തെക്കോട്ടേക്കു തിരിക്കുന്നോര്‍
ബിനോയ്. പി.ജെ.
എല്ലാം തട്ടിത്താഴെയിട്ട്
ചെക്കനങ്ങിനെ പോവ്വാണല്ലോ
എന്തേ ചെക്കാ പോണൂ നീയ്?
എങ്ങോട്ടു ചെക്കാ പോണൂ നീയ്?
എന്തിന്നു ചെക്കാ പോണൂ നീയ്?
പോകാതിരിക്കുവാന്‍ പാങ്ങില്ലല്ലോ
നില്‍ക്കാതെ പോകുവാന്‍ ദിക്കില്ലല്ലോ!
എല്ലാം തട്ടിത്താഴെയിട്ട്
പെണ്ണുണ്ടങ്ങിനെ പോണുവല്ലോ
എന്തേ പെണ്ണേ പോണുനീയ്?
എങ്ങോട്ടു പെണ്ണേ പോണു നീയ്?
എന്തിന്നു പെണ്ണേ പോണു നീയ്?
പോകാതിരിക്കുവാന്‍ പാങ്ങില്ലല്ലോ
കയ്യില് കിണ്ണാണമൊന്നുമില്ലാ
കാലില് ചങ്ങല നില്‍ക്കുകില്ല
നില്‍ക്കാതെ പോകുവാന്‍ ദിക്കില്ലല്ലോ
ആചാരം പൂശിയ ദിക്കാണേതും
സ്വാതന്ത്ര്യം പിന്നെങ്ങു പോകുമാവോ?
പോകാനിറങ്ങിക്കഴിഞ്ഞതല്ലേ
പോകാതിരിക്കുവാന്‍ പാങ്ങില്ലല്ലോ!
കൊമ്പുള്ള ദിക്കുകളല്ലേയെങ്ങും
ചെക്കനോടൊപ്പം നീ പോകുന്നുണ്ടോ?
നാടിനെ പേടിച്ചു കൂടെകൂട്യാല്‍
ചെക്കനിന്നെങ്ങോട്ടു പോണതയ്യോ?
വടക്കോട്ടു പോകുന്നു ചെക്കനെന്നേ
കൂട്ടായിക്കൂടിക്കോ നീയും പെണ്ണേ!
തെക്കോട്ടു പോകുന്നു ഞാനെന്‍റയ്യാ
തെക്കുനിന്നല്ലേ പുതിയ സൂര്യന്‍?
തെക്കോട്ടു പോയാലങ്ങാരുണ്ടെടീ
കാലത്തിന്‍ വണ്ടി പറന്നുപോയീ!
പോകുംവഴിയിലിരുട്ടുണ്ടല്ലോ
പോകും വഴിയില്‍ മഴയുണ്ടല്ലോ
പാമ്പുകള്‍ നീളേയിഴയുന്നല്ലോ
മിന്നല്‍പ്പിണരുകള്‍ മാനത്തെങ്ങും!
ഇരുളിനെ ഞാനെന്‍റെ കൂടെക്കൂട്ടും
ദൈവത്തിനൊപ്പം ഇരുന്നോനല്ലേ
ആഴത്തിന്‍ മീതെയിരുന്നോനല്ലേ?
മഴവീണെന്‍ താപമൊലിച്ചുപോട്ടേ
പാമ്പുകളും ചില കീരികളും
വട്ടത്തില്‍ പേര്‍ത്തും കളിയാടട്ടേ
പോത്തുമുടുമ്പും നടന്നിടട്ടേ
മിന്നലിന്‍ വെട്ടം തെളിഞ്ഞിടട്ടേ
ചൂട്ടില്ല കയ്യില്‍, ഇരുളുണ്ടൊപ്പം.
ചെക്കനിന്നെന്തേ വീണുപോയി
ചെക്കന്മാരൊക്കെയും വീണുപോയി?
തെക്കോട്ടു പോകുവാനാളുണ്ടിപ്പോള്‍
ആരെയും കൂടെ നീ കൂട്ടിടില്ലേ?
ഒറ്റയ്ക്കു പോയാല്‍ മരണമല്ലേ?
തെക്കോട്ടു ചെന്നാല്‍ മരണമല്ലേ?
ലക്ഷ്മണ രേഖ മുറിച്ചിടൊല്ലേ!
പണ്ടുമതിര്‍ത്തികള്‍ കണ്ടോളല്ലാ
എങ്ങുമതിര്‍ത്തികള്‍ കാത്തോളല്ലാ
തെക്കു മരണമിരിക്കുന്നെങ്കില്‍
മരണത്തിനൊപ്പം തുഴഞ്ഞുപോകും
അവനും പറയാന്‍ കഥകളുണ്ടാം
കേള്‍ക്കുവാന്‍ കാതെനിക്കെന്നുമുണ്ട്.
മെല്ലെ വരുന്ന കുളിര്‍കാറ്റുണ്ട്
തോഴിയവള്‍ക്കൊപ്പം പോകും ഞാനേ
പേടിയെ മൂടിയിരുള്‍ തെളിക്കും
കണ്‍വിളക്കുണ്ടെന്‍റെയുള്ളിലല്ലോ!
ചെക്കന്നു കൂട്ടില്ല, പൊന്നുപെണ്ണേ
മിണ്ടിപ്പറയാനൊരാളില്ലല്ലോ
വീടു നിറയ്ക്കുവാനാളില്ലല്ലോ
പായയിലൊറ്റയ്ക്കുറങ്ങുന്നല്ലോ!
ആളൊഴിഞ്ഞുള്ളതവന്‍റെ ലോകം
അവിടെ ഞാനെന്തിനു പോണമയ്യാ?
പൂട്ടിയടച്ചതവന്‍റെ വീട്
അവിടെ ഞാനെങ്ങിനെ പാര്‍ക്കുമയ്യാ?
വീട്ടു വിളക്കില്‍ മയങ്ങിപ്പോയ
കൂട്ടുകാരല്ലേയവന്‍റെയാള്‍ക്കാര്‍?
സ്വാതന്ത്ര്യമെന്‍റെ കരംപിടിച്ചു
പിന്നെ ഞാനെങ്ങിനെയവിടെ നില്‍ക്കും?
കട്ടിയിരുള്‍ വന്നെന്‍ കണ്‍തുടച്ചു
വെള്ളിവെളിച്ചത്തില്‍ മാഞ്ഞുനിന്ന
നക്ഷത്രമൊക്കെയെനിക്കു കാണാം.
തെക്കോട്ടു കാലം തിരിച്ചുവെച്ചു
തെക്കുള്ളോരാലേലുരുക്കുന്നുണ്ടേ
ഇന്നിന്‍റെ ചെമ്പു തെളിക്കും ലോഹം
നാളത്തെ സൂര്യന്‍ ഉദിക്കും മുന്‍പേ
തെക്കെത്തി നില്‍ക്കാന്‍ തിടുക്കമായി.
എല്ലാം തട്ടിത്താഴെയിട്ട്
പെണ്ണുണ്ടങ്ങനെ പോണുവല്ലോ
ചെക്കന്‍റെ പോക്കു മുടങ്ങിയെന്നോ
നില്‍ക്കാനും പോകാനും പാങ്ങില്ലെന്നോ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home