രണ്ടു നദികളുടെ കഥ
രണ്ടാറുകള്‍ക്ക് നടുവിലായിരുന്നു
എന്‍റെ വീടും പട്ടണവും
ഇരട്ടയാര്‍ എന്നൊരു സ്ഥലപ്പേര് മറ്റെങ്ങോ ഉള്ളതുകൊണ്ട്
ഞങ്ങള്‍ കോട്ടയംകാരായി അറിയപ്പെട്ടു.
കൊടൂരാറും മീനച്ചിലാറും
ഏതാണ്ട് ഒരേയകലമിട്ട് ഞങ്ങളെ കടന്നു പോയി.
ഏതാനും മൈലുകള്‍ മാത്രം നീളം വരുന്ന കൊടൂരാറായിരുന്നു
കുറച്ചുകൂടി അടുത്തുള്ളതെന്നു പറയാം.
ചെറുപ്പത്തില്‍ അച്ഛനോടൊപ്പം
അവിടെ കുളിക്കാന്‍ പോകാറുണ്ടായിരുന്നു,
ഞങ്ങളെ നീന്തല്‍ പഠിപ്പിക്കാനുള്ള
അച്ഛന്‍റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
പിന്നീടും പല ആറുകളില്‍ കുളിക്കാനിറങ്ങിയിട്ടും
ഏതാനും വര്‍,ങ്ങള്‍ കടപ്പുറത്തു കഴിഞ്ഞിട്ടും
അതു നടക്കാത്ത സ്വപ്നമായിത്തന്നെ തുടര്‍ന്നു.
വീതി കുറവാണെങ്കിലും നല്ല ആഴമുള്ള പുഴയായിരുന്നു
കൊടൂരാര്‍
ഒരിക്കല്‍ എണ്ണയും കയറ്റിവന്ന ഒരു ഗുഡ്സ് ട്രെയിന്‍
പാളംതെറ്റി ആറ്റിലേക്കു വീണിട്ട്
അതന്‍റെ ബോഗികള്‍ പലതും കാണാന്‍ പോലുമില്ലായിരുന്നു
ഒരു തെങ്ങിനോളം ഉയരത്തില്‍ തീകത്തിയെങ്കിലും
തൊട്ടടുത്ത് ആള്‍പ്പാര്‍പ്പില്ലാതിരുന്നതു കൊണ്ട്
വന്‍ അപകടമൊഴിവായി.
ജീമോനോടും അബുവിനോടുമൊപ്പം ചൂണ്ടയിടാന്‍ പോയി
ഒന്നു രണ്ടു ചില്ലാന്‍ പിടിച്ചതും അവിടെത്തന്നെ.
വെള്ളപ്പൊക്കകാലത്ത് ചിറയിലുള്ള കൂട്ടുകാരന്‍റെ വീട്ടില്‍
ചിലപ്പോള്‍ അഞ്ചും ആറും വട്ടം വെള്ളം കേറി.
മഴക്കാലത്ത് പാലത്തിനടിയില്‍ വള്ളത്തിലിരുന്ന്
ഇടിവെട്ടുന്നതു കണ്ട് ഭയന്നതെക്കുറിച്ച്
മീന്‍പിടുത്തക്കരനായ അയാള്‍ പറഞ്ഞതോര്‍മ്മിക്കുന്നു.
നദീ സംയോജനം വന്നപ്പോള്‍
കൊടൂരാര്‍ മിനച്ചിലാറുമായി കൂട്ടുകൂടി.
മീനച്ചിലാര്‍ കുറേക്കൂടി ദൂരം ഒഴുകുന്ന പുഴയായിരുന്നു
എന്‍റെ പെങ്ങളും കൂട്ടുകാരന്‍ ശങ്കറുമൊക്കെ
അതിന്‍റെ കൈവഴികള്‍ക്കരുകില്‍ താമസിച്ചു.
കണ്ടന്‍ചിറക്കുന്നിന്‍റെ മുകളില്‍
പള്ളിപ്പറമ്പില്‍ നിന്നാല്‍ കൊടൂരാര്‍ കാണാം.
ഈരയില്‍ക്കടവില്‍ പാലം വരുവോളം അതു കടത്തുകാരനെ കരുതിയിരുന്നു
പട്ടണത്തിന്‍റെ നടുവിലെ ആ തുരുത്ത്
വഴി വന്നതോടെ പട്ടണത്തോടു ചേര്‍ന്നു.
കൊടൂരാറും അതിന്‍റെയാഴങ്ങളെ അടച്ചുതന്നെ പിടിക്കുന്നു
ചെറിയദൂരങ്ങള്‍ ഒഴുകുമ്പോഴും
കരിമീനും വരാലുകളും പുല്ലനും ആരകനും
മൊരശും പള്ളത്തിയുമൊക്കെ അതിനെ അവരുടെ ഇടമാക്കിയിരുന്നു
പ്ലാസ്റ്റിക്കും നഗരമാലന്യങ്ങളും അതിനെ അവയുടേതാക്കും മുന്‍പു തന്നെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home