പമ്പ കടത്തി വിടണോ സ്നേഹത്തെ?
നാട്ടുകാര്‍ക്ക് വേണ്ടാത്തതെന്തും
കടത്തിവിടാനുള്ള ഒരതിരാണു പമ്പയെങ്കില്‍
അതിനാലാണ് അയ്യപ്പനു
ശബരിയുടെ മലയിലും വാവരോടൊപ്പവും
വാഴേണ്ടി വന്നതെങ്കില്‍
ആ അതിരിനപ്പുറം ചിലതെത്താതെ
തടയുകയാണ് അധികാരത്തിന്‍റെ കളിയെങ്കില്‍
സ്നേഹം പമ്പയ്ക്കിരുപുറവും
വേണ്ടതാണെന്നു പറയേണ്ടി വരും
യുദ്ധോത്സുകത എവിടെയാണെങ്കിലും
ഒരു ആധിപത്യ തന്ത്രമാണെന്നും.
സ്നേഹം കൊണ്ട് മറികടക്കേണ്ട
ആ കടമ്പയെ (കടമ്പ കുലവുമായി അതിനു
ബന്ധമുണ്ടോ ആവോ?)
നമുക്കു മാറ്റിവെക്കുവാന്‍ കഴിയുമെങ്കില്‍
കടമ്പനാട്ടെ കടമ്പോളം അതു വേണ്ടതാണെങ്കില്‍
വിരോധത്തെ തീര്‍ക്കുവാനായി പ്രവാചക ചിന്തകളെ,
പാര്‍ശ്വനാഥന്മാരെ എടുക്കുവാന്‍ കഴിയുമെങ്കില്‍
ഏതു കാലവും സാധ്യതകളുള്ളതാണ്.
അധികാരവും യുദ്ധോത്സുകതയും ചേര്‍ന്നു
ബൗദ്ധരെ വേട്ടയാടിയെങ്കില്‍
അവരുടെ കൃതികളെ കത്തിച്ചു കളഞ്ഞുവെങ്കില്‍
കാലങ്ങളോളം അജന്ത തമസ്കരിക്കപ്പെട്ടുവെങ്കില്‍
ശില്പത്തിലെ ദിഗ് നാഗന്‍ തല്ലിനെച്ചെറുക്കുന്ന ഒരാളാണെങ്കില്‍
(അക്കാലത്തെ ബൗദ്ധരെ നോക്കൂ
കരാട്ടെ, ജുജിത്സു, കുങ്ഫു, ജൂഡോ, സുമോ, റ്റേക്വോണ്ടോ , സമുറായ് ,
ചെറുത്തുനില്‍ക്കുവാനെത്ര അടവുകള്‍ (പതിനെട്ടേയുള്ളോ അവ?)
അവര്‍ കണ്ടെത്തി?)
എന്നിട്ടും ഭാരതത്തില്‍ നിന്നു നാടുകടത്തപ്പെട്ട ബുദ്ധനെ
കാലം തിരികെ വിളിക്കുന്നുവെങ്കില്‍
ആത്മരക്ഷയെ എടുക്കുമ്പോഴും
സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വഴികളെ
അടച്ചിടാതെ നോക്കുവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്
അയല്‍ക്കാരനെയോ ശത്രുവിനെപ്പോലുമോ
സ്നേഹിക്കുവാനും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home