Wednesday, May 13, 2020

വല്ല്യമ്മച്ചി







തണുപ്പും കോടമഞ്ഞും ചറുപിറുന്നനെയുള്ള മഴയും
ഇഴയിട്ട ഹൈറേഞ്ചിലെ ഒരു ദിവസത്തിന്‍റെ ഞരമ്പുകളിലൂടെ
ഒഴുകുന്ന ഓര്‍മ്മ
പെട്ടെന്ന് പുറത്തേക്കൊരു വഴി
കണ്ടെത്തിയതെങ്ങിനെയാവും?
ഒരു വണ്ടി കിതച്ചും അരികുപറ്റിയും കയറിപ്പോകുന്ന
എതിര്‍വശത്തു നിന്നൊന്നു വന്നാല്‍
വഴികൊടുക്കാന്‍ നിശ്ചിതസ്ഥലങ്ങള്‍ മാത്രമുണ്ടായിരുന്ന
ആ കയറ്റം, വളവുകള്‍,
ആളുകള്‍ തിങ്ങി നിറഞ്ഞ ബസ്സുകള്‍, 
ഭയപ്പെടുത്തുന്ന കൊക്കകളും 
കീഴ്ക്കാം തൂക്കായ പാറകളും
ഹൈവേ വരും മുന്‍പുള്ള കാലം
ഉടലില്‍ അട്ടയെന്നോണം കടിച്ചു തൂങ്ങുന്ന
ആ ഓര്‍മ്മയില്‍ നിന്ന്
നിലയ്ക്കാന്‍ മടിച്ച് ഒഴുകുന്ന ചൂട്.

പൊതിയഴിച്ച് 
അല്‍പം പുകയില
ചവച്ചുചവച്ച് രസംപിടിച്ച്
ചുണ്ടിന്‍റെ വശങ്ങളിലേക്കല്‍പം ഒലിച്ചിറങ്ങി
നേര്‍ത്ത ലഹരിയുുള്ള ചിരിയൊടെ വല്ല്യമ്മ. പറയുന്ന
څമൂത്താല്‍ എല്ലും കിലുങ്ങുڈമെന്ന കഥകൊണ്ട്
അവര്‍ രസകരമാക്കിയ ആഖ്യാനത്തിലെ
വയസ്സിയുടെ വേഷക്കാരി അവര്‍ത്തന്നെയാവുമോ
എന്ന് സംശയിപ്പിച്ചു കൊണ്ടുള്ള ആ നടത്തം,
നേര്‍ത്ത ചിരി 
മറ്റൊരു ഇടത്ത്
നേരത്തേ പിരിഞ്ഞുപോയ ഭര്‍ത്താവിനെയോര്‍ത്താവുമോ വലിയമ്മ
ജീവതത്തിലുടനീളം വെളുപ്പണിഞ്ഞത്?
ആവണമെന്നില്ല, ആയിക്കൂടായ്കയുമില്ല.

ഏതായാലും പോകും മുന്‍പ് 
എന്നെ കാണണമെന്നു പറഞ്ഞത്
നടക്കാതെപോയി,
വേണ്ടനേരത്തു നടക്കാഞ്ഞാല്‍ 
മരിച്ച നേരത്തു നടക്കാറില്ലല്ലോ.




0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home