയോടെ പറയാറുണ്ടായിരുന്നത് അവളോര്‍ത്തു:

അല്‍പം കരുണ കാണിക്കു പെണ്ണേ, ഇവനു മനസ്സിലാവാന്‍ തന്നെയാണു പറയുന്നതെങ്കില്‍.

ഇപ്പോഴവള്‍ക്ക് സംസാരിക്കുമ്പോള്‍ ഇംഗ്ലീഷുപയോഗിക്കുന്നതില്‍ ഒരു പ്രശ്നവും തോന്നുന്നില്ല. വിശേഷിച്ചും കുറേക്കാലം വടക്കേയിന്ത്യയലൊക്കെ കഴിഞ്ഞു മടങ്ങി വന്ന ശേഷം. സംസാരിക്കാന്‍ ഒരു ഭാഷ കൂടി. അത്രയൊക്കെയേ അവള്‍ കരുതുന്നുള്ളൂ. ഭാഷകളൊക്കെ ചിലപ്പോള്‍ ഒരേ ശ്രോതസ്സില്‍ നിന്നു വന്നതാവാം. പലതറിയുമ്പോള്‍ ചിലപ്പോള്‍ ആദിമവും സാര്‍വ്വത്രികവുമായ ഒന്നിലേക്ക് അതു വഴി തുറന്നേക്കാം. ഇല്ലെങ്കിലും കുറ്റമില്ല. മറ്റൊരാളെ അറിയാന്‍ ചിലപ്പോഴത് നല്ലതാണ്.

നാളത്തേക്ക് യാത്രയ്ക്കു വേണ്ട പാക്കിങ് ഒക്കെ ചെയ്യ്. ഇന്നേതായാലും വേറെ എവിടേയും പോകേണ്ട...

രവി അല്പം ശബ്ദമുയര്‍ത്തിപ്പറഞ്ഞു.

2.

ജിനദേവന്,

ഞാന്‍ എന്തു കൊണ്ടാണ് മരിക്കാന്‍ തീരുമാനിക്കുന്നതെന്ന് നീ മനസ്സിലാക്കും എന്നാണെന്‍റെ പ്രതീക്ഷ. ജീവതവും മരണവും തമ്മില്‍ ഭേദമൊന്നുമില്ല എന്നു വരുമ്പോള്‍, ചിലപ്പോള്‍ മരണമാണ് കൂടുതല്‍ എളുപ്പം എന്നു തോന്നിയാല്‍ ഒരാളീവഴി പോവുക സാധാരണമല്ലേ? ചലപ്പോഴത് നമ്മളെ പോലെയുള്ളവരെ ജീവക്കാനനുവദിക്കാത്ത ഒരു സമൂഹത്തിനു മുന്നിലുള്ള ഒരു കീഴടങ്ങലാണ് എന്ന് അറിയായ്കയാലല്ല, ഒരുവേള എനിക്കീ യുദ്ധങ്ങളിലുള്ള താല്‍പര്യം നശിച്ചു പോയതിനാലാവാം. മറ്റാരെങ്കിലും ഈ വഴി തെരഞ്ഞെടുക്കണമെന്ന് ഞാന്‍ പറയില്ല. എന്‍റെ അവസ്ഥ എന്നില്‍ നിറയ്ക്കുന്ന കടുത്ത രോഷം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നു തോന്നി. മറ്റൊരാളെ കടന്നാക്രമിക്കുവാന്‍ മനസ്സു വരാത്തതു കൊണ്ട് ഞാനെന്നെത്തന്നെ നശിപ്പിക്കുന്നു എന്നു കരുതിയാല്‍ മതി. അകപ്പെട്ടുപോയ ഒരു മനുഷ്യന്‍ ജീവക്കുന്ന കീഴടങ്ങലിന്‍റെ ജീവിതം ജീവക്കണോ അതോ ഒരു തുരങ്കം തീര്‍ത്തു രക്ഷ നേടണോ എന്നേ ആലോചിക്കാനുള്ളൂ. പല്ലും നഖവും കൊണ്ട് ഞാനിത്രയൊക്കെ തുരന്നു. ഇതിലൊരു രക്ഷയുണ്ടാവുമോ എന്നുറപ്പില്ല താനും. ഈ ഉമ്മ തന്ന് ഞാന്‍ നിന്‍റെ ചുണ്ടുകളെ സ്വതന്ത്രമാക്കുന്നു. ചുറ്റുമുള്ള ഈ നനുത്ത ഇരുട്ടിലേക്കു പിന്മാറുമ്പോള്‍ അതില്‍ ലയിച്ചു ചേര്‍ന്ന് ഇനിയെക്കാലവും നിന്‍റെയടുത്തുണ്ടാവാം എന്നു ഞാന്‍ കരുതി എന്നു വിചാരിക്കണം. സ്നേഹത്തോടെ വിടവാങ്ങുന്നു. സ്വന്തം,

അനന്തന്‍(ഹാ...ഹാ...).

