Thursday, April 16, 2020

പോള്‍ സെലാന്‍ കവിതകള്‍

മരണത്തിന്‍റെ സംഗീതം(സ്വപ്നാടനം)


പോള്‍ സെലാന്‍


പുലരിയിലെ കറുത്ത പാല്‍ നാമത് വൈകുന്നേരം കുടിക്കുന്നു
നാമത് ഉച്ചയ്ക്കു കുടിക്കുന്നു, രാവിലെയും
നാമതു രാത്രി കുടിക്കുന്നു
നാം കുടിക്കുന്നു, നാം പിന്നെയും കുടിക്കുന്നു
നമ്മള്‍ വായുവിലൊരു കുഴിമാടം തോണ്ടുന്നു
അവിടെ നിനക്കു കിടക്കാനിടമില്ലാതെ വരില്ല
ഒരു മനുഷ്യന്‍ ആ വീട്ടില്‍ പാര്‍ക്കുന്നു
അയാള്‍ പാമ്പുകളോടൊത്തു കളിക്കുന്നു, അയാള്‍ എഴുതുന്നു
അയാള്‍ എഴുതുന്നു
ജര്‍മ്മനിയില്‍ ഇരുള്‍ പരക്കുമ്പോള്‍ നിന്‍റെ സ്വര്‍ണ്ണത്തലമുടി
മാര്‍ഗരീത്ത
അതെഴുതിയിട്ടയാള്‍ വാതിലിനു പുറത്തേക്കിറങ്ങുന്നു
നക്ഷത്രങ്ങളെല്ലാം തിളങ്ങുന്നുണ്ട്
അയാള്‍ ചൂളമടികൊണ്ട് തന്‍റെ വേട്ടനായ്ക്കളെ അടുപ്പിച്ചു നിര്‍ത്തുന്നു
അയാള്‍ ചൂളമടിച്ച് തന്‍റെ ജൂതരെ വരിവരിയായി നിര്‍ത്തുന്നു
മണ്ണിലൊരു കുഴിമാടം അവരെക്കൊണ്ടു മാന്തിക്കുന്നു
നമ്മോടവന്‍ നൃത്തത്തിനു തയ്യാറാവാന്‍ ആജ്ഞാപിക്കുന്നു

പുലരിയിലെ കറുത്ത പാല്‍ നാം നിന്നെ രാത്രി കുടിക്കുന്നു
നമ്മള്‍ നിന്നെ രാവിലെ കുടിക്കുന്നു ഉച്ചയ്ക്കും
നമ്മള്‍ നിന്നെ വൈകുന്നേരം കുടിക്കുന്നു
നമ്മള്‍ കുടിക്കുന്നു നമ്മള്‍ പിന്നെയും കുടിക്കുന്നു
ആ വീട്ടലൊരാള്‍ പാര്‍ക്കുന്നു
അയാള്‍ തന്‍റെ പാമ്പുകളോടൊത്തു കളിക്കുന്നു അയാള്‍ എഴുതുന്നു
അയാള്‍ എഴുതുന്നു ജര്‍മ്മനിയിലിരുള്‍ പരക്കുമ്പോള്‍
നിന്‍റെ സ്വര്‍ണ്ണത്തലമുടി
മാര്‍ഗരീത്താ
നിന്‍റെ ചാരനിറമുള്ള മുടി ഷുലാമിത്ത്
നാം വായുവിലൊരു കുഴിമാടം തോണ്ടുന്നു
നിനക്കു കിടക്കുവാന്‍ അതു തീരെ ഇടുങ്ങുയതാവില്ല.

ഇവിടെ നില്‍ക്കുന്ന ആളുകളേ നിങ്ങളീ മണ്ണ് കൂടുതലാഴത്തില്‍ കുഴിക്കൂ എന്നയാള്‍ ഒച്ചയിടുന്നു
മറ്റുള്ളവര്‍ പാടുകയും കളിക്കുകയും ചെയ്യട്ടെ
അയാള്‍ തന്‍റെ അരപ്പട്ടയിലെ വടി എടുത്ത് ചുഴറ്റുന്നു അയാളുടെ കണ്ണുകള്‍ എന്തു നീലയാണ്
അവിടെ നില്‍ക്കുന്ന കൂട്ടര്‍ നിങ്ങളുടെ മണ്‍വെട്ടികള്‍ കൂടുതലാഴത്തില്‍ ആഴ്ത്തൂ
ബാക്കിയുള്ളവര്‍ നിങ്ങള്‍ നൃത്തം ചെയ്യാനായി ഉത്സാഹിക്കൂ

