തലയിലൊരു മേട് (short story)
തലയിലൊരു മേട് കിട്ടുക, അതു പലവട്ടം കിട്ടുക, അതിലിത്ര പറയാനെന്തിരിക്കുന്നു, അല്ലേ?
അതും തല കൊണ്ട് ഇത്രയൊക്കെ മേട് ഒപ്പിക്കുന്ന ഒരാളാവുമ്പോള്‍! (ചിരിക്കുന്നു.). ഇത്തവണ ഇതിലൊന്നും പ്രത്യേക പദ്ധതിയൊന്നും ഇല്ലെന്നു മാത്രം.
മാത്തച്ചന്‍ എന്‍റെ കൂട്ടുകാരനാണ്. പ്രൈമറി ക്ലാസ്സില്‍ ഞങ്ങളൊന്നിച്ചു പഠിച്ചവരാണ്. മാത്തച്ചന്‍ സാമാന്യം ധനികമായ പശ്ചാത്തലത്തില്‍ നിന്നും വരുന്നു. എന്‍റെ സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല. എന്നാലും കഴിഞ്ഞു പോവാം. കുട്ടിക്കാലത്ത് ഒന്നോ രണ്ടോ തവണ ഞാന്‍ മാത്തച്ചന്‍റെ വീട്ടില്‍ പോയിട്ടുണ്ട്. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ഒരു അത്തിമരം കാണുന്നത്. മാത്തച്ചന്‍റെ വീട്ടുമുറ്റത്ത് മതിലിനോട് ചേര്‍ന്ന് നിന്നിരുന്ന അത്തിയില്‍ നിറയെ കായ്കളുണ്ടായിരുന്നു. മറ്റു മരങ്ങളില്‍ നിന്നും വ്യത്യസ്തമായി തായ്ത്തടിയില്‍ തന്നെ നിറയെ കായ്കളുമായി നിന്ന ആ മരം എന്നെ അത്ഭുതപ്പെടുത്തി.
പിന്നെയുമുണ്ടായിരുന്നു മാത്തച്ചനുമായി ബന്ധപ്പെട്ട അതിശയങ്ങള്‍. മാത്തച്ചന്‍ സ്കൂളില്‍ വന്നിരുന്നത് ഒരു കഷണ്ടിക്കാരനായ ആളുടെ സ്കൂട്ടറിന്‍റെ സൈഡ് കാറിലാണ്. സൈഡ്കാറുള്ള സ്കൂട്ടറുകള്‍ അന്നുമിന്നും തുലോം വിരളമായേ കണ്ടിട്ടുള്ളു. ഏതാണ്ടൊരു ചെറുവിമാനത്തിന്‍റെ ആകൃതി തോന്നിച്ച ആ സൈഡ്കാറിന്‍റെ ഉള്ളിലേക്കൂളിയിട്ട് അപ്രത്യക്ഷനാവാനും അതില്‍നിന്നു നൂഴ്ന്നിറങ്ങുവാനുമൊക്കെയുള്ള മാത്തച്ചന്‍റെ മിടുക്ക് ഞങ്ങളില്‍ അവനോടൊരു ആരാധന തോന്നിച്ചിരുന്നു. കാറിലും മറ്റും സ്കൂളിലെത്തിയിരുന്നവര്‍ ചിലരെല്ലാം ഉണ്ടായിരുന്നുവെങ്കിലും മാത്തച്ചന്‍റേതു പോലൊരു സൈഡ്കാര്‍, അതും ഷോഫര്‍ ഡ്രിവണ്‍ ആയ ഒന്ന് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. വളരെ സ്നേഹവാനായ ഒരു സുഹൃത്തായിരുന്നു മാത്തച്ചന്‍. ഞങ്ങളുടെ ക്ലാസ് റ്റീച്ചറായിരുന്ന ലീലാമ്മ സാറിന്‍റെ നിലത്തുമുട്ടുന്ന നീളന്‍മുടി പോലെ അതും കൗതുകങ്ങളുടെ പട്ടികയില്‍ മുന്നില്‍ നിന്നു.
