Thursday, January 2, 2020

പരിഭാഷകള്‍ (ലാങ്സറ്റണ്‍ ഹ്യൂഗ്സ്)


വിഷമവൃത്തത്തിലായ സ്ത്രീ



(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

നിശ്ശബ്ദമായ ഇരുളില്‍
അവള്‍ നില്‍ക്കുന്നു
വിഷമവൃത്തത്തിലായ ഈ പെണ്ണ്
ക്ഷീണവും വേദനയും മൂലം
കുനിഞ്ഞ മുതുകുമായി
ഹേമന്തത്തിലെ ഒരു പൂവ്
മരവിപ്പിക്കുന്ന മഴയിലെന്നോണം
കാറ്റില്‍ പാറി നടക്കുന്ന
മഞ്ഞുകാലത്തെ ഒരു പൂവെന്നോണം
ഇനി തലയുയര്‍ത്തുകയേ ഇല്ലാത്ത ഒന്നു പോലെ.




ജീവിതം ശാന്തമാണ്




(ലാങ്സ്റ്റണ്‍ ഹ്യൂഗ്സ്)

ഞാന്‍ പുഴയോരത്തേക്കു പോയി
ഞാന്‍ പുഴയോരത്തിരുന്നു
ഞാന്‍ എന്തെങ്കിലുമൊന്ന് ആലോചിക്കുവാന്‍ ശ്രമിച്ചു
എന്നാലതു നടന്നില്ല.
അതുകൊണ്ട് ഞാന്‍ നദിയിലേക്കെടുത്തു ചാടി മുങ്ങാംകുഴിയിട്ടു.
ഞാന്‍ ഒന്നുയര്‍ന്നു വന്ന് അലമുറയിട്ടു
ഞാന്‍ രണ്ടാമതും പൊങ്ങി വന്ന് നിലവിളിച്ചു
ആ വെള്ളം ഇത്ര തണുപ്പുള്ളതായിരുന്നില്ലെങ്കില്‍
ഞാനതില്‍ മുങ്ങി മരിച്ചേനെ.
പക്ഷേ അതു അങ്ങിനെയായിരുന്നു
ആ വെള്ളം തണുത്തതായിരുന്നു
അതു തണുത്തിരുന്നു.
ഞാന്‍ എലിവേറ്ററില്‍ കയറി
തറയ്ക്കു മേലെ പതിനാറാം നിലയിലെത്തി,
ഞാനെന്‍റെ കുഞ്ഞിനെയോര്‍ത്തു
താഴേക്കു ചാടാമെന്നും.
അവിടെ നിന്നു ഞാന്‍ അലറിക്കരഞ്ഞു
അവിടെ നിന്നു ഞാന്‍ കരഞ്ഞു
അതിത്ര ഉയരത്തിലല്ലായിരുന്നുവെങ്കില്‍
ഞാന്‍ ചാടി ചത്തേനെ.
പക്ഷേ എന്തു ചെയ്യും
ആ ഉയരത്തില്‍!
അതു പൊക്കത്തായിരുന്നു!
അതുകൊണ്ട് ഞാനിപ്പോഴും ഇവിടെ
ജീവനോടെയിരിക്കുന്നതിനാല്‍
എനിക്കു തോന്നുന്നു
ഞാനിനിയും ജീവിച്ചു പോകുമെന്ന്.
എനിക്കു സ്നേഹത്തെപ്രതി മരിക്കാമായിരുന്നു-
പക്ഷേ ഞാന്‍ ജനിച്ചത് ജീവിക്കാനാണ്.
എന്‍റെ മുറവിളി
നീ കേട്ടില്ലെങ്കിലും
നീയെന്‍റെ കരച്ചില്‍ കേട്ടിരിക്കാമെങ്കിലും-
ഞാന്‍ നാണം കെട്ടേനെ, പൊന്നു പെണ്ണേ
നീയെന്‍റെ മരണം കണ്ടിരുന്നെങ്കില്‍.
ജീവിതം സുഖകരമാണ്!
വീഞ്ഞു പോലെ നല്ലത്!
ജീവിതം സുഖകരം തന്നെ!





എന്‍റെ ജനത


(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

രാത്രി സുന്ദരമാണ്
അതേ പോലെ എന്‍റെ ജനതയുടെ മുഖങ്ങളും
നക്ഷത്രങ്ങള്‍ എത്ര മോഹനം
അതു പോലെ എന്‍റെ ജനങ്ങളുടെ കണ്ണുകളും.
സൂര്യനും മനോഹരം തന്നെ,
എന്‍റെ ജനതയുടെ ആത്മാവുകളും അങ്ങിനെ സുന്ദരം.



സ്വപ്ന വൈജാത്യങ്ങള്‍


(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

സൂര്യനുള്ള ഒരു പ്രദേശത്ത്
കൈകള്‍ വിടര്‍ത്തി
പകലറുതിയോളം
ചുറ്റിച്ചുറ്റി നൃത്തമാടുവാന്‍
തണുപ്പുള്ള സന്ധ്യയാകവേ
ഉയരമുള്ള ഒരു മരച്ചോട്ടില്‍ വിശ്രമിക്കുവാന്‍
എന്നോളം കറുത്ത
ഇരുള്‍ സാവകാശം പടരുമ്പോള്‍-
അതെന്‍റെയൊരു സ്വപ്നമാണ്!

