മഹാരാജാ ഹോട്ടല്‍
നഗരത്തിലെ തിരക്കുകള്‍ നിറഞ്ഞ ആ തെരുവില്‍, മുന്‍പൊരിക്കല്‍ കാമുകനായ ഭാസ്കരനോടൊപ്പം പോയ ആ റസ്റ്റോറണ്ടില്‍ കാത്തിരിക്കാനാണ് ഷിറാസ് അവളോട് പറഞ്ഞത്. എന്നാല്‍ നാലഞ്ചു വര്‍ഷത്തിനിടെ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞതിനാലാവാം കുറേ അലഞ്ഞിട്ടും അവള്‍ക്ക് ആ ഹോട്ടല്‍ കണ്ടെത്താനായില്ല. മൂന്നു നാല് തവണ അങ്ങോട്ടുമിങ്ങോട്ടും നടന്ന് മടുത്തപ്പോള്‍ അടുത്തുകണ്ട ഒരു സര്‍ബത്തു കടയില്‍ നിന്ന് ഒരു എം.ഇ.എസ് കഴിച്ചേക്കാം എന്നു കരുതി സുനിത അവിടെ നിന്നു. കടയില്‍ സാമാന്യം തെരക്കുണ്ടായിരുന്നു. സര്‍ബത്ത് ഗ്ലാസ്സുകളിലേക്ക് നിരന്തരം ഐസുകട്ടകള്‍ ഒരു സ്പൂണ്‍ കൊണ്ട് തല്ലിപ്പൊട്ടിച്ചിട്ടുകൊണ്ടിരുന്ന അയാളുടെ കയ്യുടെ അവസ്ഥ അവളെ അല്പമോന്നു പരിഭ്രമിപ്പിക്കാതിരുന്നില്ല. മില്‍ക്ക് എഗ്ഗ് സര്‍ബത്ത് മൊത്താന്‍ തുടങ്ങിയപ്പോഴാണ് ഷിറാസ് അടുത്തെത്തി അവളെ തട്ടി വിളിച്ചത്.
സുനിതാ.....വന്നിട്ട് കുറച്ചു നേരമായോ?
ഞാന്‍ കുറേ നടന്നു. ആ റസ്റ്റോറണ്ട് കണ്ടെത്താനായില്ല. നന്നെ വിളിക്കാനൊരുങ്ങുകയായിരുന്നു.
സുനിതയ്ക്കു നാല്പത്തിയഞ്ചോളം വയസ്സു പ്രായം വരും. മുടി കാര്യമായി നരച്ചിട്ടില്ല. ഷിറാസിന് മുപ്പതും. അവര്‍ രണ്ടാളും അടുത്ത പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. കുറേക്കാലം മുന്‍പ് അവടെ വച്ച് കണ്ടുമുട്ടിയവര്‍. ഭാസ്കരന്‍റെ സുഹൃത്തായിരുന്നു അവന്‍. ഭാസ്കരനെ അവള്‍ കണ്ടിട്ടൊരുപാടായി. അവര്‍ കുറേക്കാലം ഒന്നിച്ചു നടന്നു. പിന്നെ പിരിഞ്ഞ് രണ്ടു വഴിക്കായി. ഒന്നിച്ചു കുറേക്കാലം നടക്കുന്നവര്‍ക്കിടയില്‍ പലപ്പോഴും ഉടലെടുക്കാറുള്ള ചെറിയ അസ്വസ്ഥതകള്‍ തീര്‍ത്തും ഒഴിഞ്ഞു മാറാത്തതുകൊണ്ട് ഇപ്പോള്‍ കാര്യമായ അടുപ്പമില്ല.
ഓ... ഓര്‍മ്മയുണ്ടാവും എന്നു ഞാന്‍ കരുതി. ശരിയാണ്. അല്പം പരിചയമില്ലാതെ കണ്ടെത്താന്‍ അല്പം ബുദ്ധിമുട്ടുണ്ട്.
ഞാനൊരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളൂ. അതും നാലഞ്ചു കൊല്ലം മുന്‍പ്. വഴിയൊക്കെ കുറേ മാറി. അതാവും. നിനക്ക് സര്‍ബത് വേണോ?
വേണ്ട. അവിടുന്നു ചായ കുടിക്കാം.
അവള്‍ കടക്കാരനു പേഴ്സ് തുറന്ന് പൈസയെടുത്തു കൊടുത്തിട്ട് അവനോടൊപ്പം നടന്നു. ഏതാണ്ടു നാല്പതു വാര അകലെയുള്ള ഓടിട്ട ഒരു രണ്ടുനില കെട്ടിടത്തിനു മുന്നില്‍ അവന്‍ നിന്നു. അവള്‍ക്ക് ആ സ്ഥലം ഓര്‍മ്മവന്നു. ചെറിയ മാറ്റങ്ങളേ അതിനുള്ളൂ.
ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
മുകളിലത്തെ നിലയിലെ ഭിത്തിയിലുറപ്പിച്ച അല്‍പം ചെളിപുരണ്ട വെളുത്ത ബോര്‍ഡ്. അതില്‍ എമ്പോസ് ചെയ്ത ചുവന്ന ലിപികളില്‍ ڇമഹാരാജാ ഹോട്ടല്‍ڈ എന്നെഴുതിയത് അവള്‍ ശ്രദ്ധിച്ചു.
ഞാനതു കണ്ടതേയില്ല. മുകളിലേക്കുള്ള ആ ഗോവണിയായിരുന്നു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന അടയാളം.
അതിപ്പോള്‍ കുറേക്കൂടി മറഞ്ഞിരിക്കുന്നു. താഴത്തെ നിലയിലെ ബേക്കറിയിലെ ബിസ്കറ്റുകളും പലഹാരങ്ങളും നിറഞ്ഞ കുപ്പിഭരണികള്‍ക്കു പിന്നില്‍ ആ ഗോവണി പുറത്തുനിന്നു നോക്കിയാല്‍ കാണാന്‍ ബുദ്ധിമുട്ടാണ്. മുകളിലേക്കു കയറാന്‍ ഒരു വഴിയുമില്ലാത്ത ഒരു ദുര്‍ഗ്ഗം പോലെ അതു കാണപ്പെട്ടു. ഇടത്തരക്കാരോ താണവരുമാനക്കാരോ മാത്രം പോകാനിടയുള്ള ഒരു ചെറിയ സ്ഥലം.
അവര്‍ താഴത്തെ നിലയിലെ ഭരണികളും പലഹാരങ്ങള്‍ നിറഞ്ഞ അലമാരകളുമുള്ള ബേക്കറി.ലൂടെ കടന്ന് അല്പം കീഴ്ക്കാംതൂക്കായ ഗോവണി കയറി മുകളിലെത്തി. അല്പം നീണ്ട മുറിയുടെ ഇരു വശത്തുമായി നിരത്തിയിട്ട എട്ടോളം മേശകളും അവയ്ക്കു പിന്നില്‍ കസേരകളും ബഞ്ചുകളും ഒരു വശത്തായി ഭക്ഷ്യവസ്തുക്കള്‍ വെക്കുന്ന ഒരു ചില്ലലമാരയും ഒരു വാഷ്ബേസിനുമൊഴിച്ചാല്‍ ആ മുറിയില്‍ വേറെ വസ്തുക്കള്‍ അധികമൊന്നും ഇല്ലായിരുന്നു. സൈഡിലെ നീലപേന്‍റടിച്ച നാലു പാളിയുള്ള ചെറയ ജനാലകളുടെ കീഴ്പ്പാളികള്‍ അടഞ്ഞു കിടന്നു. കനത്ത ഭാരം തോന്നിക്കുന്ന സാമാന്യത്തലേറെ വലിപ്പമുള്ള രണ്ടു പങ്കകള്‍ മെല്ലെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. പണ്ടൊക്കെ രാഷ്ട്രീയപ്രവര്‍ത്തകരുടേയും ചെറുകിട പണിക്കാരുടേയും ലാവണമായരുന്ന ആ സ്ഥലം വളരെക്കാലമായി തിരക്കുകുറഞ്ഞ ഒരാഹാരശാലയാണ്.
അവര്‍ കടന്നു ചെല്ലുമ്പോള്‍ ഒരു മൂലയില്‍ പത്തുവയസ്സു തോന്നിക്കുന്ന ഒരു കുട്ടിയോടൊപ്പം ഇരിക്കുന്ന അറുപതു വയസ്സു കഴിഞ്ഞ മനുഷ്യനും അല്പം അകലെ മാറി മസാല ദോശ കഴിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വൃദ്ധനും ആയിരുന്നു കടക്കാരനെ കൂടാതെ അവിടെ ആകെയുണ്ടായിരുന്നത്. കടക്കാരന്‍ വാതിലിനപ്പുറത്തെ ചെറിയ മുറിയില്‍ പാത്രങ്ങള്‍ കഴുകുന്ന തിരക്കിലായരുന്നു. കുട്ടിയോടൊപ്പമിരുന്ന ആള്‍ അവന്‍ ഉഴുന്നുവട കഴിക്കുന്നത് നോക്കിക്കൊണ്ട് ഒരു സിഗരറ്റ് പുകച്ചുകൊണ്ടിരുന്നു. അയാളുടെ അടുത്ത് മേശമേല്‍ ഇരുന്ന ഗ്ലാസ്സിലെ കട്ടന്‍ കാപ്പിയില്‍ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു. വെളുത്ത മാര്‍ബിള്‍ കൊണ്ടുള്ള മുകള്‍ഭാഗമുള്ളവയായിരുന്നു മേശകള്‍. വൃദ്ധന്‍ ഇരുന്നതിനെതിര്‍ ഭാഗത്തുള്ള മേശയ്ക്കുപിന്നില്‍ കസാല വലിച്ചിട്ട് അവര്‍ ഇരുന്നു.