ബാല്യകാലത്ത് നന്നേ തടിച്ചുരുണ്ട ഒരു കുട്ടിയായിരുന്നു അവന്‍. പഠിക്കാന്‍ അത്ര വലിയ മിടുക്കനായിരുന്നു എന്നൊന്നും പറയാനില്ല. ഇതിന്‍റെയൊക്കെപ്പേരില്‍ കുട്ടികള്‍ അവനെ ചിലപ്പോഴെല്ലാം പരിഹസിക്കാറുണ്ടായിരുന്നു. മാത്തച്ചന്‍ എന്ന അവന്‍റെ വിളിപ്പേര് കാര്യങ്ങള്‍ കുറേക്കൂടി മോശമാക്കി. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ബസ്സു കളിക്കുകയായിരുന്നു. ഒരു ചരടുകൊണ്ടുണ്ടാക്കിയ څബസ്സില്‍ڈ കയറി ഓടിക്കളിച്ച ഞങ്ങളുടെ അടുത്തു തന്നെയായി കുറേ കുട്ടികള്‍ ചേര്‍ന്ന് എന്തിനോ മാത്തച്ചനെ കളിയാക്കുവാന്‍ തുടങ്ങി.
മണിപത്താവും നേരത്ത്
മടിയന്‍ മാത്തനുറങ്ങുന്നു
പതിവായ് പന്ത്രണ്ടേത്തയ്ക്ക
കട്ടന്‍കാപ്പി ഒരു കലവും
മോന്തിയ ശേഷം വീണ്ടും പോയ്
മടിയന്‍ മാത്തനുറങ്ങുന്നു....
എന്ന പാട്ടും പാടിക്കൊണ്ട് തന്‍റെ പിന്നാലെ കൂടിയ കുട്ടികള്‍ അവനെ ശുണ്ഠി പിടിപ്പിച്ചു.മാത്തച്ചന്‍ കലി പൂണ്ട് ഒരു കല്ലും എടുത്തുകൊണ്ട് അവര്‍ക്കു പിന്നാലെ പാഞ്ഞു. കുട്ടികള്‍ ചിതറിയോടി. അവന്‍ കല്ലു വീശിയെറിഞ്ഞു. അല്പം അകലെ മാറി നിന്നിരുന്ന എന്‍റെ തലയിലാണ് കല്ലു വന്നു കൊണ്ടത്. ഞാന്‍ താഴെ വീണു. ഉച്ച നേരമായതു കൊണ്ട് എന്‍റെ തലയില്‍ നിന്നും ധാരാളം രക്തം പോയി. എല്ലാവരും മാത്തച്ചനെ പഴി പറഞ്ഞു. മാത്തച്ചന്‍ കരഞ്ഞു പോയി. ടീച്ചര്‍മാര്‍ എന്‍റെ ചോരപുരണ്ട ഷര്‍ട്ടു മാറ്റി മറ്റൊരു കുട്ടിയുടെ ഷര്‍ട്ടുമിടീച്ച് എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി മുറിവില്‍ മരുന്നുവെച്ച് ഡ്രസ്സുചെയ്തു തിരിച്ചു വരുമ്പോഴും മാത്തച്ചന്‍ നിന്നു വിറയ്ക്കുന്നുണ്ടായിരുന്നു. ആ നേരമത്രയും മറ്റേക്കുട്ടി ബനിയനും നിക്കറുമിട്ട് ക്ലാസ്സിലിരുന്നു. എനിക്കു കഷ്ടം തോന്നി. അവന്‍ എന്നെയുദ്ദേശിച്ച് എറിഞ്ഞതല്ല. കുട്ടികള്‍ ചേര്‍ന്ന് അവനെ പരിഹസിക്കുന്നതു ഞാന്‍ കണ്ടതുമാണ്. പ്രകോപിപ്പിച്ചപ്പോഴുള്ള ദേഷ്യത്തിന് എറിഞ്ഞു. യാദൃസ്ചികമായി അതെന്‍റെ തലയിലാണു വന്നു പതിച്ചത്. എനിക്കു മാത്തച്ചനെ ഇഷ്ടമായിരുന്നു. അവന്‍റെ സങ്കടം കണ്ടപ്പോള്‍ ഞാനവനെ സമാധാനിപ്പിച്ചു.
സാരമില്ല. മാത്തച്ചന്‍ വിഷമിക്കണ്ട. എന്‍റെയീ തല പൊട്ടുന്നത് ആദ്യമായിട്ടൊന്നുമല്ല..
