Wednesday, November 13, 2019

ഒരു ഈസല് പെയിന്‍ററുടെ ഒരു ദിവസം




ഒരു കലാകാരന്‍
അയാളുടെ സ്റ്റുഡിയോയിലിരിക്കുന്നു
(സ്റ്റുഡിയോയിലോ... കലാകാരനോ...?.)
ഒരു കാന്‍വാസിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടണമെങ്കില്‍
അതു ഫ്രേമില്‍ നിന്നഴിക്കണം
പോരാത്തതിന് അതിനു നാലുകോണുകളുണ്ടു താനും
(പതിവു പ്രലപനങ്ങള്‍- കലയുടെ കച്ചവടവത്കരണം!)
എന്താണു വരയ്ക്കേണ്ടതെന്ന
ആലോചനയിലാണ് അയാള്‍-
ആ നിമിഷത്തിന്‍റെ രാഷ്ട്രീയ ശരി
കലയുടെ സാര്‍വ്വലൗകിക ശരി
തന്‍റെ തന്നെ ബൗദ്ധികവും വൈകാരികവുമായ ആവശ്യം
മറ്റുള്ളവരുടെ പ്രതീക്ഷകളും മുന്‍ധാരണകളും
ഈ നാലുകോണുകള്‍ കൂട്ടിയെടുത്ത് അയാള്‍
കാന്‍വാസ് തിരികെ ഫ്രേമിലുറപ്പിക്കുന്നു.                                         

പാലറ്റിലേതു നിറമാണ് എടുക്കേണ്ടത്?
നിറമെടുക്കുവാന്‍, ബ്രഷ് ഒന്നു ചലിപ്പിക്കുവാന്‍
കഴിയാതെ ഏറെനേരം ഇരിക്കുന്നു.
ചിലപ്പോഴയാളുടെ മനസ്സിലൊരു പദ്ധതിയുണ്ടാവും
കാന്‍വാസിന്‍റെ പ്രതലവുമായുള്ള ഇടപാടില്‍
പെയിന്‍റും ബ്രഷും കയ്യും തലയുമെല്ലാം ചേര്‍ന്ന
ഒരു പ്രക്രിയയില്‍ അതു മാറിത്തീരുന്നു,
ആവി,ഷ്കാരം നേടുന്നു.
ചിലപ്പോള്‍ ഒരു തുടക്കം ആലോചനയുടെയും തുടക്കമാണ്
ഒരു നിറം, വര, ബ്രഷ് സ്ട്രോക്ക്
അയാള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നു
പ്രക്രിയയില്‍ യാദൃശ്ചികതയില്‍
ഒരു വഴി തെളിയുമെന്ന കരുതലോടെ
മാറിമാറിപ്പോയേക്കാവുന്ന
അടരടരായി നിറങ്ങള്‍ തെളിഞ്ഞും മാഞ്ഞും കളിക്കുന്ന
ഒരു ചിത്രം തുടങ്ങാനായുന്നു
ഒരു നീലകൊണ്ട് നേര്‍മ്മയുള്ള ആദ്യ അടരിടുന്നു
ഒരാളുടെ ശരി
മറ്റൊരാളിനു തെറ്റാവാം
ഒരാളുടെ തെറ്റ്
മറ്റൊരാളിനു ശരിയും
എങ്ങിനെ വന്നാലും
ഒരു കാന്‍വാസ്
കുറേ തെറ്റാണ്
കുറേ ശരിയും
ഇതിനിടയില്‍ തീര്‍ത്തും പ്രവചനാതീതമായ
ഭാവനാപൂര്‍ണ്ണവും  വിധി വാചകങ്ങള്‍ക്കപ്പുറവുമായ
ഒരു ചിത്രമെഴുതുകയാണയാളുടെ ആവശ്യം
പലരുടെ ചിന്തകളും തന്‍റേതും ചേരുകയും
വിടപറയുകയും ചെയ്യുന്ന ഒരു നിമിഷം
ആ കാന്‍വാസിനു മുന്നിലെ ധ്യാനത്തെ മുന്‍പോട്ടു കൊണ്ടുപോവുക
ഒരു യാദൃശ്ചകതയാവാം, ഒരു സംഭവം, അവസ്ഥ,
ബ്രഷ്സ്ട്രോക്കിന്‍റെ ഒഴുക്ക്, ഒരു ചെറിയ അടയാളം
അതിനെ മനസ്സിലുള്ളതോ ഇനിയും രൂപം കൊള്ളാത്തതോ ആയ
ഒരു ചിത്രമാക്കി മാറ്റണം.
ഇന്നത്തെ ദിവസം അയാള്‍ക്കതിനപ്പുറം ചെയ്യാനാവുന്നില്ല
ഓയില്‍ അല്‍പമൊന്നുണങ്ങണം
ചിലപ്പോള്‍ ഇടയ്ക്കു മറ്റു പലതും
ചെയ്യാനുണ്ട്.
ഒരു സ്റ്റുഡിയോ പെയിന്‍റര്‍
അയാള്‍.

