ദൈവത്തിനു നന്ദി (translation)
(ബെര്‍ണാര്‍ഡ് ഡാഡി)
കറുത്തവരെ സൃഷ്ടിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു
എന്നെ എല്ലാ ദു:ഖങ്ങളുടേയും ചുമട്ടുകാരനാക്കിയതിന്
എന്‍റെ തലയില്‍
ഈ ലോകത്തെ വെച്ചുതന്നതിന്
ഞാനൊരു സെന്‍ടോറിന്‍റെ തുകല്‍ പുതയ്ക്കുന്നു
ആദ്യത്തെ പ്രഭാതം മുതല്‍ ഞാനീ ലോകത്തെ ചുമന്നിരിക്കുന്നു.
വെളുപ്പ് വിശേഷാവസരങ്ങളുടെ നിറമാണ്
കറുപ്പ് നിത്യജീവിതത്തിന്‍റേയും,
ആദ്യത്തെ സന്ധ്യ മുതല്‍ ഞാനീ ലോകത്തെ പേറിയിട്ടുണ്ട്.
ഈ ലോകത്തെ പേറാനായി നിര്‍മ്മിക്കപ്പെട്ട
എന്‍റെ തലയുടെ ആകാരത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.
ലോകത്തെ ഏതു കാറ്റിലെ ഗന്ധവും ശ്വസിക്കുവാന്‍
വേണ്ടി സൃഷ്ടിക്കപ്പെട്ട എന്‍റെ മൂക്കിന്‍റെ
ആകാരത്തില്‍ സന്തുഷ്ടന്‍.
എന്‍റെ കാലുകളുടെ ആകാരത്തിലും
ലോകത്തെ ഏത് ഓട്ടമത്സരത്തിലും പങ്കെടുക്കാന്‍ തയ്യാര്‍ ചെയ്ത
അവയെന്നെ ആഹ്ളാദചിത്തനാക്കുന്നു.
ദൈവമേ, നീയെന്നെ കറുത്തവനായി സൃഷ്ടിച്ചതിനു
ഞാന്‍ നിന്നോടു നന്ദി പറയുന്നു
എല്ലാ വേദനകളുടേയും ചുമട്ടുകാരനാക്കിയതിന്.
എന്‍റെ ഹൃദയത്തില്‍ മുപ്പത്തിയാറ് വാളുകള്‍ കുത്തിയിറക്കപ്പെട്ടിരിക്കുന്നു
മുപ്പത്തിയാറു തീയുകള്‍ എന്‍റെ ഉടലിനെ പൊള്ളിച്ചിരിക്കുന്നു
എന്‍റെ കാല്‍വരിയില്‍നിന്നും എന്‍റെ രക്തം
മഞ്ഞിനെ ചുവപ്പിച്ചിരിക്കുന്നു.
ഓരോ പ്രഭാതത്തിലും എന്‍റെ രക്തം പ്രകൃതിയെയാകെ
ചുവപ്പിച്ചിരിക്കുന്നു.
എങ്കിലും ലോകത്തെ ചുമക്കാനെനിക്കു സന്തോഷമാണ്
എന്‍റെ കയ്യുടെ നീളക്കുറവിലും
അതിന്‍റെ നീളക്കൂടുതലിലും
എന്‍റെ തടിച്ച ചുണ്ടുകളെക്കുറിച്ചും
ഞാന്‍ തൃപ്തനാണ്.
എന്നെ കറുത്തവനായി സൃഷ്ടിച്ചതിനു ദൈവമേ
ഞാന്‍ നിനക്കു നന്ദി പറയുന്നു.
വെളുപ്പ് വിശേഷാവസരങ്ങളുടെ നിറമാണ്
കറുപ്പ് നിത്യജീവിതത്തിന്‍റേയും.
കാലംതുടങ്ങിയ പുലര്‍കാലം മുതല്‍
ഞാന്‍ ലോകത്തെ ചുമന്നിട്ടുണ്ട്.
ഈ ലോകത്തെപ്രതിയുള്ള എന്‍റെ
രാത്രിയിലെ ചിരിയാണ് പ്രഭാതത്തെ കൊണ്ടുവരുന്നത്.
എന്നെ കറുത്തവനായി സൃഷ്ടിച്ചതിനു
ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home