Friday, November 8, 2019

ആവര്‍ത്തനങ്ങള്‍



ഒരു വേള കവിതയില്‍ ആവര്‍ത്തനങ്ങളുണ്ടാവാം
രണ്ടു കവിതകള്‍ക്കിടയില്‍
രണ്ടു കവികള്‍ക്കിടയില്‍
രണ്ടു ചിത്രങ്ങള്‍ക്കിടയില്‍
കാലത്തിലോ ക്രമത്തിലോ മാറിമറിഞ്ഞ്
പകലോ രാത്രിയോ ആവര്‍ത്തിക്കും പോലെ
തികച്ചും പുതിയതായും
പഴയതിനെ ചേര്‍ത്തെടുത്തും
ഫലിതമായും ദുരന്തമായും മറ്റെന്തെല്ലാമോ ആയും
പഴമ പുതുമകള്‍ക്കിടയിലുള്ള ആ നേര്‍പ്പാലം
ആവര്‍ത്തിക്കുമ്പോഴും മറ്റൊന്നായി
അറിയപ്പെടാത്ത ബന്ധങ്ങളിലൂടെ നൂണുവന്ന്
ഒരു വരി പുനര്‍ജ്ജനിച്ചേക്കാം.

ഒരു നിമിഷത്തെ വീണ്ടും ഓര്‍ത്തെടുക്കുന്ന രണ്ടു ഹൃദയങ്ങളില്‍
മിന്നിമറയുന്ന വെള്ളിവെളിച്ചത്തില്‍ കുളിച്ച്
ആരാദ്യം എന്ന ചോദ്യത്തിനപ്പുറത്ത്
ഇഴചേരുന്ന ഇടങ്ങളിലെ പൊതുവായതിന്‍റെ ശബ്ദമെന്നോണം
വേര്‍പരിയുന്ന നിമിഷത്തിന്‍റെ അടയാളമായി
എന്തു കൊണ്ട് എന്നതിനു നൂറു മറുപടികളുമായി
ഒരു ദൃശ്യം, വര്‍ണ്ണവിന്യാസം, ക്രമീകരണം
വാചകം, രുചി, ഓര്‍മ്മ, അനുരണനം, യാദൃശ്ചികത
രണ്ടു ദിശകളില്‍ പായുന്ന തീവണ്ടികളുടെ
സമാന്തരപാതകളിലെ സന്ധിപ്പിന്‍റെ മുഹൂര്‍ത്തമായി
മറ്റൊന്നിനോടുള്ള ആദരസൂചകമായി
എടുത്തുവെയ്ക്കപ്പെട്ട ഒരടയാളമായി
ഏതെല്ലാമോ അറിയപ്പെടാത്ത ബന്ധങ്ങളിലൂടെ
ചിലപ്പോള്‍ ശത്രുതാപരമായ ഏറ്റുമുട്ടലുകളായി
വ്യത്യാസത്തിന്‍റെ ഏടുകളില്‍ നിന്ന്
വന്നെത്തുന്ന കൂക്കും പിരാക്കുമായി
ചിലപ്പോള്‍ ചുംബനാലിംഗനങ്ങളായി
അലിംഗികളെ പ്രകോപിപ്പിക്കുന്ന
അപൂര്‍വ്വതകളായി
പരസ്പരകാംക്ഷയുടെ വൈദ്യുതപ്രവാഹമായി
അതങ്ങിനെ.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home