കാന്‍വാസിനും തനിക്കുമിടെ
നഷ്ടമായ ലോകത്തെ വീണ്ടെടുക്കുവാനായി
അയാള്‍ പുറത്തേക്കോടുന്നു
താന്‍ കാണുന്നവ അയാളെ മടുപ്പിക്കുന്നുണ്ട്
നിത്യേനയെന്നോണം നടക്കുന്ന അതിക്രമങ്ങള്‍
യാഥാതഥ്യത്തിന്‍റെ ഊരാക്കുരുക്കുകള്‍
അഴിച്ചുമാറ്റുവാനാണ് അയാള്‍ക്കു കൗതുകം
എങ്കിലും അതിന്‍റെ ഏങ്കോണിപ്പുകളും
മിച്ചമായതും കൊണ്ട്
ജ്യാമിതീയതയും അനിശ്ചിതത്വവും കൊണ്ട്
കുഴമറിച്ചിലുകള്‍ക്കിടയിലൂടെ
വൃത്തികേടുകളും സുന്ദരവശങ്ങളും കൊണ്ട്
തീവ്രതയും വൈകാരികാംശവും വിഭിന്ന രേഖകളും കൊണ്ട്
അതാണയാളെ ത്വരിപ്പിക്കുന്നതെന്ന്
അയാള്‍ക്കംഗീകരിക്കാതെ വയ്യ.
ലോകവുമായുള്ള ആ മുഖാമുഖങ്ങള്‍, പലായനങ്ങള്‍
മറ്റൊരാളുടെ ചിത്രം, പുസ്തകം, അനുഭവം, അബോധം
എന്തുമതിലേക്കു കടന്നു വരുന്നു
ചിലപ്പോള്‍ മാഞ്ഞു പോകുന്നു.
അടരുകള്‍ ഒന്നിനുമീതെ ഒന്നായി
മറ്റൊന്നിനെ സ്വപ്നം കാണുന്നവ
(അയാളുടെ മറ്റൊന്ന്
കേവലം നിശ്ചലമായ ഈ ചിത്രം മാത്രം
കഷ്ടം... ഒരു സ്റ്റുഡിയോ കലാകാരന്‍!)
പ്രേമത്തിനു പകരം അയാളൊരു ചിത്രം വരയ്ക്കുന്നു
വേണമെങ്കില്‍ നിങ്ങള്‍ക്കതു വാങ്ങി
ചില്ലിട്ടു സൂക്ഷിക്കാം
ഈജിപ്ഷ്യന്‍ മമ്മികളെപ്പോലെ
നിശ്ചലമായിരിക്കുമ്പോഴും
ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകളവയെ
ജീവന്‍ വെപ്പിക്കുന്നു
നിങ്ങളോടൊപ്പം അവയും
മറ്റൊരു ജീവിതം സ്വപ്നം കാണുന്നു
ആരറിയുന്നു സ്വപ്നങ്ങളും നിരോധിക്കപ്പെട്ടേക്കുമോ എന്ന്?
ലോകം മുഴുക്കെ ദൃശ്യങ്ങളാണെങ്കിലും
നിങ്ങളുടെ കണ്ണുകള്‍ക്കായി
അയാളും എന്തൊക്കെയോ കരുതിവെക്കുന്നു.
മുറിച്ചു മാറ്റപ്പെട്ട ഒരവയവം പോലെ
അതു നിങ്ങളുടെ കണ്‍മുന്നില്‍
തൂങ്ങിക്കിടക്കുന്നു.
ഒരു ചിത്രം- അത്ര മാത്രം!







0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home