പുലരിയുടെ കറുത്ത പാല്‍ ഞങ്ങള്‍ നിന്നെ രാത്രി പാനംചെയ്യുന്നു
ഞങ്ങള്‍ നിന്നെ ഉച്ചയ്ക്കു കുടിക്കുന്നു പ്രഭാതത്തിലും
ഞങ്ങള്‍ നിന്നെ സന്ധ്യയ്ക്കു കുടിക്കുന്നു
ഞങ്ങള്‍ കുടിക്കുന്നു വീണ്ടും ഞങ്ങള്‍ കുടിക്കുന്നു
ഒരു മനുഷ്യനാ വീട്ടില്‍ താമസിക്കുന്നു നിന്‍റെ സ്വര്‍ണ്ണത്തലമുടി
മാര്‍ഗരിത്താ
നിന്‍റെ ചാരനിറമുള്ള തലമുടി ഷുലാമിത്ത്
അയാള്‍ തന്‍റെ പാമ്പുകളോടൊപ്പം കളിക്കുന്നു
മരണം കുറേക്കൂടി മധുരമായി കളിക്കാനയാള്‍ ആജ്ഞാപിക്കുന്നു
മരണം ജര്‍മ്മനിയില്‍ നിന്നുള്ള ഒരു യജമാനനാണ്
നിങ്ങളുടെ തന്ത്രികളില്‍ അല്പം കൂടി ഇരുണ്ടു പരുഷമായി മീട്ടൂ എന്നയാള്‍ ഒച്ചവെക്കുന്നു
നിങ്ങളപ്പോള്‍ ആകാശത്തിലേക്ക് പുകപോലെ ഉയര്‍ന്നു പോകും
അപ്പോള്‍ നിങ്ങള്‍ക്ക് മേഘങ്ങളിലൊരു കുഴിമാടം ലഭിക്കും
അവിടെ നിങ്ങള്‍ക്കധികം ഞെരുങ്ങി കിടക്കേണ്ടിവരില്ല

രാവിലത്തെ കറുത്ത പാല്‍ ഞങ്ങള്‍ രാത്രിയില്‍ കുടിക്കുന്നു
ഞങ്ങള്‍ നിന്നെ ഉച്ചയ്ക്കു കുടിക്കുന്നു മരണം ജര്‍മ്മനിയില്‍ നിന്നുള്ള ഒരു യജമാനനാണ്
ഞങ്ങള്‍ നിന്നെ സന്ധ്യയ്ക്കു കുടിക്കുന്നു, പിന്നെ രാവിലേയും ഞങ്ങള്‍ കുടിക്കുന്നു ഞങ്ങള്‍ കുടിക്കുന്നു
ഈ മരണം ജര്‍മ്മനിയില്‍ നിന്നുള്ള ഒരു യജമാനനാണ് നീലക്കണ്ണുകളുള്ളവന്‍
അയാള്‍ ഈയംകൊണ്ടുള്ള വെടിയുണ്ടകള്‍ കൊണ്ട് നിങ്ങളെ വെടിവെക്കുന്നു
നിങ്ങളെ നേരെയും സത്യമായും വെടിവെക്കുന്നു
ഒരു മനുഷ്യനാ വീട്ടില്‍ താമസിക്കുന്നു, നിന്‍റെ സ്വര്‍ണ്ണരോമങ്ങള്‍ മാര്‍ഗരീത്താ
അവന്‍ തന്‍റെ വേട്ടനായ്ക്കളെ ഞങ്ങളുടെ നേര്‍ക്ക് അഴിച്ചു വിടുന്നു
ഞങ്ങള്‍ക്കു വായുവിലൊരു കുഴിമാടം തരുന്നു
അയാള്‍ തന്‍റെ പാമ്പുകളോടൊപ്പം കളിക്കുന്നു ദിവാസ്വപ്നം കാണുന്നു
മരണം ജര്‍മ്മനിയില്‍ നിന്നുള്ള ഒരു യജജമാനനാണ്
നിന്‍റെ സ്വര്‍ണ്ണമുടി മാര്‍ഗരീത്താ
നിന്‍റെ ചാരനിറമുള്ള മുടി ഷുലാമിത്ത്.