അതവന് കുറച്ചൊരാശ്വാസമായി. ഞാന്‍ പറഞ്ഞതു വാസ്തവമായിരുന്നു. കുട്ടിക്കാലത്ത് പലവട്ടം വീണ് എന്‍റെ തല പൊട്ടിയിരുന്നു. അല്‍പം പരന്ത്രീസില്‍ പറഞ്ഞാല്‍ ഒരു ക്രാക്കായ ഞാന്‍ പണ്ടേ തല ക്രാക്കുകള്‍ കൊണ്ടു നിറച്ചിരുന്നു. വീടിന്‍റെ ഒരു വശത്തുള്ള തിണ്ണയില്‍ നിന്നു തന്നെ മൂന്നു തവണ തലകുത്തി വീണ് എന്‍റെ തല പൊട്ടിയിട്ടുണ്ട്. വീട്ടില്‍ വെച്ചു തലപൊട്ടിയപ്പൊഴൊന്നും അമ്മ എന്നെ ആശുപത്രിയില്‍ കൊണ്ടു പോയില്ല. മുറിവില്‍ കുറച്ചു പഞ്ചസാര വെച്ചു തരും. ചോര പുരണ്ട ആ പഞ്ചസാര ഉണങ്ങിക്കഴിയുമ്പോള്‍ ഞാനെടുത്ത് നൊട്ടി നുണയും. പഞ്ചസാരയ്ക്കു മുറിവുണക്കാനാവുമോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. ഏതായാലും കുറച്ചു ദിവസം കൊണ്ട് മുറിവുണങ്ങും. ഇന്നു മാത്തച്ചന്‍ ഒതുങ്ങിയ ശരീരമുള്ള അന്‍പതു കഴിഞ്ഞ സുമുഖനായ ഒരു മനുഷ്യനാണ്. അന്നു കുട്ടികള്‍ പരിഹാസത്തിലൂടെ അയാളിലേല്‍പ്പിച്ച മുറിവും ഉണങ്ങിക്കാണണം.
തലയ്ക്കു കിട്ടുന്ന മേടുകളെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. സ്കൂളിലെ പഠിപ്പു തീരും മുന്‍പ് തന്നെ എനിക്കു വീണ്ടും തലയ്ക്കു മേടു കിട്ടി. ഇത്തവണ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ്. ഇത്തവണ അതു പമ്പരം കൊണ്ടായിരുന്നുവെന്നു മാത്രം. സ്കൂളിലെ ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് കുട്ടികള്‍ മൈതാനത്തു പമ്പരം കുത്ത് കളിക്കുമായിരുന്നു. പലപ്പോഴും ഞാനും കളിക്കാന്‍ കൂടും.
പമ്പരം കുത്തു കളി ഏതാണ്ടിങ്ങനെയാണ്. കളിക്കുന്നവര്‍ രണ്ടു ടീമായി തിരിയും. കളത്തിന്‍റെ നടുക്ക് ഒരു പമ്പരം വെച്ച് അത് തങ്ങളുടെ ഭാഗത്തെ അതിരിനപ്പുറത്തേക്കു വീശിക്കുത്തുന്ന പമ്പരം കൊണ്ടു കുത്തി തെറുപ്പിച്ച് എത്തിക്കാന്‍ ഇരു ടീമുകളിലേയും കളിക്കാര്‍ യത്നിക്കും.. വിദഗ്ദ്ധരായ പമ്പരം കുത്തുകാര്‍ ചരടുചുറ്റി വീശിക്കുത്തുന്ന പമ്പരം അന്തരീക്ഷത്തിലൂടെ മൂളിപ്പാഞ്ഞ് ദൂരെച്ചെന്നു നിന്നു കറങ്ങുന്നതും അതു ചരടു കൊണ്ട് കോരിയെടുത്ത് കൈവെള്ളയില്‍ വെച്ച് കറക്കി അതു കൊണ്ട് വീണ്ടും നടുക്കു വെച്ചിട്ടുള്ള പമ്പരത്തെ തട്ടി നീക്കുന്നതുമെല്ലാം ആവേശകരമായ കാഴ്ചകളാണ്.
സ്കൂളില്‍ നിന്ന് ഏതാണ്ട് ഒരു മൈല്‍ ദൂരത്താണ് സ്കൂള്‍. ചിലപ്പോഴെല്ലാം ഞാന്‍ ഉച്ചയ്ക്കു വീട്ടില്‍ വന്നാണു ഊണു കഴിക്കുക. ഒരു ദിവസം ഞാന്‍ ഊണു കഴിഞ്ഞ് സകൂളില്‍ തിരിച്ചെത്തി പലതരം കളികളിലേര്‍പ്പെടുന്ന കുട്ടികള്‍ നിറഞ്ഞ മൈതാനത്തു കൂടി കടന്നു പോവുമ്പോള്‍ ഒരു പമ്പരം മൂളിപ്പാഞ്ഞു വന്ന് എന്‍റെ തലയില്‍ കൊണ്ട് ഞാന്‍ ഒരു നിമിഷത്തേക്ക് ബോധംകെട്ട് നിലം പൊത്തി. സ്കൂളിലെ അറിയപ്പെടുന്ന സംഗീതകാരനും ഒക്കെയായ ജീവിന്‍റെ പമ്പരമാണു പറന്നു വന്ന് എന്‍റെ തലയില്‍ തട്ടിയത്. ഞാന്‍ വീണതു കണ്ട് അടുത്തു വന്ന കളിക്കാര്‍ എനിക്കു കുഴപ്പമില്ല എന്നു കണ്ടപ്പോള്‍ കളിയിലേക്കു തിരിച്ചു പോയി. തലയ്ക്കു കാര്യമായ മുറിവൊന്നും ഉണ്ടായിരുന്നില്ല എന്നതു കൊണ്ട് ഞാനതു കാര്യമായി എടുത്തതുമില്ല.