ജിനദേവന് അനന്തന്‍റെ ചിരി തന്‍റെ ഉള്ളില്‍ മുഴങ്ങുന്നതായി തോന്നി.. ജീവിക്കാനുറച്ച ഒരു മനുഷ്യന്‍ എന്തു കൊണ്ടാണ് മരണം തിരഞ്ഞെടുത്തതെന്ന് അവന്‍ കുഴങ്ങി. അതും മറ്റുള്ളവരെക്കൂടിയും ജീവിക്കാന്‍ പ്രേരിപ്പിച്ചരുന്ന ഒരാള്‍. ലോകത്തിന്‍റെ ഗതി എത്ര വചിത്രമാണ്. ചിലപ്പോള്‍ നമ്മളേറ്റവും ശക്തിയോടെ ഏതിനെ അകറ്റുവാന്‍ ശ്രമിക്കുന്നുവോ അതാവും നമ്മെ വിഴുങ്ങുക. പിടിതരാത്ത ഒരു ജീവിതം മരണത്തിനപ്പുറമുണ്ടോ? തങ്ങള്‍ക്കിടയിലെ കാര്യങ്ങളിങ്ങനെ അവസാനിപ്പിക്കുമ്പോള്‍ താനിനി എന്തു ചെയ്യണം
R.B.KITAJ

എന്നാവും അനന്തേട്ടന്‍ കരുതിയിട്ടുണ്ടാവുക? എപ്പോഴുമെന്ന പോലെ മറ്റൊരാളുടെ ജീവിതം അയാളുടെ തന്നെ തീരുമാനങ്ങള്‍ക്കു വിടുകയാണയാള്‍ ഇപ്പോഴും ചെയ്തത്. ഒന്നും പറഞ്ഞു വെക്കാതെ തന്നെ. കയ്യിലിരിക്കുന്ന കത്തിലെ അക്ഷരങ്ങളുടെ കുരുത്തക്കേട് അവനു നേരിയ തലചുറ്റലുണ്ടാക്കി. മരണത്തെക്കുറിച്ച് അനന്തന്‍ പറഞ്ഞപ്പോഴൊന്നും അവനതു കാര്യമായെടുത്തിരുന്നില്ല. മുറ്റത്തു വലിച്ചു കെട്ടിയിരുന്ന ടാര്‍പോളിനടിയിലരുന്ന അവന്‍റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.

ജിനദേവന് വലിയ ഷോക്കായി പോയി.

പന്തലിനു പുറത്ത് മരച്ചുവട്ടില്‍ കൂടിനിന്നവരിലാരോ പരിഹാസസ്വരത്തില്‍ പറഞ്ഞു.

ഞെട്ടാതിരക്കുന്നതെങ്ങനാ? അത്രയ്ക്കങ്ങടുത്തു പോയില്ലേ?

ജിനദേവന് ചിരി വന്നു. അവന്‍ മെല്ലെയെണീറ്റ് കട്ടിലില്‍ അനന്തന്‍റെ ശരീരം വെച്ചിരുന്ന ശവപ്പെട്ടിയുടെ നേര്‍ക്കു കുനിഞ്ഞു, ആ മുഖം തന്നെ വിളിക്കുന്നതായി അവനു തോന്നി. അവന്‍ മെല്ലെ കുനിഞ്ഞ് ആ ചുണ്ടുകളില്‍ സ്നേഹപൂര്‍വ്വം ചുംബിച്ചിട്ട് പുറത്തേക്കു നടന്നു. ആളുകള്‍ സ്തബ്ദ്ധരായി അവനെ നോക്കി. മതിലിനു പുറത്തിറങ്ങി അവനൊരു സിഗരറ്റിനു തീ കൊടുത്തു.

ഹി വാസ് എ വെരി ബ്രൈറ്റ് ചാപ്. ഐ തോട്ട് ഹി വുഡ് മേക്ക് ഇറ്റ് ടു ദ ടോപ്. ബട്ട് ദസ് ക്രൗഡ് വുഡ്ന്‍റ് അലൗ ഹിം.