Translation : Benoy.p.j


അകലത്തിനു  സ്തുതി




നിന്‍റെ കണ്ണുകളുടെ ഉറവുകളില്‍
ഭ്രാന്തന്‍ സമുദ്രത്തിലെ മുക്കുവരുടെ വലകള്‍ ജീവിക്കുന്നു
നിന്‍റെ കണ്ണുകളിലെ ഉറവുകളില്‍
കടല്‍ അതിന്‍റെ വാഗ്ദാനം പാലിക്കുന്നു.

ഇവിടെ, ഒരു ഹൃദയമായി
മനുഷ്യരുടെ ആ ആലയം,
ഞാന്‍ എന്‍റെ വസ്ത്രങ്ങളുരിഞ്ഞു കളയുന്നു
കണ്ണു മഞ്ചിക്കുന്ന ഒരു പ്രതിജ്ഞയും. .

കറുപ്പില്‍ കൂടുതല്‍ കറുത്ത്, ഞാന്‍ നഗ്നനാണോ
സ്വന്തം വിശ്വാസത്തെ വെടിഞ്ഞ ഞാന്‍ നേരായുമുണ്ടോ
ഞാന്‍ നീയാണ്, ഞാന്‍ ഞാനായിരിക്കെത്തന്നെ.

നിന്‍റെ കണ്ണുകളുടെ ഉറവുകളില്‍
ഞാനൊഴുകി നടക്കുന്നു നേട്ടങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നു.

ഒരു വലയില്‍ മറ്റൊരുവല കുടുങ്ങുന്നു
കെട്ടിപ്പിടിച്ചുകൊണ്ട് നാം വേര്‍പിരിയുന്നു

നിന്‍റെ കണ്ണുകളുടെ ഉറവുകളില്‍
തൂക്കിക്കൊല്ലപ്പെട്ട ഒരുവന്‍ കയറിനെ ഞെക്കിക്കൊല്ലുന്നു.


വൈകിയും ആഴത്തിലും




സ്വര്‍ണ്ണ വാക്യങ്ങള്‍ പോലെ വെറുപ്പുകലര്‍ന്ന് ഈ രാത്രി തുടങ്ങുന്നു
നമ്മള്‍ മൂകരുടെ ആപ്പിളുകള്‍ തിന്നുന്നു
സന്തോഷത്തോടെ സ്വന്തം ജന്മനക്ഷത്രത്തിനു
വിട്ടുകൊടുക്കേണ്ടിയിരുന്ന ഒരു കാര്യം ഏറ്റെടുത്തു സ്വയം ചെയ്യുന്നു
ലിന്‍ഡന്‍ മരത്തിന്‍റെ ഹേമന്തത്തില്‍ ഒരു കൊടിയുടെ വേദനിക്കുന്ന ചുവപ്പായി
ഞങ്ങള്‍ നില്‍ക്കുന്നു
തെക്കുനിന്നുള്ള അതിഥികള്‍
പുതിയ ക്രൂശിതനെപ്പിടിച്ച് ഞങ്ങള്‍ ആണയിടുന്നു പൊടിയെ പൊടിയോടു ചേര്‍ക്കാമെന്ന്
കിളികളെ അലഞ്ഞുനടക്കുന്ന ഒരു ഷൂസിനോട്,
നമ്മുടെ ഹൃദയങ്ങളെ ജലത്തിലെ ഒരു പടിക്കെട്ടിനോട്
നാം ലോകത്തോട് മണലിന്‍റെ വിശുദ്ധ ശപഥങ്ങള്‍ ഏറ്റെടുക്കാമെന്നേല്‍ക്കുന്നു
നാം സന്തോഷത്തോടെ വാക്കുനല്‍കുന്നു
സ്പനങ്ങളില്ലാത്ത ഉറക്കത്തിന്‍റെ പുരപ്പുറത്തു നിന്നും നമ്മുടെ പ്രതിജ്ഞ വിളിച്ചുകൂവുന്നു
ഞങ്ങള്‍ സമയത്തിന്‍റെ വെളുത്തരോമങ്ങള്‍ സമൃദ്ധമായണിയുന്നു....

ദൈവദൂഷണമെന്നവര്‍ കുറ്റപ്പെടുത്തുന്നു!

