Monday, August 24, 2015

“നമ്മളും” നാടോടികളും

ബിനോയ്.പി.ജെ


എങ്ങുമേ നാടോടികള്‍ കാണുന്ന മട്ടില്‍ നമ്മള്‍
സൂര്യനെ കണ്ടിട്ടില്ലാ,
വെയില്‍ക്കുത്തേറ്റിട്ടില്ലാ.
വിയര്‍പ്പിലൊലിച്ചുപോം സൌവര്‍ണ്ണമാലിന്യങ്ങള്‍
പച്ചയായ്ത്തീര്‍ക്കും മട്ടില്‍ ഉടലില്‍ വസിച്ചില്ലാ.
നമ്മിലെ ‘നാടോടികള്‍’, നമുക്കു പരിചിതര്‍
സുമുഖര്‍, സുചരിതര്‍, ‘കളങ്ക’മേശാതുള്ളോര്‍,
ഏതു ദിക്കിലും പോവാന്‍
യാത്രാരേഖകള്‍ കൈയിലുള്ളോര്‍.
ബസ്സില്‍ നിന്നാരും നമ്മേയിറക്കിത്തല്ലുന്നില്ലാ
നാട്ടുകാരോടിക്കൂടി കൈത്തിളപ്പാറ്റുന്നില്ലാ
എങ്കിലും നാടോടിയായ് ‘ത്തിളങ്ങാന്‍’
നമുക്കില്ലാ മടി, കൂട്ടത്തിലതും കൂടി പോരട്ടേ
പേരായ്, പെരുമയ്ക്കുള്ള വഴിയതായ്ത്തീര്‍ന്നെങ്കിലോ?

“ഗ്രാമ്യമാം മോഹത്തെ നീയൊട്ടുമേയറിഞ്ഞീലാ
നിന്നിലെ  മൃഗത്തെ നീയെങ്ങുമേ സന്ധിച്ചില്ലാ
യന്ത്രമായ്ത്തീരാന്‍ വെമ്പും മുഷ്യാ, നീയെന്തിന്‍െ
പേരിനെയെടുത്തും കൊണ്ടെളുപ്പം മണ്ടീടുന്നൂ?
നിൻ മുതല്‍ നിന്റേതെന്നു തീര്‍ച്ചയായുറപ്പിച്ചാല്‍
നിന്റെ നാടെന്റേതല്ലെ-
ന്നുറക്കെപ്പറഞ്ഞെന്നാല്‍
എന്റെ നാടെവിടെന്റെ നാട്ടിലെ സാറന്മാരേ?
പനിച്ചുവിറച്ചാലും പോകുവാനിടമില്ലാ
തുള്ളവര്‍ ഞങ്ങള്‍ക്കുള്ള മുതലും കാണ്‍മാനില്ലാ.
കള്ളന്മാ,രാരാണവ തട്ടിയെടുത്തവര്‍?
കള്ളന്മാരെന്നു വിളിച്ചെങ്ങളേയോടിക്കുന്നോര്‍?”

ഇത്രയും പറഞ്ഞവര്‍ തിരികെ നടക്കുമ്പോള്‍
തിരികെയെത്തുന്നൂ നമ്മള്‍ നമ്മിലെ യാഥാര്‍ത്ഥ്യത്തില്‍!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home