മരണം: കാഴ്ചയും സംഭവവും
കാലങ്ങളായി അയാള്‍/അതങ്ങിനെ നില്‍ക്കുന്നു
ഒരു രോഗം, ശ്വാസം, വിഷം, കയര്‍, ആശുപത്രി, ആഗ്രഹമെന്നിങ്ങനെ.
ഒന്നാലോചിച്ചാല്‍ അയാളുടെ സ്ഥിതി കഷ്ടമാണ്
മറ്റെങ്ങും പോകാനില്ലാതെ
നിങ്ങളുടെ ജീവിതത്തിന്‍റെ മറ്റേയറ്റത്ത്
വര്‍ഷങ്ങളുടെ കാത്തരിപ്പുകൊണ്ടു മുഷിഞ്ഞ്.
ചിലരയാളെ പോത്തിന്‍ മേലേറ്റുന്നു
ചിലര്‍ നിലത്തു നിര്‍ത്തുന്നു
ചിലരയാളെ ഒഴിച്ചു നിര്‍ത്തുവാന്‍
നേര്‍ച്ചകള്‍ നേരുന്നു
ചിലര്‍ പ്രതീക്ഷയോടെ വാതില്‍ തുറന്നിട്ട് കാത്തിരിക്കുന്നു
ചിലരയാള്‍ക്ക് ഒരു വഴികാട്ടിക്കൊടുക്കുന്നു
അയാളുടെ നിസ്സംഗതയില്‍ മടുത്ത്
കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നു
ചിലരയാളെപ്പോലെ തന്നെ നിസ്സംഗരാണ്.
അയാളുണ്ടോ ആവോ?
ഇല്ലെങ്കിലും അതുണ്ട്
ജീവനുള്ളപ്പോള്‍ അതിനുള്ളത് അന്യസഹിതമായ
ഒരു സത്തയാണ്
അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരീരം
അതിന്‍റെ വസ്തുസ്ഥിതിയിലെത്തുന്ന
തദര്‍ത്ഥ സത്തയുമാവാം
വസ്തുവിലേക്കുള്ള് ന്യൂനീകരണത്തില്‍
അതുണ്ടോ? അയാള്‍?
അതോ വസ്തുവിരിക്കെത്തന്നെ
അയാളില്ലാതെയായോ?
മറുപടിയറിയാത്തതു കൊണ്ട്
ചിലരതിനെ ലേപനങ്ങള്‍ പുരട്ടി
പരിരക്ഷിച്ചിരുന്നു
ചിലര്‍ അതിനെ കത്തിച്ചു കളയുകയോ
കുഴി വെട്ടി മൂടുകയോ ചെയ്തു കൊണ്ട്
ആ ചോദ്യത്തെ ഒഴിവാക്കിയെന്നാശ്വസിക്കുന്നു.
കണ്‍വെട്ടത്തു നിന്നൊഴിഞ്ഞാല്‍
പിന്നെയാ ചോദ്യമുണ്ടോ?
അതല്ല അയാളെങ്കിലോ?
ഉണ്ടെന്നും ഇല്ലെന്നുമല്ലാതെ
എനിക്കുമൊന്നും പറയാനില്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home