ഉലകംകൊത്തും മരം/ മരം കൊത്തുമുലകം
ഉലകംകൊത്തും മരം/ മരം കൊത്തുമുലകം
ബിനോയ് പി. ജെ
മരംകൊത്തിയുടെ മുട്ടിവിളികേട്ട്
തുറന്നവാതിലിലൂടെ
അയാള്‍ അകത്തേക്കുപോയി
ആരു പാകിയ പാതിരായെന്നു കേട്ടിരുന്നിടത്ത്
ഓരോ വസ്തുവും അതിന്റെതന്നെ
വെളിച്ചത്തെ കുഴിച്ചെടുക്കുന്നതായി കണ്ടു.
ഒരു തെങ്ങിന്‍കുറ്റി
അയാളും കുഴിച്ചെടുത്തു
കായലിന്റേയും കരിനിലത്തിന്റേയും
തിരയിളക്കങ്ങളുള്ള ഒന്ന്.
അതില്‍ ചെവിചേര്‍ത്ത്
അയാള്‍ മരംകൊത്തിയേയും
കായലും കണ്ടു.
ഓടിപ്പോയ ഒരണ്ണാനിന്റെ
വാല്‍ ആ തടിയില്‍ വരച്ചിട്ട
പുളകത്തെ ഓര്‍ത്തെടുത്തു.
ആ രോമങ്ങളെ പകര്‍ത്താവുന്ന ഉളികള്‍വേണം,
പണ്ഡിതന്റെ ലക്ഷണശാസ്ത്രങ്ങളെ
നിരന്തരം പരീക്ഷിക്കുന്ന
പൂവരശിന്റെ ഒരില തടിയില്‍ ഓര്‍ത്തെടുക്കുവാന്‍.
ഒരു നാള്‍ തെങ്ങിന്‍ തോപ്പിലെ ചാലില്‍ നിന്നും
പൊക്കിയെടുത്ത പഴയ മരംകൊണ്ടുള്ള വിതാറ്റി
വെയിലേറ്റു പൊടിഞ്ഞുപോയതോര്‍മ്മിക്കുന്ന
ഒരാളുടെ കണ്ണുകളോടെ,
ഞരമ്പുകളോളം എത്തിച്ചേര്‍ന്ന
ഒഴുക്കുകളില്‍ നിന്ന് പകര്‍ത്തണം
ചൊറിയണത്തോളം സ്പര്‍ശത്തെ ത്വരിപ്പിക്കണം
ചുട്ട ഉണക്കമീനിനോലം മൂക്കിനെ.
നിലക്കണ്ണാടികള്‍ക്കിടയില്‍ നഷ്ടമായതു
തിരികെനെടുവാനായി
കുമ്പിളിന്റെ കാതലിലൂടെ ഒരിടനാഴിതീര്‍ത്തു.
മിന്നലോളം സുിശ്ചിതമായിരുന്ന
കൊട്ടുവടിയുടെ മൂളല്‍
സ്വപ്ങ്ങളുടെ ഇളകിയാട്ടത്തിനു കണിശതനല്‍കി.
മെതികളങ്ങളില്‍ നീന്നുയര്‍ന്ന കറുത്തകാറ്റ്
പേശികളെ നിറച്ചു
വിയര്‍പ്പുചാലുകളില്‍ നീന്ന് കിളികള്‍ പറന്നുയര്‍ന്നു
അവയ്ക്കൊപ്പമയാളും
ചിറകില്ലാതെതന്നെ പറന്നും
ഉരുളും നൂല്‍പന്തായും
പാമ്പായും ചെറുചുഴലിയായും
ചുരംകടന്നു.
മലകളുടെ വിളയാടലില്‍ അയാള്‍ വീണ്ടും തന്നെ കണ്ടു
മണ്ണിനായി തിരയുന്ന കണ്ണുകളും തഴമ്പിച്ച ഓര്‍മ്മകളുമുള്ള ഒരുവളില്‍.
മാനിന്റെ കുതിപ്പുകള്‍
വേട്ടക്കാരുടെ സ്മരണികകളാവുന്നത്
അനുദിനം കാണാവുന്ന ഒരിടത്ത്
സ്ഥലകാലങ്ങള്‍ അയാളെയും പുതുക്കിപ്പണിതു.
രക്തധമനികളുള്ള ഒരു മുടിനാര്
ആ വിരലില്‍ ചുറ്റി,
ചുരത്തിത്തുടങ്ങിയ വിരലുകളിലൂടെ
മരംകൊത്തി തലയെടുത്തു നോക്കി
തൂവലുകള്‍, മുനയന്‍ കൊക്ക്,
ചേലുള്ള പൂവ്.
കശക്കിയിട്ടചീട്ടുകളില്‍ നീന്ന്
ഇരട്ടത്തലയുള്ള ഒരു രൂപം
നഗരരാജനു മീതെ ആദിവാസിയുടെ
തെളി കണ്ണ്
അവനും മീതെ ചിലയ്ക്കുന്ന അണ്ണാന്‍.
ഗ്രാമീണന്റെ വീടുതുളച്ച്
ആന്റിന വേരാഴ്ത്തുന്നതും
കിളിവാതിലിപ്പുറം
ഹെല്‍മെറ്റുവെച്ച തലനീളുന്നതും
പുരികങ്ങള്‍ക്കിടയിലെ ഉഴവുചാലുകളില്‍
എങ്ങുമെത്താത്ത കോപം ചാടിക്കളിക്കുന്നതും
നീ കണ്ടു.
കുതറിച്ചാടുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ
കീഴടക്കുവാന്‍ വെമ്പുന്നവരുടെ പടകളൊരുങ്ങുന്നതും
അയവില്ലാത്ത വാതിലുകളില്‍ ഒരേ നില്പ് തുടരുന്നവരുടെ
നിര കൂടുതല്‍ നീണ്ടുവരുന്നതും, ഒക്കെ.
വട്ടിപ്പലിശക്കാരുടെ വരവിനു മറഞ്ഞുനിക്കുന്ന
ഒരുവന്റെ ജിജ്ഞാസയോടെ പോംവഴികള്‍ തിരയുന്ന
ഒരു മുഹൂര്‍ത്തത്തില്‍
നിറഞ്ഞകൈത്തോടിനോടൊപ്പം
കിളിരം കൂടിയ തെങ്ങിനൊപ്പം
പെട്ടെന്നു പൊങ്ങിവന്ന അപരിചിതമായ പുല്ലിനൊപ്പം
നീയുണ്ട്,
വെള്ളത്തിലൊന്നിച്ചുനീങ്ങുന്ന താറാക്കൂട്ടത്തിന്റെ നിഴല്‍പറ്റി
അവരുയര്‍ത്തുന്ന അജ്ഞാതജ്യാമിതികളിലേക്കു കണ്ണെറിഞ്ഞ്.