ഓട്ട് ടുബി അഷേംഡ് ഫോര്‍ ദിസ്. ലുക് അറ്റ് ദെം!

ഒബ്വ്യസ്ലി!

പറമ്പില്‍ കൂടിനിന്നരുന്ന അവന്‍റെ പഴയ സഹപാഠികള്‍ തമ്മില്‍ പറഞ്ഞു.

അനന്തന്‍റെ കുഴപ്പം അവനൊരു ആര്‍ക്കിടൈപ്പല്‍ റിബലായിരുന്നു എന്നതാണ്. അതാണീ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.

അവന്‍റെ സഹപാഠിയായിരുന്ന മായാറാം അടുത്തു നിന്ന ആളിനോടായി അടക്കം പറഞ്ഞു. തന്‍റെ പണമോ പദവിയോ വകവെക്കാത്ത ഒരാളനോടുള്ള അയാലുടെ ഈര്‍ഷ്യ ആ വാക്കുകളില്‍ പ്രകടമായിരുന്നു. ഒടുവില്‍ താന്‍ തന്നെയാണു ജയിച്ചത് എന്ന സമാധാനവും. ജീവനോടെയുള്ളപ്പോള്‍ തന്‍റെ നേരെ സഹതാപം പൊഴിക്കാന്‍ അനന്തന്‍ ആരേയും അനുവദിച്ചിരുന്നില്ലല്ലോ.

ഇത്രയേറെ മായമായാല്‍ കൊള്ളില്ല, അല്ലേ? മായം കൂടിയവന്‍ മാന്യനാവും എന്നാ അനന്തേട്ടന്‍ പറയാറ്.

ജിനദേവന്‍ അലക്ഷ്യമായി ആരോടെന്നില്ലാതെ പറഞ്ഞു. സാറാ ദൂരെ നിന്നും വരുന്നതു കണ്ടപ്പോള്‍ അവന്‍ ആ ദിശയലേക്കു നടന്നു.

നീയെന്താ ജിനാ ആലോചിക്കുന്നത്.

അവനടുത്തെത്തിയപ്പോള്‍ സാറാ ചോദിച്ചു.

താരാ.സി വരുമോ?

ആ... അറിഞ്ഞു കൂടാ. ഞാനവിടെ പോയി വിവരം പറഞ്ഞിട്ടു പോന്നു. വരാന്‍ പറ്റുന്നെങ്കില്‍ വരട്ടെ.

സലാമിക്ക അവര്‍ നിന്നിടത്തേക്കു വന്നു. അയാള്‍ രാവിലെ മുതല്‍ നല്ല ലഹരിയിലായിരുന്നു. അടുത്തു വന്ന് ജിനദേവനെ ചുറ്റിപ്പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു:

അന്നെ കാണാന്‍ തന്നെയില്ലല്ലോ ഹിമാറേ... എവിടാ ജ്ജിപ്പോ?

ഞാനീടെയൊക്കെത്തന്നേണ്ടെന്‍റെ സലാമിക്കാ. ങ്ങളീ ബയ്ക്കെങ്ങും ബരാത്തതെന്‍റെ കുറ്റാ ഇപ്പം?

സാറായുടെ കണ്ണു നനഞ്ഞു.

ഞങ്ങളൊക്കെ ഇബ്ടെത്തന്നേണ്ടെന്‍റെ സലാമിക്കാ.

സലാമിക്കാ ആടിയാടി നടന്നകന്നു.

ഹൊറിബിള്‍ ക്രൗഡ്! ഇക്കൂട്ടരാണ് അയാളെ നശിപ്പിച്ചത്. ഐ തിങ്ക് ദേയ് ഷുഡ് ബി ഹെല്‍ഡ് റെസ്പോണ്‍സിബിള്‍ ഫോര്‍ ഓള്‍ ദാറ്റ് ഹാപ്പന്‍ഡ് ടു ഹിം.

മായാറാം വീണ്ടും തന്‍റെ നാവു കണ്ടെത്തിയിട്ടെന്നോണം പറഞ്ഞു. അയാളുടെ വെറുപ്പ് പ്രകടമായിരുന്നു.

ഒരിടത്തു ജനനം...ഒരിടത്തു മരണം... ചുമലില്‍ ജീവിത ഭാരം...

