Wednesday, March 11, 2015

അവന്റെ പല്ലിളകുമ്പോള്‍

അവന്റെ പല്ലിളകുമ്പോള്‍
കുട്ടിക്കാലം മെല്ലെ കൊഴിഞ്ഞുപോകുമ്പോള്‍
പുരപ്പുറത്തെറിഞ്ഞതിന്നു താഴെയായ്
പുതുപ്രായത്തില്‍ കൊച്ചുപല്ലുകള്‍ കിളിര്‍ക്കുമ്പോള്‍
പുതിയ സംശയങ്ങള്‍
പുതുതാം ആശയങ്ങള്‍
എങ്കിലുമവയില്‍ കാണാം
പഴയകുഞ്ഞുങ്ങളില്‍ കാണാവും
തുടര്‍ച്ചയുമിടര്‍ച്ചയും
നിലാപ്പാട നീക്കി
ലോകത്തിന്റെ പല്ലും നഖങ്ങളും
ആഴ്ന്നിറങ്ങും മുന്‍പുള്ള നേരാം  പൊടിപ്പുകള്‍.

ഉണ്ടായിരുന്നുവോ നിങ്ങൾക്കും കുട്ടിക്കാലം
സ്വന്തം ശരികളാലവ വലയ്ക്കും മുതിര്‍ന്നോരേ?
ശരിതെറ്റുകള്‍ കല്ലിച്ചു പോയ നിൻ മസ്സിലും
വിരിഞ്ഞില്ലേ കിളിത്തട്ടിലെങ്ങും നൂണുകടക്കും
വെയില്‍നാളം.
നിയമാവലികളാല്‍ കാലത്തില്‍ വലകെട്ടിയിരിക്കും
നേരത്താരും നിങ്ങളില്‍ തിരഞ്ഞില്ലേ തേറ്റകള്‍,
ഉഗ്രസര്‍പ്പങ്ങള്‍ക്കിണങ്ങും വിഷഗ്രന്ധികള്‍?

ശുദ്ധരും വിശുദ്ധരും വാഴുമീ ലോകത്തെന്റെ മകനും
കഴിഞ്ഞോട്ടെ, ശുദ്ധിപോരെങ്കില്‍ പോലും.
ശുദ്ധിശാലികള്‍ വാഴും കോവിലില്‍ പോവില്ലവന്‍
തെരുവിലെളിയവര്‍ വാഴുമിടങ്ങളില്‍
പോവട്ടേ ദൈവത്തിന്റെ കൈപിടിച്ചൊപ്പം.
പുച്ഛത്താലറപ്പാലീക്കൂട്ടരേ വിട്ടീടാതെ
ഒപ്പമായ് നടക്കുവാന്‍ വിയര്‍പ്പില്‍ കൂടിച്ചേരാന്‍.

നീയല്ലാതുള്ളാളുകള്‍, മറ്റേതോ വെളിച്ചങ്ങള്‍,
വേറിട്ട മാര്‍ഗ്ഗങ്ങളും, കാണുവാന്‍ കണ്ണുണ്ടായാല്‍,
മാനിക്കാന്‍ വ്യത്യാസങ്ങ,ളവയില്‍ തിളങ്ങുന്ന
സോദരത്വത്തെ, ഗാഢനീതിയെ തൊട്ടുനോക്കുവാ-
നയിത്തങ്ങള്‍, വമ്പത്തങ്ങളൊന്നുമേ വഴിമുടക്കാതിരിപ്പാന്‍
പ്രാര്‍ത്ഥിക്കുന്നൂ, തുല്യരാണെല്ലാപ്പേരും.
മറ്റെല്ലാം വ്യാജം; നിത്യവും മല, മൂത്ര കഫങ്ങള്‍
ശ്രവിപ്പിക്കും മര്‍ത്യരാണെല്ലാവരും
(ഏറിയ കുളൂസില്‍ നാം  മറക്കാറുണ്ടീ സത്യം.).

അവന്റെ പല്ലിളകുമ്പോള്‍,
പുതുതായ് ചിലതാ മോണയില്‍ പൊടിക്കുമ്പോള്‍
അവനോടും  ലോകത്തോടും മറ്റെന്തു പറയുവാന്‍-
മാനിക്കൂ  വ്യത്യാസത്തെ,യതിന്നുള്ളിലും തിളങ്ങും
തുല്യതയെ,യശുദ്ധിയെ!.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home