Monday, November 25, 2019

വഴിയോര കച്ചവടക്കാരന്‍





പകലുറവുകള്‍ കറന്നെടുക്കുകയായിരുന്നു അയാള്‍
നിഴലുകള്‍ ചുരുങ്ങുകയും വളരുകയും
ചെയ്യുന്നതിനൊപ്പം
നീങ്ങിനീങ്ങി നിന്നു കൊണ്ട്.
ഒരു ഉന്തുവണ്ടിയില്‍ കപ്പക്കിഴങ്ങുകള്‍
അവയ്ക്കു പിന്നില്‍
വെയില്‍ കറന്നെടുത്ത കറുപ്പുമായി അയാള്‍
മനുഷ്യരെ മയക്കുന്ന കറുപ്പിന്‍റെ
ഒരു വീതം.
നിഴലുകളില്‍ നിന്ന് ഉടല്‍ കൈക്കൊണ്ട അയാളെ
സിഗരറ്റു പുക കറുപ്പിച്ച ആ ചുണ്ടുകളെ
പാലത്തിനപ്പുറം നിന്ന് നോക്കുകയാണ്
ഞാന്‍.

സൂര്യനയാളുടെ ഉടലില്‍ തട്ടിത്തിളങ്ങുന്നു
വിയര്‍പ്പിന്‍റെ ചാലുകള്‍
അയാളുടെ മുഖത്തെ ചുളിവുകളില്‍
ചെറുനദികള്‍ തീര്‍ക്കുന്നു
സൂര്യനെ അയാള്‍ മറന്നിരിക്കുന്നു
തലകാച്ചലിനും പൊള്ളുന്ന ചൂടിനുമിടെ
ഏതോ ആലോചനകളുടെ തണലിലാണയാളിപ്പോള്‍
ഈ വെയിലിനെ നേരിടുന്നത്.

തുലാസില്‍ ഒരു രണ്ടുകിലോ കട്ടി
കപ്പക്കിഴങ്ങുകള്‍
നദിക്കരയിലെ വിയര്‍പ്പിന്‍റെ കുഞ്ഞരുവികള്‍ ചാലിട്ട ഉടല്‍
അയാള്‍.



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home