സലാമിക്ക നടന്നു മറഞ്ഞ ദിക്കില്‍ നിന്ന് ഒരു പാട്ട് ഒഴുകിവന്നു. മുറ്റത്ത് കട്ടിലില്‍ വെച്ചിരുന്ന ജഡത്തിനു നേര്‍ക്ക് സാറാ സൂക്ഷിച്ചു നോക്കി. ഒരിക്കലും പൗഡര്‍ പൂശി കണ്ടിട്ടില്ലാത്ത ആ മുഖത്ത് മരണം ഒരു നാടകം കളിക്കുന്നതായവള്‍ക്കു തോന്നി. കുളിപ്പിച്ചു കിടത്തിയിരുന്ന ആ ജഡം അതില്‍ പൂശിയിരുന്ന അത്തറും പൗഡറുമൊക്കെക്കൊണ്ട് ലോകത്തെ പരിഹസിക്കുന്നതു പോലെ. അവള്‍ ജിനദേവനടുത്ത് ഒരു കസാല കണ്ടെത്തി അതിലിരുന്നു. ഭ്രാന്തിളകിയതായി ആരോപിച്ച് ആരോ വന്ന് അനന്തനെ പിടിച്ച് ഭ്രാന്താശുപത്രിയിലടച്ചതും മാസങ്ങളോളം അയാളകത്തായതും അയാളെ പുറത്തിറക്കാന്‍ നടന്ന ശ്രമങ്ങളും അവളോര്‍ത്തു. അതിനു ശേഷമാണ് അവര്‍ കൂടുതല്‍ അടുത്തത്.

എനിക്കു ഭ്രാന്തുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മരുന്നും മനുഷ്യരും എന്നെ മയക്കാനും അടിപ്പെടുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും. എന്താണ് സംഭവച്ചതെന്ന് വ്യക്തമാക്കാന്‍ എനിക്കും കഴിവില്ലെങ്കിലും.

അയാളൊരിക്കല്‍ സാറായോടു പറഞ്ഞു. എന്താവും അയാളങ്ങിനെ പറഞ്ഞത്?. അവള്‍ക്കു ചിന്തിച്ചട്ടു മറുപടി കിട്ടിയില്ല.

ശാസ്ത്രവും വൈദ്യശാസ്ത്രവുമെല്ലാം ഉള്‍പ്പെട്ട ഒരു വലിയ നുണയാണത്. ചിലപ്പോള്‍ അതിനപ്പുറം പറയാന്‍ എനിക്കുമറിയില്ല. അധികം വൈകാതെ സത്യം പുറത്തുവരും എന്നെനിക്കുറപ്പാണ്.

അയാള്‍ തുടര്‍ന്നു.

എസ്.ഐ വിളിക്കുന്നു..

ഒരു പോലീസുകാരന്‍ അടുത്തു വന്ന് ജിനദേവനോടു പറഞ്ഞു.അവന്‍ പോകാനായി എഴുന്നേറ്റു. അനന്തന്‍റെ കത്ത് അവിടെയുണ്ടോ എന്നറിയാന്‍ അവന്‍ കീശയില്‍ തൊട്ടുനോക്കി. ഒരീച്ച പറന്നു വന്ന് അനന്തന്‍റെ മുഖത്തിരിക്കുന്നത് അവന്‍ കണ്ടു.

3.

നീയെന്താണ് ഇങ്ങനെയൊക്കെ എഴുതുന്നത്, അനന്താ? ആണുങ്ങള്‍ തമ്മിലുള്ള പ്രേമബന്ധത്തെക്കുറിച്ചൊക്കെ- ആളുകള്‍ നിന്നെ പരിഹസിക്കില്ലേ? പെണ്ണുങ്ങളൊക്കെ ഓടിയകലും നിന്നെ കണ്ടാല്‍. ആണുങ്ങളും ആക്രമിക്കാതിരക്കില്ല.

ഉവ്വ്. അതുണ്ടാവും. പക്ഷേ അതല്ലാതെ ഇത്തരം കാര്യങ്ങളൊന്നു വിളിച്ചുപറയാനെന്താ വഴി? ആണുങ്ങളായാലും പെണ്ണുങ്ങളായലും തമ്മില്‍ മത്സരബുദ്ധിയും വൈരാഗ്യവുമായി കഴിയുന്നതിലും നല്ലത് അവരും കുറച്ചൊരു പ്രേമത്തോടെ യോജിച്ചു പോകുന്നതാ. അല്ലേ? ചിലരൊക്കെ അതു വലിയ തെറ്റായി കരുതും. രാഷ്ട്രീയക്കാരങ്ങിനാ. പരസ്പര വിദ്വേഷവും കൊലപാതകങ്ങളുമൊക്കെ അവര്‍ക്കു പഥ്യമായി തോന്നും. ജനോസൈഡു പോലും പ്രശ്നമായി കരുതാത്തവര്‍ക്ക് പരസ്പര സ്നേഹം ഒരു കുറ്റകൃത്യമാണെന്നും. അവരാണു നമ്മളെയൊക്കെ മിക്കവാറും ഭരിക്കുന്നതും പഠിപ്പിക്കുന്നതും.. എന്തു ചെയ്യാം!..

