Monday, November 4, 2019

കൗരവം


അയാള്‍ തന്‍റെ കവച-കുണ്ഡലങ്ങളഴിച്ചു വാങ്ങി നടന്നു മറയുന്ന അമ്മയെ നോക്കി കുറേ നേരം നിന്നു. അമ്മ അതുറപ്പാക്കുകയാണ്. തന്‍റെ പരാജയം, മരണം പോലും. ഒരമ്മയ്ക്ക് എങ്ങിനെ അതനു കഴിയുന്നു? അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. എത്ര കാലമായി ഞാനിതനുഭവിക്കുന്നു. സൂതപുത്രന്‍റെ ജീവിത യാഥാര്‍ത്ഥ്യം. കഴിവിലോ ഗുണത്തിലോ താന്‍ ആര്‍ക്കും പിന്നിലല്ലെന്നു അവനറിയാം. പക്ഷേ പെറ്റ തള്ളപോലും കള്ളക്കൃഷ്ണന്‍റെ ഉപദേശങ്ങള്‍ക്കാണു വില കൊടുക്കുന്നതെങ്കിലോ?

സൂതപുത്രനു വിലകല്‍പിച്ച സുയോധനന്‍ അവര്‍ക്കൊക്കെ വെറും ദുര്യോധനന്‍ മാത്രം. ആരുടെ ദുര കൊണ്ടാണ് രാജ്യം ഇപ്പോള്‍ യുദ്ധത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നത്? ആരാണ് സ്വന്തം മകന്‍റെ മരണമുറപ്പാക്കാനായി ഈ അമ്മയെ ഇവിടേക്കയച്ചത്! അഹോ എന്തൊരു കുടിലത.! കാളിയനെ കൊന്നവന്‍ യാദവനാണത്രേ...ത്ഫൂ.. യദുകുലം മുടിക്കുവാന്‍ വന്നവന്‍ യാദവനാണെന്നു പറഞ്ഞിട്ടെന്ത്?.

ഞാന്‍ മരിക്കണമെന്ന് ആ അമ്മ ഉറപ്പിച്ചു കഴിഞ്ഞു. അനിയന്മാര്‍ക്കു വേണ്ടി യുദ്ധം ചെയ്യുവാന്‍ ്വരെന്നോടു പറഞ്ഞുവോ? അല്ലെങ്കില്‍ തന്നെ എന്തിന്? കൗരവന്‍ എനിക്കു അംഗരാജ്യം തന്നു കഴിഞ്ഞതല്ലേ? പിന്നെ ഞാനെന്തിന് അവനോട് യുദ്ധം ചെയ്യണം? എന്‍റെ അനുജന്മാര്‍ക്കു ഞാനൊരപമാനമാണു പോലും....എനിക്കു കിട്ടിയ അധികാരം കുന്തീ പുത്രന്മാര്‍ക്കുള്ളതല്ലെങ്കില്‍ പിന്നെയെന്താണ്? ഞാന്‍ പാണ്ഡു പുത്രനല്ലത്രേ... അവരോ...ആരുണ്ടു പാണ്ഡു പുത്രനായി? അവരുടെ മിഥ്യാഭിമാനത്തില്‍ ഞാനവര്‍ക്കു സഹോദരനല്ലാതായി. പരിഹാസ്യനായ ഒരു സൂതപുത്രന്‍! അതോ സൂര്യപുത്രനോ..കുന്തിിയമ്മയ്ക്ക് തന്നെ നിശ്ചയം പോരാ...ഏതായാലും ഞാനീ കുതിരക്കാരന്‍റെ മകന്‍ തന്നെ. എത്ര സ്നേഹമുള്ളഴനാണയാള്‍.

യുധിഷ്ഠിരന്‍റെ പേരു ധര്‍മ്മപുത്രനെന്നാണത്രേ! ഏതു ധര്‍മ്മത്തെക്കുറിച്ചാണയാള്‍ പറയുന്നത്. യുദ്ധമാണോ ധര്‍മ്മം? ഭ്രാതൃഹത്യയാണോ? സ്വന്തം ജ്യേഷ്ടനെതിരേ യുദ്ധത്തിനിറങ്ങലോ.....എന്നെക്കവിഞ്ഞ് അവനെങ്ങിനെയാണു റാജ്യാവകാശം കൈവരുക? ഉപദേശിക്കുവാന്‍ കൃഷ്ണനുണ്ടെങ്കില്‍ യുദ്ധം ധര്മ്മമാകും. അവനെ വളര്‍ത്തിയ കുലത്തിലും നാശമാണവന്‍ കൊണ്ടുവരിക. പിന്നെയല്ലേ കുരുകുലത്തിനു അവനെ കൊണ്ടു പ്രയോജനം.രാമന്‍ സുഗ്രീവനെ ബാലിക്കെതിരായി തിരിച്ചുവിട്ട് ഒരടിമയെ സമ്പാദിച്ചു.
അയാളും സഹോദരനും ചേര്‍ന്ന് സ്വസഹോദരിയെ മാനഭംഗപ്പെടുത്തിയിട്ടു പോലും റാവണന്‍ അയാളോടു യുദ്ധത്തിനു ചെന്നോ? സീത മാരീചനോടൊപ്പമിറങ്ങിച്ചെന്നിട്ട് രാവണന്‍ അവരെ ഉപദ്രവിച്ചോ? എന്നാലും രാമനു രാവണനെ കൊല്ലണം. ലങ്ക നശിപ്പിക്കണം. പരശുരാമന്‍ സ്വന്തം അമ്മയെ വെട്ടിക്കൊന്നില്ലേ? എന്തു കുറ്റത്തിനാണയാള്‍ കാര്‍ത്തവീര്യനെ നശിപ്പിച്ചത്? മഴുവുമേന്തി വംശഹത്യയ്ക്കിറങ്ങിയത്?
കൃഷ്ണനും അതേ പാരമ്പര്യമല്ലേ... അങ്ങിനെ ചെയ്യാതെ വയ്യ. യുദ്ധമല്ലാതെ മറ്റൊരുവഴിയും അയാള്‍ക്കറിവില്ല പോലും. കുരുക്ഷേത്രത്തിലെ രക്തം നക്കിത്തോര്‍ത്തുവാന്‍ ഒരു പട്ടിയെപ്പോലെ അവന്‍ വരും.

