Tuesday, July 7, 2020

'സ്വാതന്ത്ര്യം' എന്നെഴുതിയ ഒരു മതില്‍








അപ്പോഴയാള്‍ ഭിത്തിയിലേക്കു നോക്കി. പഴകി നിറംമങ്ങിയത്, ചാരവും, തവിട്ടും, പായല്‍ പച്ചയും, കറുപ്പും നിറമടര്‍ന്ന് അല്പം വെളുപ്പും കലര്‍ന്നത്. പൊളിഞ്ഞ് അനവധി സൂക്ഷ്മമായ അടരുകളെ പ്രദര്‍ശിപ്പിച്ച് കാലത്തിന്‍റെ ഒഴുക്കിനെ,വാര്‍ഷിക വളയങ്ങളെന്നോണം പ്രദര്‍ശിപ്പിക്കുന്ന മതില്‍. അയാള്‍ നഖം കൊണ്ടതില്‍ പോറി ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി. അടര്‍ന്നു കിടന്ന ചെങ്കല്ലിന്‍റെ ഒരു കഷണം കൊണ്ടതിനു നിറം പകരുവാനും. പച്ചിലകള്‍ ഉരച്ചുചേര്‍ത്ത് വരയ്ക്കുന്നതിനിടയില്‍ അയാള്‍ ആ അണ്ണാന്‍റെ ആത്മഹത്യയെക്കുറിച്ചോര്‍ത്തു. കാമ്പസിലെ ഒരു ബസ് പോയിന്‍റിലേക്ക് റോഡുമുറിച്ചോടിയ അവനെ ഒരു വണ്ടി തട്ടിയിട്ടു പോയി. ചോരവാര്‍ന്ന അണ്ണാന്‍. അവനതിനെ കുനിഞ്ഞെടുത്ത് സിമന്‍റു ബെഞ്ചില്‍ വെച്ചു. അവന്‍റെ കണ്ണിന്മുന്നില്‍ ചെറുതായൊന്നു പിടഞ്ഞിട്ട് അതു ജീവന്‍ വെടിഞ്ഞു. ഒരണ്ണാന് ഈ മതിലിനപ്പുറം പോകാന്‍ കഴിഞ്ഞേനെ. വിവൃതമായ മതില്‍. ലോപം സംഭവിച്ചു പോയ ഗതി. വേഗതയുടെ പ്രത്യയ ദൃഢതയില്‍ ആഴത്തിലുഴുതുമറിക്കപ്പെട്ട നിലം. 

നീയെന്താണു വരയ്ക്കുന്നത്?

അതു പറയാനാവുമായിരുന്നുവെങ്കില്‍, മറ്റൊരു ഭാഷയ്ക്കു തീര്‍ത്തും വഴങ്ങുമെങ്കില്‍ പിന്നെ എന്തിനു വരയ്ക്കണം? ഇന്നലെ വൈകിട്ട് തീകുട്ടിയവരുപേക്ഷിച്ചു പോയ കരികൊണ്ട് അവന്‍ ആ ചിത്രത്തിനു കൂടുതല്‍ ശക്തിയേകി.

ഒരു അണ്ണാന്‍റെ മരണത്തിലെന്താണിത്ര...ആവൂ. അറിഞ്ഞു കൂടാ. ഒരു വണ്ടിയുടെ ഗതി അതിനെ...

നടന്നു നീങ്ങുമ്പോള്‍ ഒരു നായ്ക്കൂട്ടം മുരണ്ടുകൊണ്ട് വഴി തടയുന്നു. അവന്‍ ഭയത്തെ മാറ്റി വെച്ച് നടന്നു. അവയെ കടന്നു പോയപ്പോള്‍ ഒരു തവിട്ടു നിറമുള്ള പട്ടി കുര തുടങ്ങി. അവന്‍റെ നേര്‍ക്കവ മുരണ്ടു കൊണ്ടടുത്തു. വെളുത്ത, ക്രൗര്യമുള്ള പല്ലുകള്‍.  . അവന്‍ ചുറ്റും നോക്കിയിട്ട് അരികില്‍ നിന്നൊരു കല്ലു കുനിഞ്ഞെടുത്തു. നായ്ക്കള്‍ അല്പം പിന്‍വലിഞ്ഞു.

അവന്‍ മതിലിലേക്കു നോക്കി. അതില്‍ നായ്ക്കള്‍ ശേഷിച്ചിട്ടില്ല. അണ്ണാന്‍റെ രൂപം ബാക്കിയാവുന്നു. ചിത്രകാരന്മാരെ മോഹിപ്പിച്ച അവന്‍റെ വാല്‍രോമങ്ങള്‍. അതില്ലെങ്കില്‍  അതൊരു എലിയെപ്പോലെയാവും. മരത്തില്‍ ജീവിക്കുന്ന ഒരെലി. അതു ചിലയ്ക്കുന്നു. വാലുയര്‍ത്തി അപകടമെന്നു വിളിക്കുന്നു. പല്ലുകള്‍ കൊണ്ടൊരു പേരയ്ക്ക കടിക്കുന്നു.

ഒരു മതിലില്‍ അതിനു മുകളിലൂടെ ഓടാനറിയാവുന്ന അണ്ണാന്‍. അതിരുകടക്കുന്നവരെ നിയന്ത്രിക്കുവാന്‍ വെച്ച കുപ്പിച്ചില്ലുകള്‍. അവയ്ക്കിടയിലൂടെ പായുമ്പോള്‍ അവന് മുറിവു പറ്റുന്നുണ്ടോ.?