അനന്തന്‍റെ മറുപടി അവളെ കുറച്ചൊന്നു കുഴക്കി. അയാളും ജിനദേവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവള്‍ക്കു സംശയം തോന്നിയിരുന്നു.

നമ്മളങ്ങനെ ചിലപ്പോള്‍ നഷ്ടപ്പെട്ട സൗഹൃദങ്ങളുടെ കണക്കെടുപ്പു നടത്തി നോക്കും. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഇടപാടിനിടെ അധികപ്പറ്റായി പോകുന്ന ഒരുപാടു ബന്ധങ്ങള്‍. ചിലപ്പോള്‍ നമ്മളീ അതിരിനു വെളിയിലാണ്. ചിലപ്പോള്‍ അകത്തും. എങ്ങിനെയായാലും ഇതൊരു നഷ്ടമായി തന്നെയാണ് എനിക്കു തോന്നാറ്. ഓരോ വ്യക്തിയുടേയും അനന്യത നമുക്കംഗീകരിക്കാം. പക്ഷേ ഒരാളിനു വേണ്ടി മറ്റുള്ളവരെയെല്ലാം ഉപേക്ഷിക്കുവാനാവശ്യപ്പെടുന്ന ഒരു ക്രമീകരണത്തെ എങ്ങിനെ ന്യായീകരിക്കും? സ്നേഹത്തെപ്പോലും ശരിയും തെറ്റുമായിത്തിരിച്ച് നമ്മള്‍ നശിപ്പിച്ചു കളയും. ലോകം മുഴുവന്‍ സ്നേഹത്തെക്കുറിച്ചു പ്രഭാഷണം നടത്തി നടക്കുന്നവന്‍ വന്ന് സ്നേഹിച്ച കുറ്റത്തിന് സ്വന്തം മകളെ അടച്ചു പൂട്ടിയിടും. അല്ലേ?

അവള്‍ക്കു ചിരി വന്നു.

ഏതു കാര്യവും നീ പറഞ്ഞു വരുമ്പോള്‍ ഇങ്ങനെ മറിഞ്ഞു വരും. ആ... അതെനിക്കും നല്ലതു തന്നെ. അല്ലെങ്കില്‍ എനിക്കെവിടെ ഇടം കിട്ടാന്‍? എനിക്കു കാണാന്‍ പറ്റിയ സുഹൃത്തുക്കള്‍ തന്നെ കഷ്ടി.

അന്ന് അനന്തനെ പിരിയുമ്പോള്‍ അവള്‍ക്കു സന്തോഷം തോന്നി. പോംവഴിയില്ലാതെ അകപ്പെട്ടു പോയി എന്നു താന്‍ കരുതിയ ജീവതത്തില്‍ തീര്‍ത്തും പ്രതീക്ഷിക്കാതെ ചില വഴികള്‍ തുറന്നുകിട്ടിയതിന്‍റെ സന്തോഷം.

4.