നമ്മള്‍ക്കതു പണ്ടേ അറിയാം.
പണ്ടേ  അറിയാം, പക്ഷേ ആരു ശ്രദ്ധിക്കുന്നു?
മരണത്തിന്‍റെ മില്ലുകളില്‍ നിങ്ങള്‍ പ്രതിജ്ഞയുടെ വെളുത്ത ഭക്ഷണം പൊടിക്കുന്നു
നിങ്ങളത് ഞങ്ങളുടെ സഹോദരീ സഹോദരന്‍മാര്‍ക്കു വിളമ്പുന്നു

ഞങ്ങള്‍ സമയത്തിന്‍റെ വെളുത്തരോമങ്ങള്‍ സമൃദ്ധമായണിയുന്നു

നിങ്ങള്‍ താക്കീതു തരുന്നു- ദൈവദൂഷണം!

ഞങ്ങള്‍ക്കതു നന്നായി അറിയാം,
ആ കുറ്റബോധം ഞങ്ങള്‍ക്കു മേല്‍ വരട്ടെ,
മുന്‍കൂര്‍ കണ്ട അടയാളങ്ങളുടെ കുറ്റബോധമെല്ലാം ഞങ്ങളുടെമേല്‍ വരട്ടെ
നുരപൊട്ടുന്ന ഒരു കടല്‍ വരട്ടെ,
മതംമാറ്റത്തിന്‍റെ കവചിതമായ ഒരു കാറ്റു വീശട്ടെ,
പാതിരാകളുടെ ഒരു ദിനം
ഇതുവരേയ്ക്കും വരാതിരുന്നത് വരട്ടെ!

ഒരു മനുഷ്യന്‍ കുഴിമാടത്തില്‍ നിന്നും ഉയിര്‍ത്തു വരട്ടെ.




ഈരണ്ടു വീതം




മരിച്ചവര്‍ രണ്ടു വീതം നീന്തിനടക്കുന്നു
രണ്ടുവീതം അവര്‍ വീഞ്ഞില്‍ ഒഴുകുന്നു
നിന്‍റെ മേല്‍ അവരുടെ വീഞ്ഞൊഴുകുന്നു
മരിച്ചവര്‍ രണ്ടുരണ്ടായി ഒഴുകുന്നു.

പനമ്പു കൊണ്ടവര്‍ സ്വന്തം മുടി മെടഞ്ഞിരിക്കുന്നു
ഇവിടെയവര്‍ പരസ്പരം അടുത്തടുത്താണു വാസം.
അതുകൊണ്ട് ഇപ്പോള്‍ നിങ്ങളുടെ പകിട എറിയൂ
നിങ്ങളീ രണ്ടിലൊന്നിന്‍റെ കണ്ണിലേക്ക് മുങ്ങാംകുഴിയിടണം.



ഒരു മെഴുകുതിരിക്കു മുന്നില്‍




അടിച്ചു പരത്തിയ സ്വര്‍ണ്ണത്തില്‍നിന്ന്,
നീയെന്നോടാവശ്യപ്പെട്ടതുപോലെ, അമ്മേ
ഞാനാ മെഴുകുതിരിക്കാല്‍ തീര്‍ത്തു
പൊളിയുന്ന മണിക്കൂറുകള്‍ക്കു നടുവില്‍
അവളെനിക്കായി ഇരുളുന്നു
നിന്‍റെ
മരിച്ചുപോകലിന്‍റെ മകള്‍.

നനുത്ത്
മെലിഞ്ഞ ബദാം കണ്ണുള്ള നിഴല്‍
ചുറ്റിനും സ്വപ്നത്തിലെ തരുലതാദികള്‍ നൃത്തംവെക്കുന്ന
അവളുടെ വായും ലിംഗവും.
വായ്പൊളിഞ്ഞ സ്വര്‍ണ്ണത്തില്‍ നിന്നവള്‍ പൊങ്ങിക്കിടക്കുന്നു,
പുതയതിന്‍റെ മുകള്‍ത്തട്ടോളം
അവള്‍ കയറുന്നു.

രാത്രി തൂക്കിയിട്ട
ചുണ്ടുകളുമായി
ഞാനാ അനുഗ്രഹം പ്രകടമാക്കുന്നു:

