Saturday, October 10, 2020

ആദര്‍ശ ഘടികാരം


പന്ത്രണ്ടു സൂചികളുള്ള ആ ഘടികാരം

സൂചികള്‍ തമ്മില്‍ പയറ്റാതെ

പലപാടുകറങ്ങിക്കൊണ്ടേയിരുന്നു.

സൂചികളുടെ നിശ്ചലതയാണ്

ഘടികാരത്തെ കറക്കുന്നതെന്ന് 

നിസ്സംശയം പറയാം.

അപരരുടെ തലച്ചോറുണ്ണുന്ന 

ആരക്കാലുകളുള്ള ആ യന്ത്രം 

ഭാഷയുടെ വഴുതിപ്പോകലുകളെ തടുത്തുകൂട്ടി

മെനഞ്ഞെടുക്കുന്ന ശബ്ദക്രമീകരണത്തില്‍ 

പലപാടുമോടിത്തിരിഞ്ഞ് 

സാധ്യതകളെ ഛര്‍ദ്ദിച്ചുകൊണ്ടേയിരുന്നു.

ഏതിണ്ടയും പലവട്ടം മുഴങ്ങുന്ന ധ്വനിപ്പെരുക്കത്തില്‍

ആദര്‍ശവാലുള്ള ഒരു തെരണ്ടി

വാട്ടര്‍വര്‍ക്സുകാരുടെ കുഴല്‍വണ്ടികള്‍ക്കും(വിളികള്‍ക്കും) 

വഴിപ്പണിക്കാരുടെ താറിടല്‍ യന്ത്രങ്ങള്‍ക്കുമിടയിലൂടെ

തലകാട്ടി.

ആര്‍.മട്ടിന്‍റെ ഫൗണ്ടനില്‍ നിന്നും

ഭൂതകാല വ്യാപാരം തെന്നിവീണതു പോലെ

ഒരു വീഴ്ച സമയത്തിനുണ്ടാകുമോ

എന്ന ആശങ്കയില്‍ 

പല്ലുകൊഴിഞ്ഞ ആ പല്‍ച്ചക്രം

നാവുനീട്ടി അണച്ചുകൊണ്ടേയിരുന്നു..

ഒരു ദിവസത്തെ എങ്ങിനെയെല്ലാം ഭാഗിക്കാമെന്ന

അപരിചിതന്‍റെ സന്ദേഹം

നിരവധി മുഖങ്ങളും കറക്കങ്ങളുമുള്ള 

ആ സമയയന്ത്രത്തെ വിറകൊള്ളിച്ചു.

ടക്ടക് ശബ്ദങ്ങള്‍ക്കും മണിയടിക്കും ഇടെ

സര്‍വ്വത്ര പരന്നതുകൊണ്ടു പതിരുതെളിഞ്ഞ

ആ യന്ത്രത്തില്‍ ഒരു നെന്മണി പോലും തെളിയാതെ വന്നാലും

ഉദ്വേഗം അതിനെ കറക്കിക്കൊണ്ടേയിരിക്കും.



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home