ഇരുവശവും തണല്‍മരങ്ങള്‍ വെച്ചുപിടപ്പിച്ച താറിട്ട വഴിയിലൂടെ സാറാ നടന്നു. പിന്നില്‍ നിന്നു സൈക്കിളിന്‍റെ മണിയടികേട്ടപ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി. ജിനദേവനാണോ?
സൈക്കിളില്‍ ജിനദേവനായിരുന്നില്ല.പാല്‍ക്കാരന്‍ ഒരു വീടന്‍റെ വാതില്‍ക്കല്‍ സൈക്കിള്‍ നിര്‍ത്തി ബെല്ലടിച്ചു കൊണ്ടിരുന്നു. അവള്‍ ജിനദേവനെക്കുറിച്ചോര്‍ത്തു. കവാഫിയുടെ ഒരു കവതയലെന്നോണം മനോഹരമായി അവന്‍റെ രൂപം സാറായുടെ മനസ്സില്‍ തെളിഞ്ഞു. എണ്ണക്കറുപ്പുള്ള ചുരുളന്‍ മുടി. മെല്ലിച്ച ഉടല്‍. തുടുത്തു ചുവന്ന ചുണ്ടിനു മീതെ പൊടിയ്ക്കുന്ന നനുത്ത കറുപ്പു രോമങ്ങള്‍. ചടുലമായ കണ്ണുകള്‍. അല്പം ഇരുണ്ട തവിട്ടുനറം. ആ അഴക് ആരെയാണ് ആകര്‍ഷിക്കാതിരിക്കുക? സംസാരം നന്നേ കുറവായിരിക്കുന്നതിന്‍റെ കുറവ് മിക്കവാറും ആ കണ്ണുകളാണു നികത്തുക. അനന്തനോടൊപ്പം ചേരുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ കാണാവുന്ന തിളക്കം മതി അവരുടെ അടുപ്പം തിരിച്ചറിയാന്‍.

ഒരു വണ്ടി എതിരേ വരുന്നതുകണ്ട് അവളല്‍പം ഒതുങ്ങി നടന്നു. കാര്‍ കടന്നു പോയപ്പോള്‍ അതിലിരുന്ന് അവളുടെ പഴയ സ്നേഹിത ലേഖ കൈവീശി. അവളിപ്പോള്‍ എവിടെയാണോ ആവോ? കണ്ടിട്ടു തന്നെ വളരെ നാളായി. ചിലരുടെ കണ്ണില്‍ താനല്പം മോശക്കാരിയായാണ് കാണപ്പെടുക എന്ന് സാറായ്ക്കറിയാം. സ്വന്തം ഇഷ്ടപ്രകാരം വിവാഹബന്ധം വേര്‍പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീ. അനിവാര്യമായും സ്വന്തം ആവശ്യങ്ങള്‍ക്കായി അല്പമൊന്ന് അലയുവാന്‍ വിധിക്കപ്പെട്ടവള്‍. കുറേയെല്ലാം സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നവള്‍. പഴയ കൂട്ടുകാരികളുടെ പോലും സൗഹൃദം നഷ്ടമായപ്പോഴാണ് അവള്‍ക്കു കുടുംബം ഉണ്ടാക്കുന്ന കെണി ബോദ്ധ്യമായ സംസാരം ആ കാഴ്ചയെ ഒന്നു കൂടി ഉറപ്പിച്ചു. തുറന്നുനില്‍ക്കുന്ന ഒരു സ്ത്രീയെ ലൈംഗികത മാത്രമായി സങ്കല്‍പിക്കുന്നതാണു പതിവ്. അതുണ്ടു താനും. ആഗ്രഹങ്ങള്‍ തീര്‍ത്തും കൈവിടുന്ന ഒരാള്‍ക്കു പിന്നെ ലോകത്ത് അചരവസ്തുക്കളോടൊപ്പമാണു നില. സത്യത്തില്‍ പദാര്‍ത്ഥത്തിനു പോലും ആദിമമായുള്ളത് ആ പരസ്പരാകര്‍ഷമല്ലേ? അനന്തനും ജിനദേവനും സലാമിക്കയുമൊക്കെയായി കൂട്ടുചേര്‍ന്നപ്പോഴാണ് അവള്‍ക്കു കുറച്ചൊന്നു നില്ക്കാമെന്ന നില വന്നത്.

വഴിയിലേക്ക്  ഒരു പന്തുരുണ്ടു വന്നു. അതിനു പിന്നാലെ ഗേറ്റു തുറന്ന് ഒരു കൊച്ചു പെണ്‍കുട്ടിയും. ഇരുവശത്തേക്കും നോക്കിയിട്ട് പന്തുമെടുത്ത് അവള്‍ ഉള്ളിലേക്കു കയറിപ്പോയി. പാതിതുറന്ന ഗേറ്റിലൂടെ അവളൊരു ചെറിയപട്ടി ഉള്ളില്‍ നില്‍ക്കുന്നതു കണ്ടു. കുട്ടി പന്തു തട്ടി അതിന്‍റെ മുന്നിലേക്കിട്ടു.  അവള്‍ മുന്നോട്ടു നടന്നു.