രാഷ്ട്രീയമാണവനെ ബീഡിക്കുറ്റി പെറുക്കുന്നവനാക്കിയത്. ആദ്യം വലിക്കാനായല്ല. ഇന്ത്യനിങ്കില്‍ മുക്കി പോസ്റ്ററുകളെഴുതുവാന്‍. പരസ്യപ്പെടലായിരുന്നു അവയുടെ ധര്‍മ്മം. ഈ ചിത്രം രഹസ്യമാണ്. ഭ്രാന്താശുപത്രിയുടെ ഭിത്തിയില്‍ കോറിവരച്ചാല്‍ ശിക്ഷിക്കപ്പെടാം. അതിനു പരസ്യപ്പെടും വരെയേ ആയുസ്സുള്ളു. കലാകാരന്‍റെ സ്വപ്നങ്ങളിലെ
കുറ്റവാസനയാണയാളുടെ കല. ആളുകള്‍ ഉന്നം വെക്കുന്ന ശരി തെറ്റുകള്‍ക്കിടയിലെ മതില്‍. ഇതിനേതു വശത്താണ് ശരി?.  സ്വാതന്ത്ര്യം എന്ന പ്രഹേളിക. മറ്റൊരാള്‍ അതനിവാര്യമായി എണ്ണുന്നുണ്ടോ? ആവിഷ്കാരം അങ്ങിനെയാണ്. ശരി തെറ്റുകള്‍ക്കിടയിലെ മതിലിലാണതു പതിയുന്നത്. നിങ്ങളതിന്‍റെ ഒരു വശം മാത്രം തെളിച്ചു കാട്ടുവാനാണു ശ്രമിക്കുന്നത്. സ്വകാര്യത പരസ്യപ്പെടുന്ന വഴി. അടുത്താരുടെയോ അനക്കം കേട്ടപ്പോള്‍ നിങ്ങള്‍ നിര്‍ത്തുന്നു. പതുക്കെ നടന്നു മാറുന്നു. നിങ്ങളെ അവര്‍ക്കറിയാം. ഈ മതിലില്‍ എവിടെയെങ്കിലും നിങ്ങള്‍ നഖംകൊണ്ട് പോറാത്ത, കല്ലുരയ്ക്കാത്ത ദിവസങ്ങളില്ല. ഈ ആശുപത്രിയില്‍ നിങ്ങളുടെ കുറ്റവാസന അതിന്‍റെ അതിരില്‍ കല്ലുരച്ച് അപ്പുറത്തെ സ്വാതന്ത്ര്യത്തെ ദൃശ്യമാക്കുന്നു. ആവിഷ്കാരം എന്ന കുറ്റം ഓരോ കലാകാരന്‍റേതും. ചുവരില്ലാതെ ചിത്രം വരയ്ക്കാമോ?

നിങ്ങളുടെ കാന്‍വാസ് ഈ ഭിത്തിയിലാണു ചാരിയിട്ടുള്ളത്. അതൊരു മതിലാണ്. അതിന്‍റെ അതിരുകള്‍ക്കുള്ളില്‍ നിങ്ങള്‍ നിഷിദ്ധമായ സ്വാതന്ത്ര്യം കൊണ്ടു പോറുന്നു. അപ്പുറത്തുള്ള എന്തിനേയോ വലിച്ചടുപ്പിക്കുന്നു. ദൃശ്യമാക്കുന്നു.

ചത്തു കിടക്കുന്ന അണ്ണാനെ നിങ്ങള്‍ പൊന്തക്കാട്ടിലുപേക്ഷിക്കുന്നു. അത് കാന്‍വാസി ലെങ്ങിനെ വന്നു കയറുന്നു?. വണ്ടിക്കാരന്‍റെ സ്വാതന്ത്ര്യം അതിനെ... ഈ കാന്‍വാസ്സില്‍ അണ്ണാന്‍റെ രോമങ്ങള്‍ പറ്റിയിരിക്കുന്നു. അവനതിലുണ്ട്. തന്‍റെ ദുരന്തത്തെ അവന്‍ പ്രത്യക്ഷ മാക്കുന്നു. ചത്ത അണ്ണാന്‍റെ ജഡം അതിലൂടെ പാഞ്ഞുനടക്കുന്നു. ഒരു മിനിയേച്ചര്‍ ചിത്രത്തിലെ മരത്തില്‍ പാഞ്ഞുനടക്കുന്ന അണ്ണാനുകള്‍. അവയിവിടെ ക്രമേണ രോമം മാത്രം അവശേഷിപ്പിച്ച് പിന്മാറുന്നോ? ആ രോമങ്ങള്‍ കൊണ്ടുള്ള വരപ്പില്‍ ചെറുലോകങ്ങളുടെ മിന്നല്‍ത്തിളക്കങ്ങള്‍. അണ്ണാന്‍മാര്‍ ഓടിക്കയറി നിറം പകര്‍ന്ന ഒരു മരം. ബ്രഷില്‍ നിന്ന് ഇളകി കാന്‍വാസിലൊട്ടിയ ഒരു രോമം. സ്വാതന്ത്ര്യം എന്നെഴുതിയ ഒരു മതില്‍!