എന്‍റെ അനിയന്മാര്‍ക്ക് ഞാന്‍ എങ്ങിനെ അന്യനായിത്തീര്‍ന്നു എന്നു കണ്ടോ? ഗീതാ മാഹാത്മ്യം അല്ലാതെന്ത്? അര്‍ജ്ജുനന്‍റെ കളികളോ. തന്നേക്കാള്‍ മികവുള്ളവരെയാരെയും അവനനുവദിക്കില്ല, അല്ലേ..ഏകലവ്യന്‍റെ ഗതി കണ്ടോ? ഭീഷ്മ പിതാമഹന് നിറയെ അമ്പു തറച്ച ഉടലുമായി കിടക്കുമ്പോള്‍ വെള്ളമെത്തിച്ചു പോലും! എത്ര ജുഗുപ്സാവഹമായ അവകാശവാദങ്ങള്‍...എന്‍റെ കയ്യില്‍ നിന്ന് ഈ കവച കുണ്ഢലങ്ങള്‍ ഇരന്നു വാങ്ങാന്‍ അമ്മയെ അയച്ചതു കണ്ടോ... അവനു വേണ്ടി അമ്മ ഇരന്നു വാങ്ങിയതെന്‍റെ മരണം  തന്നെയാണ്. അമ്മയിതേച്ചൊല്ലി വിലപിക്കാതിരിക്കില്ല. എന്നെയവന് ചതിയില്‍ വീഴ്ത്തണം. മനക്ലേശത്തിലകപ്പെടുത്തണം.നിരായുധനാക്കണം. കൗരവരില്‍ ഒന്നോ രണ്ടോ പേരുമായുള്ള കളിപ്പിണക്കങ്ങളെച്ചൊല്ലി നൂറ്റുവരെയൊന്നടങ്കം കൊന്നൊടുക്കണം. കുരുക്ഷേത്രം ഭ്രാതൃഹത്യയുടെ നിലമാണെന്നു മറക്കാതിരിക്കുക. കാലങ്ങളായി അനേകം ബുദ്ധന്മാരും ബോധിധര്‍മ്മന്മാരും ധര്‍മ്മോപദേശം നടത്തിയിരുന്ന ഒരു പ്രദേശത്ത് നീലക്കുറുക്കന്‍റെ ചോരക്കൊതി ധര്‍മ്മമാവുകയോ? കുട്ടികള്‍ പോലും.. അതേ അഭിമന്യുവും ഘടോത്കചനുമെല്ലാം ബലിയാടുകളാവുന്ന ഈ യുദ്ധമാണത്രേ ധര്‍മ്മം. ത്ഫൂ.....

ഒരു നീതിയുമില്ലാത്ത ഈ യുദ്ധത്തിന് അമ്മ ഗാന്ധാരി കൃഷ്ണനു മറുപടി കൊടുക്കും. അവന്‍റെ കൗടില്യം ഒടുങ്ങാന്‍ പിന്നേയും കാലമെടുക്കുമെങ്കിലും യഥാര്‍ത്ഥ ധമ്മം പുനസ്ഥാപിക്കപ്പെടാതിരിക്കില്ല. എന്‍റെയമ്മ എന്നെച്ചൊല്ലി വേദനിക്കാതിരിക്കില്ല. കര്‍ണ്ണന്‍ തന്‍റെ മാറിലെ രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് ആലോചനയില്‍ മുഴുകി.   തിരുപ്പറക്കുണ്റത്തെ ശില്പത്തിലെ നായുമായി നില്‍ക്കുന്ന മനുഷ്യനെ അവനോര്‍മ്മ വന്നു. ഇതിനു വേണ്ടിയായിരുന്നില്ലേ ഈ യുദ്ധമെല്ലാം, അവന്‍ തിരിഞ്ഞ് പിന്നില്‍ നല്‍ക്കുകയായിരുന്ന അനുജനോടു ചോദിച്ചു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home