നിശ്ശബ്ദത
നിശ്ശബ്ദത
എത്ര നിലകളുള്ളതാണീ നിശബ്ദത
എങ്ങുനിന്നെന്നറിയാതെ വന്നെത്തിയ തണുപ്പ്
രാത്രിയിലേക്കു നീട്ടിയെറിയപ്പെട്ട നനഞ്ഞ തൂവാല
മുറിയില്‍കൂടുകൂട്ടിയ കടുന്നലിന്റെ മൂളല്‍
ഇടര്‍ച്ചയില്ലാത്ത ചുമ
നൂറുവട്ടം മടക്കിവെച്ചിട്ടും വീണ്ടും നിവര്‍ത്തിയ പുസ്തകം
നിന്നിടത്തുനിന്ന് വട്ടംചുറ്റുന്ന സമയം
പങ്കയുടെ താളത്തില്‍ ചുവടുവെയ്ക്കുന്ന കര്‍ട്ടനുകള്‍
എിക്കായി നഷ്ടപ്പെടുത്തപ്പെട്ട കുഞ്ഞുചെരുപ്പ്
കഴിക്കാനാളില്ലാതെ ബാക്കിവെയ്ക്കപ്പെട്ട മാംസം-
എത്ര നിലകളുള്ളതാണീ നിശബ്ദത?
എത്ര നിലകളുള്ളതാണീ നീശ്ശബ്ദത?
മുറിയിലകപ്പെട്ട ഈ മഴമേഘം
മായാതിരിക്കുമോ?
വിളിച്ചുകഴിഞ്ഞ് ഏറെനേരമായിട്ടും ചെവിയോടുചേര്‍ന്നിരിക്കുന്ന മൊബൈല്‍ ഫോണില്‍
മറ്റൊരുകോള്‍ മുഴങ്ങിയിട്ടെന്നോണം ഞെട്ടുന്ന നിങ്ങളുടെ മുന്നില്‍
അതു നിലംപൊത്തുമോ?
ഭിത്തിയിലിരിക്കുന്ന പല്ലി എന്തെങ്കിലും ഉപദേശിച്ചേക്കുമോ?
ഞാനോര്‍ക്കുന്നു
ലിഫ്റ്റിലെ ശ്വാസംമുട്ടല്‍ ഭയന്ന്
പടവുകള്‍ കയറിപ്പോയ ഒരാളിനെ സ്വന്തംമുറി ശ്വാസംമുട്ടിച്ചുകൊന്നത്
ഇന്നലെയായിരുന്നില്ലേ?
ഓരോമുറിയും നിങ്ങളോടെന്തുചെയ്യും എന്ന ഭയപ്പാടോടെ
വലിയശബ്ദങ്ങള്‍ അവയ്ക്കുനടുവിലുപേക്ഷിച്ച നിഴലിടങ്ങളില്‍
ജീവിക്കുന്ന സാധാരണ മനുഷ്യരെ ചവുട്ടിനില്‍ക്കുന്ന
ഈ നീശ്ശബ്ദത
അതിലെത്ര മുറികളുണ്ട്?.
-ബിനോയ്.പി.ജെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home