ആത്മാവിന്‍റെ നഗരത്തിലെ തിരക്കുള്ള നേരം (translation)
(കോഫി അനൈഡോഹോ)
ഉച്ച നേരത്ത് നിന്‍റെ പട്ടുപരുത്തിക്കു കീഴെ നില്‍ക്കേ
ഞാനീ ചെറിയ ചെറിയവര്‍
നിന്‍റെ ഗ്രാമത്തിലെ മണലില്‍
നഷ്ടപ്പെട്ട തുട്ടുകള്‍ക്കായി തെരയുന്നത്
നോക്കി നില്‍ക്കുന്നു.
തെരക്കൊഴിഞ്ഞ നിങ്ങളുടെ ചന്തയ്ക്കു കുറുകേ കണ്ണയച്ച്
ഉച്ചവെയിലില്‍ നില്‍ക്കുന്ന മെലിഞ്ഞസ്ത്രീ
ചൂടുള്ള പയര്‍സ്റ്റൂവും തണുത്ത റൊട്ടിയും
വില്‍ക്കുന്നതു നോക്കുന്നു.
ആത്മാവിന്‍റെ നഗരത്തിലെ തെരക്കുപിടിച്ചനേരത്തു നിന്നും
നമ്മളുടെ ലോകം നിറഞ്ഞു തിങ്ങിക്കൂടുന്ന ഓര്‍മ്മകള്‍
ഒരു കാലത്ത്, കാലത്തിലൊരിടത്ത്.
ആത്മാവിന്‍റെ നഗരത്തിലെ ഒരിടത്ത്.
ഞങ്ങള്‍ ചുഴികളും ചുഴലിക്കാറ്റുകളും
ചിന്തയിലെ ചുഴലികളും ആയിരുന്നു.
ഭൂവിസ്തൃതിയെയും ആകാശവിസ്തൃതിയേയും
മനോതലത്തെയും നിറച്ച്
ഞങ്ങള്‍ ശബ്ദങ്ങളും പ്രതിധ്വനികളും തരംഗങ്ങളുമായി
മഴവില്ലുകള്‍ നെയ്ത് പോക്കുവെയിലിലെ താളങ്ങളായി
ചന്ദ്രരശ്മികളയക്കുന്ന സ്വപ്നങ്ങളായി
ഞങ്ങള്‍ മറ്റ് മഴവില്ലുകളിലേക്ക് സമ.തരംഗങ്ങളയച്ചു
സ്വര്‍ഗ്ഗത്തിന്‍റെ മറ്റേ വാതിലില്‍ കാവല്‍ നിന്നു.
ഇപ്പോള്‍ ആത്മാവിന്‍റെ നഗരത്തിലെ തെരക്കുള്ള നേരമാണ്
അനന്തതയുടെ കരകളിലും
പുതിയ താരങ്ങളുടെ പുനര്‍ജ്ജന്മത്തിന്
പ്രേതങ്ങള്‍ ഒരു ആചാരനൃത്തം ചെയ്യുന്നു
ഇവിടെ ഭൂമിയില്‍ ഞങ്ങള്‍ ഉടലോടെ നില്‍ക്കുന്നു
ജീവന്‍റെ ശേഷിപ്പുകള്‍ക്കായി മരണത്തോടു വിലപേശുവാന്‍
ഒരു വിധവ തണുത്ത റൊട്ടി വില്‍ക്കുന്നു
അവരുടെ ഭര്‍ത്താവിന്‍റെ അവസാനത്തെ കൊയ്ത്തിനെ അതിജീവിക്കുവാന്‍
യുവത്വത്തിന്‍റെ ഒടുക്കത്തെ വിശപ്പുതീര്‍ക്കുവാനായി
ഒരു അനാഥന്‍ നഷ്ടമായ കോബോസ്* തുട്ടുകള്‍ക്കായി പൂഴിയില്‍ പരതുന്നു..
എന്നിട്ടും അനന്തതയുടെ തീരത്ത്
പ്രേതങ്ങള്‍ ആചാരനൃത്തം ചവിട്ടുന്നു
നഷ്ടപ്പെട്ട താരനായകരുടെ പുനര്‍ജ്ജന്മത്തിന്
ഒരു കാലത്ത് കാലത്തിലെ ഒരു ബിന്ദുവില്‍
ആത്മാവിന്‍റെ നഗരത്തിലെ ഒരിടത്ത്
ചുഴറ്റുന്ന ചിന്തകളും ചുഴലിക്കാറ്റുകളും ചുഴികളും
മനസ്സിലും വായുമണ്ഡലത്തിലും ഭൂതലത്തിലും
ശബ്ദങ്ങളും പ്രതിധ്വനികളും ശബ്ദതരംഗങ്ങളുമായിരുന്ന അവര്‍
മങ്ങൂഴകാലത്ത് മഴവില്ലുകള്‍ നെയ്തും താളം മുഴക്കിയും.
ഞങ്ങളിനിയും, ഇനിയും ചന്ദ്രരശ്മികളയക്കുന്ന സ്വപ്നങ്ങളാവും
സമയതരംഗങ്ങളിലൂടെ ആ മഴവില്ലുകളിലേക്ക്.
സ്വര്‍ഗ്ഗത്തിലെ മറ്റേ വാതിലിന്‍റെ കാവല്‍ക്കാരാവും.
(* നൈജീരിയന്‍ നാണയം. ഒരു നയ്രയുടെ നൂറിലൊന്നാണ് അതിന്നു മൂല്യം.)
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home