മനുഷ്യരങ്ങിനെയാണ്, തങ്ങള്‍ക്കിടയിലുള്ള അടിമത്തത്തെ ഒഴിവാക്കാന്‍ പോലും എത്ര കാലമെടുത്തു. പിന്നെയല്ലേ മൃഗങ്ങളുടേയും സസ്യങ്ങളുടേയും പക്ഷികളുടേയുമൊക്കെ കാര്യം!. മനുഷ്യരോടൊരടുപ്പം കാട്ടിയിരുന്ന ഒട്ടുമിക്കവാറും ജീവികളെ അവര്‍ തടവുകാരായി പടിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അവയെ സംരക്ഷിക്കുന്നുവെന്ന് മേനി നടിച്ചു.  ഏതു ജീവിയും അടിസ്ഥാനപരമായി ഭക്ഷണത്തിനായി മറ്റു ജീവികളെ കൊന്നുതിന്നാറുണ്ട്. സസ്യമായാലും മൃഗമായാലും.. ജീവനില്ലാത്തതൊന്നും ഭക്ഷ്യയോഗ്യമായി തീരുന്നുമില്ല. എങ്കിലും ഈ പരസ്പരാശ്രിതത്വത്തെ തികഞ്ഞ അടിമത്തമായി മാറ്റാനല്ലാതെ തന്നോടടുപ്പമുള്ള ഒരു ജീവിക്കും അതിന്‍റെ ജീവിത കാലത്ത് സ്വാതന്ത്ര്യം ആവശ്യമാണ് എന്നുപോലും നമ്മള്‍ക്കു കരുതാന്‍ കഴയുന്നില്ല. സ്വന്തം സ്വാതന്ത്ര്യത്തെ പ്രമാണമാക്കുന്നവര്‍ക്കും സഹജീവികളുടെ സ്വതന്ത്ര ജീവിതം ഒരു പ്രഹേളിക മാത്രമായാല്‍ മതിയോ? നാട്ടുജീവിതത്തില്‍ അവയ്ക്കും താരതമ്യേന സ്വതന്ത്രമായ ഒരു ജീവതമെങ്കിലും ഉറപ്പുവരുത്താന്‍ എന്താ വഴി? അവളുടെ ആലോചന ശരിക്കും കാടുകയറി.

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ എല്ലാവര്‍ക്കും ഒരായുസ്സുണ്ട്. പക്ഷേ അതു നേരെ ചൊവ്വേ ജീവിക്കാന്‍ മെനക്കെടാത്ത ആളുകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ധാരാളം ശുപാര്‍ശകളുമായി ഇറങ്ങും. അവരുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും കൂടി റദ്ദു ചെയ്തെടുത്താല്‍ എല്ലാവരും തുല്യരായി എന്ന മട്ടില്‍. താരാ.സിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അവള്‍ക്ക് അരിശം തോന്നി. ഇല്ലാതായ സ്വാതന്ത്ര്യത്തിന്‍റെ പലിശയായിപ്പോയോ ആ ജീവിതം. മുതല്‍ നഷ്ടപ്പെട്ട് തിരിച്ചടവുകള്‍ മാത്രമായി അതു പരിമിതപ്പെട്ടതിന് ആരാണുത്തരവാദി? ഭര്‍ത്താവിനെയായാലും ഭയപ്പെട്ടു കഴിയുന്നതെന്തിന്? പ്രേമത്തിന്‍റെ കഴുത്തു ഞെരിക്കുന്ന കുടുംബത്തെ എന്തു ചെയ്യണം? ത്ഫൂ.....അവള്‍ കാറിത്തുപ്പി. കുലീനത പോലെ കെട്ട മറ്റൊരവസ്ഥയുണ്ടോ? അതുണ്ടാക്കുന്ന കെട്ടുകള്‍, കാപട്യങ്ങള്‍!

അവളുടെ വിവാഹത്തിനു മുന്‍പ് ഒരു ദിവസം താരാ.സിയുടെ വീട്ടിലേക്കു ചെന്നപ്പോള്‍ കണ്ട കാഴ്ച സാറാ ഓര്‍ത്തു. വവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദം അവളുടെ മേല്‍ ഏറി വന്ന കാലമായിരുന്നു അത്. കോളേജിലെ പഠിപ്പ് നിര്‍ബ്ബന്ധപൂര്‍വ്വം നിര്‍ത്തിച്ച് വീട്ടുകാര്‍ അവളെ മുറിയില്‍ പൂട്ടിയിട്ടു. ഒരു ദിവസം അവളെ കാണാനായി ചെന്നപ്പോള്‍ വാതില്‍ പൂട്ടപ്പെട്ടു കിടന്നു. സിതാരയുടെ മുറിയില്‍ ആള്‍പെരുമാറ്റം കേട്ട് ജനാലയിലൂടെ ഉള്ളിലേക്കു പാളിനോക്കിയ അവള്‍ കണ്ടത് മുറിയിലിരുന്ന അക്വേറിയം കമഴ്ത്തിയിട്ട് വെള്ളമൊഴുക്കിക്കളഞ്ഞ് നിലത്തുകിടന്നു പിടയ്ക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു ആ കൂട്ടുകാരി. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. സാറാ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. അനന്തനു നല്‍കിയ കത്ത് അവളുടെ ബന്ധുക്കള്‍ പിടിച്ചു വാങ്ങിയ വിവരം കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല താരാ.സി.