എന്നാല്‍ തമാശയുള്ളതെങ്കിലും വിചിത്രമായ ഒരു കാര്യം ഇതേ സംഭവം അതു കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ആവര്‍ത്തിച്ചു എന്നതാണ്. ഇത്തവണയും ഞാന്‍ പമ്പരം കൊണ്ടു നിലത്തു വീണു, കുത്തിയതാവട്ടെ ജീവ് തന്നെയും. എന്നാലിത്തവണ അയാളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. പമ്പരം തലയില്‍ കൊണ്ടിട്ടാണു ഞാന്‍ വീണതെന്നു വിശ്വസിക്കുവാന്‍ ജീവ് വിസമ്മതിച്ചു. ഞാന്‍ കബളിപ്പിക്കുകയാണെന്നാണ് അയാള്‍ക്കു തോന്നിയതെന്നു തോന്നുന്നു. ഒരേ സ്ഥലത്തു വെച്ച് ഒരേ ആള്‍ക്കു തന്നെ ഒരേ തരത്തിലുള്ള അപകടം രണ്ടു തവണ സംഭവിക്കുക അസാധാരണമാണ്, എന്നാലത് സംഭവിച്ചില്ലെന്ന് എങ്ങനെ പറയാനാവും? ഇത്തവണയും മുറിവൊന്നും പറ്റിയിരുന്നില്ല എന്നതു കൊണ്ട് ഞാന്‍ പിടഞ്ഞെണീറ്റു. അതാലോചിക്കുമ്പോള്‍ ഇന്നും എനിക്കു ചിരി പൊട്ടും. ഒരേയിടത്തു തന്നെ വീണ് മൂന്നു തവണ തല പൊട്ടിയിട്ടുള്ള ഒരാളാവുമ്പോള്‍ ഇതിലപ്പുറം വരാം, അല്ലേ?
ഇനിയുള്ളത് മറ്റൊരു അപകടമാണ്. എന്‍റെ തലയ്ക്കു പരുക്കു പറ്റുന്നത് അവിടം കൊണ്ടും അവസാനിച്ചില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, കൂട്ടുകാരായ ദാസും അജിത്തും മറ്റുമൊത്ത് ഇടുക്കിയിലെ ഒരാദിവാസി മേഖലയില്‍ പോയതാണ്. നാടുചുറ്റി കണ്ടു വരാമെന്നു കരുതി ഒരു പ്രോഗ്രാമിന്‍റെ അനൗണ്‍സ്മെന്‍റ് നടത്തുന്ന ജീപ്പില്‍ കയറിപ്പറ്റിയതാണ്. അനൗണ്‍സ്മെന്‍റുമായി പോയ വണ്ടി ഒരിറക്കമിറങ്ങി വരവേ നിയന്ത്രണം വിട്ട് പലവട്ടം മറിഞ്ഞു, അജിത്തിന്‍റെ കാലിലെ കുറേ ഭാഗത്തെ തോലു പോയി. എനിക്കിത്തവണയും തലയ്ക്കായിരുന്നു പരുക്ക്. നെടുനീളത്തില്‍ എട്ടോളം സ്റ്റിച്ചുണ്ടായിരുന്നു. പിറകില്‍ ഒരു വായ തുറന്നതു പോലെ. അജിത്തിന്‍റേയും ദാസിന്‍റേയും തമാശ കലര്‍ന്ന ദൃക്സാക്ഷി വിവരണങ്ങളില്‍ സൗണ്ട്ട്രാക്കായി അനൗണ്‍സറുടെ മൈക്ക് അനൗണ്‍സ്മെന്‍റും ആ അപകടവും കുറേക്കാലം പച്ചപിടിച്ചു നിന്നു. ആശുപത്രിയില്‍ നിന്നും വണ്ടിയില്‍ തിരികെ വരുമ്പോള്‍ ആരുടേയോ വിരലുകള്‍ തലയിലെ മുടിയില്‍ തഴുകി എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒരു വിള്ളലുണ്ടാവുന്നത് നല്ലതാണ്, അതു വഴിയാണല്ലോ പ്രകാശം ഉള്ളില്‍ കടക്കുക, അല്ലേ!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home