സൂര്യനു മുന്നില്‍
എന്‍റെ കൈകള്‍ വിടര്‍ത്തി
നൃത്തമാടുക! ചുറ്റിച്ചുറ്റിത്തിരിയുക!
വേഗമേറിയ പകല്‍ തീരുവോളം
വെട്ടം മങ്ങി സന്ധ്യയാവുമ്പോള്‍ വിശ്രമിക്കുക..
ഒരു പൊക്കമുള്ള മെലിഞ്ഞ മരം...
എന്നോളം ഇരുണ്ട രാവ്
മൃദു ചലനങ്ങളോടെ എത്തിച്ചേരും വരെ.


ബില്ലീ ഹോളിഡേക്കൊരു ഗീതം




എന്തിനാണ് എന്‍റെ ഹൃദയത്തെ ശുദ്ധമാക്കാനാവുക?
ഓ, ആ പാട്ടിനും
ആ വേദനയ്ക്കുമല്ലാതെ?
എന്തനാവും എന്‍റെ ഹൃദയത്തിനു മുക്തി നല്‍കാനാവുക?
ദു:ഖത്തിന്‍റെ
ആ പാട്ടിനല്ലാതെ?
എന്തിനാണ് എന്‍റെ ഹൃദയത്തിനു വിടുതല്‍ തരാനാവുക?
ആ പാട്ടിലെ
ആ ദു:ഖത്തില്‍ നിന്നും?



അവളുടെ പൊടിപറ്റിയ മുടിയുമായി വരുന്ന
ദു:ഖത്തെ കുറിച്ചു പറയരുതേ
അല്ലെങ്കില്‍ കണ്ണില്‍ പോയ കരടുമായി
അവിടെ യാദൃശ്ചികമായൊരു കാറ്റടിക്കുന്നു.
ഞാന്‍ പറയുന്ന ഈ വേദന
നിവൃത്തികേടിന്‍റെ പൊടിപുരണ്ടതാണ്.
ഒരു പതിഞ്ഞ കുഴല്‍ വിളി ശബ്ദം
ചൂടു വായുവിലെ തണുത്ത ബ്രാസ്സ്.
നീറിപ്പിടിക്കുന്ന ശബ്ദത്തില്‍
ടെലിവഷന്‍റെ കയ്പേറിയ തെളിമ കുറച്ചുംകൊണ്ട്-
എവിടെ നിന്നാവും അത്?


കലര്‍പ്പ് 


(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

എന്‍റെ കിഴവനായ പിതാവ് ഒരു പ്രായമായ വെള്ളക്കാരനായിരുന്നു
എന്‍റെ വൃദ്ധയായ അമ്മ കറുത്തവളും.
എപ്പോഴെങ്കിലും ഞാനെന്‍റെ വെളുത്ത തന്തയെ ശപിച്ചിട്ടുണ്ടെങ്കില്‍
ഞാനതു തിരിച്ചെടുക്കുന്നു.
എപ്പോഴെങ്കിലും ഞാനെന്‍റെ കറുത്ത വൃദ്ധയായ അമ്മയെ ശപിച്ചിട്ടുണ്ടെങ്കില്‍
അവര്‍ നരകത്തിലായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെങ്കില്‍
ആ തെറ്റായ ആഗ്രഹത്തിന് ഞാന്‍ മാപ്പു പറയുന്നു
ഇപ്പോള്‍ ഞാനവര്‍ക്ക് നന്മ വരട്ടെ എന്നാശംസിക്കുന്നു.
എന്‍റെ അപ്പന്‍ മരിച്ചത് ഒരു വലിയ വീട്ടില്‍ കിടന്നാണ്
എന്‍റെയമ്മ മരിച്ചത് ഒരു ചെറിയ കൂരയിലും.
ഞാനെവിടെ കിടന്നാവും മരിക്കുകയെന്ന് എനിക്കു തിട്ടമില്ല
കാരണം ഞാന്‍ വെളുത്തവനോ കറുത്തയാളോ അല്ലല്ലോ?



ഞാനും



(ലാങ്സറ്റണ്‍ ഹ്യൂഗ്സ്)

ഞാനും അമേരിക്കയെന്നു പാടുന്നു
ഈ ഇരുണ്ട സഹോദരനായ ഞാന്‍
മറ്റുള്ളവര്‍ വരുമ്പോള്‍
അവരെന്നെ അടുക്കളയില്‍ പോയി
ഭക്ഷണം കഴിക്കാനയക്കുന്നു,
എന്നിട്ടും ഞാന്‍ ചിരിക്കുന്നു
നന്നായി ഭക്ഷണം കഴിക്കുന്നു
കരുത്താര്‍ജ്ജിക്കുന്നു.

നാളെ
ഞാന്‍ തീന്‍മേശയ്ക്കരികിലുണ്ടാവും
വിരുന്നുകാര്‍ വരുമ്പോഴും
അപ്പോള്‍ ആരും എന്നോട്
അടുക്കളയില്‍ പോയി ഭക്ഷണം കഴിക്കൂ
എന്നു പറയാന്‍ ധൈര്യപ്പെടില്ല.
എന്നു തന്നെയല്ല
ഞാനെത്ര സുന്ദരനാണെന്നു കണ്ട്
അവര്‍ നാണിച്ചു പോകും.
ഞാനും അമേരിക്കക്കാരനാണ്.







0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home