ജനലുകള്‍ക്കിടയിലെ ഭിത്തിയില്‍ ഇരുഭാഗത്തുമായി ആറു നീളന്‍ കണ്ണാടികള്‍ ഉറപ്പിച്ചിരുന്നു. ജനാലയിലൂടെ ഇടയ്ക്കിടെ കടന്നു വന്ന കാറ്റ് അവരുടെ മുഖത്തുതട്ടി. കുട്ടിയും മറ്റുമിരുന്ന മേശയ്ക്കെതിരായുള്ള കണ്ണാടിയില്‍ പതിഞ്ഞ അവരുടെ രൂപം അല്‍പ നേരം ശ്രദ്ധിച്ചിട്ട് സുനിത ഷിറാസനെ നോക്കി. വളരെക്കാലമായി കണ്ടിട്ടെങ്കിലും അവനോടെന്താണു സംസാരിക്കേണ്ടതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഷിറാസും മറ്റെന്തോ ചിന്തയില്‍ ലയിച്ചിരിക്കുകയായിരുന്നു. ഒരു മഞ്ഞ ബള്‍ബ് എരിഞ്ഞുകൊണ്ടിരുന്ന അകത്തെ മുറിക്കുള്ളില്‍ നിന്നും സ്റ്റൗവ്വിലെ തീ എരിയുന്ന ശബ്ദം കേള്‍ക്കാം.
സുനിത എണീറ്റു കൈകഴുകി വന്ന് സീറ്റിലിിരുന്നു. എതിര്‍വശത്തെ വൃദ്ധനെ മറികടന്നു പോരുമ്പോള്‍ അയാളുടെ ശോഷിച്ച കൈകളിലെ നേരിയ വിറയല്‍ അവള്‍ ശ്രദ്ധിച്ചു. അയാള്‍ കാപ്പി കുടി കഴിഞ്ഞ് ഒരു ബീഡിക്കു തീ കൊളുത്തി.
പൊക്കം കുറഞ്ഞ് നീല കള്ളിമുണ്ടും ഇളം നീല ഷര്‍ട്ടും ധരിച്ച കഷണ്ടിക്കാരന്‍ സപ്ലയര്‍ ഗോവണി വഴി ഒരു സ്റ്റീല്‍ ബക്കറ്റില്‍ സാമ്പാറുമായി കയറി വന്നു. സാമ്പാര്‍ പാത്രം മേശമേല്‍ വെച്ച് അയാള്‍ അവരുടെ നേര്‍ക്കു നോക്കി.
എന്തു വേണം?
എനിക്കൊരു പൊറോട്ടയും മീന്‍ കറിയും. നിനക്കോ?
സുനിത ഷിറാസിനെ നോക്കി.
എനിക്കൊരു ചായയും പഴം പൊരിയും.
കസേരയിലിരുന്നിട്ടും അവര്‍ തമ്മില്‍ കാര്യമായൊന്നും സമസാരച്ചിരുന്നില്ല.ഓര്‍ഡര്‍ കൊടുത്തിട്ട് സുനിത അവനെ നോക്കി.
നിന്‍റെ ജോലിയൊക്കെ എങ്ങനെ പോകുന്നു?
ആ.. അതങ്ങിനാ. ജോലിയല്ലേ? വിരസമാ. പിന്നെ കുറച്ചു പണം കിട്ടും. നേരം കൊല്ലണോര്‍ക്ക് നല്ലതാ.
നിനക്കും കൊല്ലാനിപ്പോ ധാരാളം നേരമുണ്ട്, അല്ലേ?
ആളെക്കൊല്ലുന്നില്ലല്ലോ, നേരമല്ലേ...കുറച്ചു ഞാനും കൊന്നേക്കാം.