അവളുടെ വിവാഹസമയത്ത് അനന്തനെ കാണാന്‍ മനോരോഗകേന്ദ്രത്തിലെത്തിയ സാറായെ ഡോക്ടര്‍മാര്‍ അതിനനുവദിച്ചതുമില്ല. ആര്‍ഭാടമായി നടത്തപ്പെട്ട ആ വിവാഹത്തില്‍ വധുവായി താരാ.സി നനഞ്ഞ കണ്ണുകളോടെ മുഖംതാഴ്ത്തി പങ്കെടുത്തത് അവളോര്‍ത്തു. അവളുടെ യാന്ത്രികമായ ചലനങ്ങളെ പഞ്ചവാദ്യത്തിന്‍റെ സ്വരം മുക്കിത്താഴ്ത്തി.

ജിനദേവന്‍റെ വീടിന്‍റെ ഗേറ്റുതള്ളിത്തുറന്ന് ഉള്ളിലേക്കു കടന്ന അവളെ മുറ്റം നിറഞ്ഞു വളര്‍ന്ന പുല്‍ നാമ്പുകളാണ് സ്വാഗതം ചെയ്തത്.

ജിനാ...അവള്‍ വിളിച്ചു. അവന്‍റെ തല ജനലിനു പിന്നില്‍ പ്രത്യക്ഷപ്പെട്ടു.

ആ....ചേച്ചിയോ?

അവന്‍ വന്ന് വാതില്‍ തുറന്നു. അവളകത്തു കടന്നപ്പോള്‍ അവന്‍ മെല്ലെ വാതില്‍ ചാരി.
അവന്‍റെ മുഖം പരിക്ഷീണവും ചുരുണ്ടമുടി അലങ്കോലപ്പെട്ടും കിടന്നു.

നിനക്കെന്തു പറ്റി, മോനേ? അവള്‍ ആ മുടിയലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു. അവന്‍റെ മുഖത്തു പൊടിഞ്ഞു തുടങ്ങിയ രോമങ്ങള്‍ അവളുടെ കയ്യെ ഇക്കിളിപ്പെടുത്തി. അവള്‍ കട്ടിലിലിരുന്നു.

സലാമിക്ക വരാമെന്നു പറഞ്ഞിരുന്നു. ഇത്ര നേരമായിട്ടും കണ്ടില്ല.

അവന്‍റെ കണ്ണുകള്‍ക്കു കീഴില്‍ ഉറക്കമിളച്ചതിന്‍റെ പാടുണ്ടായിരുന്നു. ജിനന്‍ അവളുടെ അടുത്തിരുന്നു. സാറാ ആ മുഖം മെല്ലെ മാറോടടുപ്പിച്ചു. അവന്‍ അവളുടെ ഹൃദയമിടപ്പു ശ്രദ്ധിച്ചുകൊണ്ട് കുറേനേരം ആ നിലയിലിരുന്നു. അവളുടെ ശ്വാസം വേഗത്തലായി. വിരലുകള്‍ മെല്ലെ വിറച്ചു. പിന്നെ മെല്ലെയുയര്‍ന്ന് ആ ചുണ്ടുകളില്‍ ആര്‍ത്തിയോടെ ചുംബിച്ചു. അവന്‍ വരച്ച് ഭിത്തിയില്‍ ചില്ലിട്ടു വെച്ചിരുന്ന ചിത്രത്തിലരുന്ന് അനന്തന്‍ അവരുടെ നേരേ ചിരിതൂകുന്നതായി അവള്‍ക്കു തോന്നി. മരണത്തെ വെല്ലുന്ന ഒരു തിളക്കം ആ കണ്ണുകളിലുണ്ടായിരുന്നു.

 








0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home