പരസ്പരം ആക്രമിക്കുന്ന
ആ മൂന്നുപേരുടെ പേരില്‍
സ്വര്‍ഗ്ഗം വികാരങ്ങളുടെ ശവക്കുഴിയിലേക്കു വീഴുവോളം
ഞാനീ നാശത്തിലെ മരങ്ങളുടെ മുടി അഴിക്കുമ്പോളെല്ലാം
എന്‍റെ വിരലില്‍ തിളങ്ങുന്ന അവരുടെ മോതിരങ്ങളുള്ള
ആ മൂന്നുപേരുടെ പേരില്‍
അതുകൊണ്ട് കുറേക്കൂടി നിറഞ്ഞ ഒരു വേലിയേറ്റം ആഴങ്ങളെ നിറയ്ക്കുന്നു
തനിയ്ക്കു മുന്‍പേ തന്‍റെ വചനമുണ്ടായിരുന്ന
ആ ജീവിതകാലമെത്തിയപ്പോള്‍
നിലവിളിച്ച ആ മൂന്നില്‍ ഒന്നാമന്‍റെ പേരില്‍
നോക്കിയിരുന്നു കരഞ്ഞ ആ രണ്ടാമന്‍റെ പേരില്‍
മദ്ധ്യേ വെള്ളക്കല്ലുകളടുക്കി വെക്കുന്ന
ആ മൂന്നാമന്‍റെ പേരില്‍
ഞാന്‍ നിന്നെ നമ്മുടെ കാതടപ്പിക്കുന്ന ആമേനില്‍ നിന്നു സ്വതന്ത്രമാക്കുന്നു
അത് കാവല്‍മാടങ്ങളോളം ഉയരത്തില്‍ കടലിലേക്കു കാല്‍ വെയ്ക്കുന്നിടത്തെ
ചുറ്റുപാടുമുള്ള മരവിച്ച വെളിച്ചത്തില്‍ നിന്ന്
എവിടെ ആ ചാരനിറമുള്ളത്, ആ പ്രാവ്
മരണത്തിന് അപ്പുറവും ഇപ്പുറവുമുള്ള
പേരുകള്‍ കൊത്തിയെടുക്കുന്നിടത്ത്
നിയിപ്പോഴും  ഇപ്പോഴും നിശ്ചലയാണ്
ഒരു മരിച്ചുപോയ സ്ത്രീയുടെ കുട്ടിയാണ്,
എന്‍റെ കാത്തിരിപ്പിന്‍റെ ഫലശൂന്യതയോട് പ്രതിജ്ഞാബദ്ധം
എന്‍റെ മാതൃമൊഴി എന്നെ കൊണ്ടുചെന്നെത്തിച്ച
കാലത്തിലെ ആ വിള്ളലിനോടു ചേര്‍ത്തു കെട്ടപ്പെട്ട്
ഒരിക്കല്‍ മാത്രം
വീണ്ടും വീണ്ടുമെന്‍റെ ഹൃദയത്തെ ഗ്രസിക്കുന്ന
ആ കൈ വിറച്ചേക്കാം!



ഞാനതു പറഞ്ഞു കേട്ടു



ഞാനതു പറഞ്ഞു കേട്ടു
വെള്ളത്തിലൊരു കല്ലും ഒരു വൃത്തവുമുണ്ട്
ജലത്തിന്‍ മീതെ ഒരു വാക്കും
അത് വൃത്തത്തെ കല്ലിനുചുറ്റുമായി ഇടുന്നു.

വെള്ളത്തിലേക്കെന്‍റെ പോപ്ലാര്‍ മരം കൂപ്പുകുത്തുന്നത് ഞാന്‍ കണ്ടു
അതിന്‍റെ കൈകള്‍ ആഴത്തില്‍ ചുറ്റിപ്പിടിക്കുന്നത് ഞാന്‍ കണ്ടു
രാത്രിക്കായി അതിന്‍റെ വേരുകള്‍
സ്വര്‍ഗ്ഗത്തിലേക്കുനോക്കി പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കണ്ടു.

ഞാനതിനു പിന്നാലെ കുതിച്ചില്ല,
മണലില്‍ നിന്നും ഞാനതിന്‍റെ തരി പെറുക്കിയെടുത്തു
അതിനു നിന്‍റെ കണ്ണിന്‍റെ ആകൃതിയും നിലയുമുണ്ടായിരുന്നു,
നിന്‍റെ കഴുത്തില്‍ നിന്നു വിധിയുടെ ചങ്ങല ഞാനെടുത്തു മാറ്റി
അതു കൊണ്ട് ആ തരി ഇപ്പോള്‍ കിടക്കുന്ന മേശയ്ക്കു ചുറ്റും
ഒരു ചട്ടംതീര്‍ത്തു.

എന്‍റെ പോപ്ലാര്‍ മരങ്ങളെ പിന്നെ കണ്ടതേയില്ല.












0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home