കൊല്ലപ്പെട്ട നേരത്തിന്‍റെ ഒരു കൂനയാണല്ലോ ചിലപ്പോള്‍ ജീവിതം. അവളോര്‍ത്തു. സപ്ലയര്‍ അവരെ കടന്ന് കുശിനി മുറിയലേക്കു പോയി. തിരിച്ചു വന്ന് അയാള്‍ കുട്ടിയുമൊത്തിരുന്ന മനുഷ്യന് ബില്ലെഴുതിക്കൊടുത്തു. അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ അയാളുടെ നിഴല്‍ കണ്ണാടിയില്‍ പതിയാതെയിരുന്നത് അവള്‍ ശ്രദ്ധിച്ചു. അതെന്താവും അങ്ങിനെ?
പോകാം?
കുട്ടിയോടൊപ്പമുള്ളയാള്‍ അവനോടു തിരക്കി. കൈകഴുകി പണമെണ്ണിക്കൊടുത്ത് അവര്‍ ഗോവണിയിറങ്ങി അപ്രത്യക്ഷരായി. ബീഡി പുകച്ചു കൊണ്ടിരുന്ന വൃദ്ധനും മെല്ലെയെഴുന്നേറ്റു. അവള്‍ വീണ്ടും ദവാസ്വപ്നത്തില്‍ മുഴുകി.
ടിംബനാരോയെക്കുറിച്ചു ഞാനെന്തു പറയാനാണ്. അയാളെന്‍റെ അപ്പനൊന്നുമല്ലല്ലോ!.
നീ നിന്‍റെ അപ്പനെക്കുറിച്ചല്ലാതെ വേറൊന്നും പറയില്ല? അതിപ്പോഴും ആയുഷ്മാന്‍ തന്നെയല്ലേ? നീയിനി അങ്ങേരെ മാറ്റിയെടുക്കുകയോ മറ്റോ?
പഴക്കം ചെന്ന ഏതോ സംഭാഷണശകലങ്ങള്‍ തനിക്കു ചുറ്റും വട്ടം ചുറ്റുന്നതവളറിഞ്ഞു.
പങ്കയില്‍ തട്ടി ഒരു വണ്ട് മുറിയുടെ നിലത്തു വീണ് കിടന്നു കറങ്ങി.
അടുത്തു നില്‍ക്കുന്നവരെ കടന്നാക്രമിക്കലാ ഓന്‍റെ പണി തന്നെ. ഓനൊക്കെ വേണ്ടി തല്ലും പിടീം ണ്ടാക്കാന്‍ നമ്മളു നടന്നാ മ്മക്കെന്തു കിട്ടാനാ? ഏമാന്മാരെയൊന്നും തൊടാന്‍ പോലും കിട്ട്വേമില്ല.
അതിനവര്‍ നിന്നു തന്നിട്ടു വേണ്ടേ?
കൃഷ്ണന്‍റെ തേരോട്ടാനൊന്നും എന്നെ കിട്ടൂല. ഓനൊക്കെ വേണോങ്കി മ്മളെ പിടിച്ചുരുട്ടും. ശവവണ്ടി വലിപ്പിക്കും. അല്ലാതെന്താ?
നീയെന്താ ഇങ്ങനെ മൊയന്തായിട്ടിരിക്കിണെ? മൂപ്പരു പണ്ടാരടങ്ങിയോ?
കമ്പനീല് ലോക്കൗട്ടാ. പണിയൊന്നുമില്ല.
ലോക്കൗട്ടും ലോക്കലൗട്ടും...
ഞാനൊരല്പം ബംഗാളിയാ. ബീഹാറുകാരന്‍ ബംഗാളിയാണെന്നേയുള്ളൂ...നമ്മളു പണ്ടേ ഔട്ടാ.
ദേ.. അച്ചു കടപ്പുറത്തുണ്ടെന്നാ പറഞ്ഞേ. ആസ്പത്രീല്‍ അയാളുടെയാരോ കിടപ്പുണ്ടത്രേ...
ഞാനാണെങ്കല്‍ കുളിച്ചിട്ടു രണ്ടീസമായി..
ചെരവനാക്കു പോലെയാ ഓന്‍റെ നാക്കേ. നല്ല അരം. കൊണ്ടാല്‍ ചോര പൊടിയും. വല്ല തേങ്ങായും ചെരണ്ടട്ടെ. മ്മടടുത്തു വേണ്ട...
ലേശം നാടകം കൂടുതലാ ഓന്. ഇമ്മാതിരി നാടകം ഒരു നാടകത്തിപ്പോലും കാണാന്‍ പറ്റില്ലാട്ടോ.
കണാരേട്ടനൊരു ഉള്ളി വട. എനിക്കൊരു പത്തിരീം രണ്ടു കട്ടന്‍ ചായേം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home