Wednesday, February 5, 2020

മാന്ത്രികനും നീണ്ടപാസും




കാല്‍ച്ചുവട്ടിലും ആകാശ്രപ്പരപ്പിലും വട്ടം ചുറ്റുന്ന ഗോളങ്ങളുടെ
കറക്കം കൊണ്ട് തലചുറ്റി
അയാള്‍ ഒരു കല്ലില്‍ താണിരുന്നു.
തഴുതാമകള്‍ക്കിടയിലൂടെ
വലിഞ്ഞിഴഞ്ഞു നീങ്ങുന്ന മണ്ണിര
വെള്ളിലകള്‍ കണ്ണാടി കാട്ടി
പിടിച്ചു വെക്കാനോങ്ങുന്ന വെളിച്ചം
കോലുമഷിച്ചെടിയുടെ തിരികളും
ജലാംശമുള്ള തണ്ടും മെലിവും
പുരയ്ക്കടയിലേക്കു കീരി തുരന്നെടുത്ത പാതകള്‍
നുരപൊട്ടുന്ന വീടകം
അവയുടെ തുരങ്ക പാതകളില്‍
മുഴങ്ങുന്ന ഇരമ്പം ഏതു തീവണ്ടിയുടേത് ?
ഒരു തീവണ്ടി കൂടിയും മറച്ചുപിടിക്കുവാന്‍ കഴിയുന്ന
മാന്ത്രികനും
ഒരു വിമാനക്കമ്പനിയോ ഇന്ത്യന്‍ റെയില്‍വേ തന്നെയോ
ഒന്നാകെ മായിച്ചു കളയുന്ന അഭ്യാസം കണ്ട്
കണ്ണു തുറിക്കുന്നു.
രാജ്യംതന്നെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുന്ന
സ്വകാര്യ ജയിലുകളും സൈന്യങ്ങളും ഊരുവാഴുന്ന
ഒരു കാലം തിരനോട്ടം നടത്തുമ്പോള്‍
കാല്‍പ്പന്തുകളിക്കാരന്‍ തന്നെ ചുറ്റി വഴിമുടക്കുന്ന
ഡിഫന്‍ഡര്‍മാരെ മറികടക്കുവാന്‍
നീട്ടിയടിച്ച ആ പന്തു കാലില്‍കുരുക്കുവാന്‍
ശേഷിയുള്ള കളിക്കാരെ കാത്തിരിക്കുകയല്ലാതെ എന്തു ചെയ്യുവാന്‍?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home