Tuesday, June 2, 2020

പകലിരവുകള്‍




പകലൊരു നെടുതാം കൈയാലെന്നെ
മാറൊടണച്ചു പിടിച്ചു
കുഞ്ഞിക്കൈയാല്‍ ഞാനുമതിന്നുടല്‍
പുല്‍കിച്ചേര്‍ന്നു മയങ്ങി
രണ്ടും ചേര്‍ന്നൊരു നിഴലാഴം
നമ്മെയെടുത്തു പിടിച്ചു.

നെറുകയിലെരിയും സൂര്യനെയേറ്റും
ആര്‍പ്പും വീര്‍പ്പും പോലെ
പിമ്പിരിയേറും തെങ്ങിന്‍ മണ്ടകള്‍
നാഡി ഞരമ്പുകള്‍ പോലെ
നമുക്കു മീതേ ഉയിരേകിക്കൊ
ണ്ടോലേഞ്ഞാലികള്‍ ചുറ്റും.


ഇരുളൊരു നെടുതാം നിശ്വാസത്താല്‍
ചൂടുകലര്‍ന്നൊരു കാറ്റായ്
പകലിനെ മെല്ലെയെടുത്തു മറിച്ചതി
നടിവയര്‍ കാട്ടി രസിപ്പൂ.
മാനത്തമ്പിളിയകലത്താലേ
വടുക്കളെയാകെ മറച്ചും
പൗഡറുപൂശി വെളുത്തും കാണാം
നക്ഷത്രങ്ങള്‍ക്കിടയില്‍.

സന്ധ്യകളെത്ര ചെറുതാം മറിവുകള്‍
മനമൊരു കുട്ടിക്കരണം മറിയും
കുരങ്ങിന്‍ കൈത്തലമായി
നീയും നീയും മേളിക്കുന്നിടമെത്തി
യറിഞ്ഞൊരു ഞാനായ്
ആദ്യവസാനപ്പൊരുളുകള്‍ തേടും
കണ്ണായ് ഉടലായ് കരളായ്
പൊതുവാമിടമതില്‍ കിളിരം കൂടിയ
മതിലുകള്‍ പതിവാം നാളില്‍
അല്പമെരിഞ്ഞു ചൊരിഞ്ഞൊരു
തീക്കൈ മാനത്തന്തിയെയെഴുതി.

ഞാനും നീയും മേളിക്കുന്നൊരു
കാറ്റിന്‍ ചുറ്റിലുമായി
ചിറകുവിരുത്തിപ്പായും
കാക്കകള്‍ തമ്മില്‍ ചേര്‍ന്നിടകലരും
ഇരുളിന്‍ ചിറകുകള്‍ നീര്‍ത്തിയ നിശയില്‍
മുഖമതു മൂടീ നീയും ഞാനും
അകലം പാലിച്ചാലോ?

അറിവില്ലായ്മകള്‍ അറിവിന്‍ മീതേ
വീശിവിരിച്ച പുതപ്പില്‍
തനതായറിയുവതിന്നും
തടസ്സം വന്നണയുന്ന ദിനത്തില്‍
വീണ്ടും കാണാം, തമ്മില്‍തമ്മില്‍
മറിവുകള്‍ സ്വപ്നം കാണാം.

തുറന്ന തുറുങ്കുക,ളടഞ്ഞ വാതില്‍
തിരുത്തി മുന്നോട്ടായാം
വഴിയതുതന്നേ, നമ്മള്‍ക്കും
വിധി മറ്റൊന്നുണ്ടോ ഭൂവില്‍?