Thursday, October 31, 2019

കണ്ണീരും കടലും

(രേണുകുമാറിന് )

ഒരു മീനിന്‍റെ ചെകിളകള്‍
അഴകും ആവശ്യവുമൊത്തിണങ്ങിയത്
ഒരു കറക്കത്തെ അടക്കിവെച്ചത്
കറിക്കു വെട്ടുമ്പോള്‍ എടുത്തു മാറ്റുവാനുള്ളത്
വാലുകള്‍കൊണ്ടു വഴിമാറ്റി
തുഴഞ്ഞു നടക്കുമ്പോള്‍
ജലത്തിലരിപ്പയോ ഫാനോ ചീര്‍പ്പോ.
എങ്കിലും ഒരു മീനിന്‍റെ കണ്ണീര്‍
എങ്ങിനെയാവും?

അതിന്‍റെ നോവ്
ഒച്ച
പിടയ്ക്കല്‍, ചാട്ടം, വഴുതിപ്പോകല്‍
വല കാത്തിരിക്കാതുള്ള ജീവതം
രുചി
ഒന്നും മറക്കാനാവില്ല.
ഇതൊക്കെയാണെങ്കിലും
ആ കണ്ണുനീര്‍ തന്നെയാണ്
അല്ലെങ്കിലതിന്‍റെ അഭാവമാണ്
ഞാന്‍ തെരയുന്നത്.

ഒരു വേള
മീനുകളുടെ കണ്ണീരാവാം
ഈ കടല്‍ തന്നെയെന്ന്
ഉപ്പളങ്ങളില്‍ നാം വറ്റിച്ചെടുക്കുന്ന
ഈ ഉപ്പെല്ലാമെന്ന്
ആരെങ്കിലും പറഞ്ഞേക്കാം!









0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home