Thursday, April 2, 2020

ജോണി ദ ക്ലൗണ്‍






മതിലിന്‍ മീതെ കൂടി  ബാലന്‍സു ചെയ്ത് നടന്നു വന്ന് രമേശനടുത്തെത്തിയപ്പോള്‍ അയാള്‍ മെല്ലെ ചാടി നിലത്തിറങ്ങി. കറുത്ത്, പൊക്കം കുറഞ്ഞ ജോണി, സര്‍ക്കസിലെ കുള്ളന്മാരിലൊരാള്‍.

സലാം, ജോണീഭായ്. എപ്പോള്‍ എത്തി?
രമേശന്‍റെ ചോദ്യത്തിനു ജോണി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

കൊളംബോ സര്‍ക്കസ് ഈ വഴി വന്നപ്പോള്‍ മൂന്നു നാലു ദിവസത്തേക്ക് പോന്നതാണ്. ഇന്നെത്തിയതേ ഉള്ളൂ. രമേശനിതെവിടെ പോയി?

അല്‍പം അരി പൊടിപ്പിക്കാന്‍ മില്ലില്‍ പോയിട്ടു വരുന്ന വഴിയാ.

ജോണിച്ചേട്ടന്‍ അവനെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലത്തെ കൗതുകങ്ങളുടെ ഭാഗമാണ്. അന്നൊക്കെ രണ്ടാളുകളാണ് സര്‍ക്കസ്സുകാരായി ആ പ്രദേശത്തുണ്ടായരുന്നത്. സര്‍ക്കസ് എന്നു പറഞ്ഞാല്‍ എപ്പോഴും
വലിയ കമ്പനിഖളുടെ ഒപ്പമൊന്നുമല്ല കേട്ടോ. ബോംബേ സര്‍ക്കസ്, കൊളംബോ സര്‍ക്കസ്, ഗ്രേറ്റ് ഇന്ത്യന്‍
സര്‍ക്കസ് തുടങ്ങി പല സര്‍ക്കസുകളിലും പ്രവര്‍ത്തിക്കുന്ന അവര്‍ സീസണ്‍ അല്ലാത്തപ്പൊള്‍ ഏതെങ്കിലും സൈക്കിളഭ്യാസവും ഒക്കെയായി വരുന്ന നാട്ടു സര്‍ക്കസുകാരോടൊപ്പമാവും. തമ്പി വരുന്നത് ഒരു
കോവര്‍ കഴുതയുമായാണ്. പില്‍ക്കാലത്ത് ആ കുതിര വണ്ടിയില്‍ അയാള്‍ ചെരുപ്പു വില്‍പ്പന നടത്തിയിരുന്നു. ജോണിച്ചേട്ടന് കുട്ടികളെ ആകര്‍ഷിക്കാന്‍ നല്ല മിടുക്കാണ്. ആദ്യകാലത്തൊക്കെ കണ്ടു മുട്ടുമ്പോള്‍ അയാള്‍ വിചിത്രമായ വര്‍ണ്ണ വസ്ത്രങ്ങളുംബെല്‍ ബോട്ടം പാന്‍റും ഉയര്‍ത്തി മുകളിലേക്കു വളര്‍ത്തിയ പിരിയന്‍ മുടിയും മൂന്നിഞ്ചു കട്ടിയില്‍ സോളുള്ള ചെരുപ്പുമൊക്കെയായി കൗതുകമുണര്‍ത്തുന്ന ഒരു രൂപമായിരുന്നു. അന്നു നാലിലോ മറ്റോ പഠിക്കുകയായിരുന്ന രമേശനെ കാണുമ്പോള്‍

څഹലോ...രമേശാ. എവിടെ പോയി?چ

എന്ന ചോദ്യവുമായി തമാശ പറഞ്ഞെത്തുന്ന ജോണിയെ അല്‍പമൊരു അതിശയത്തോടെയേ കുട്ടികള്‍ക്കു കാണാനാവുമായിരുന്നുള്ളൂ. ഹിപ്പിസത്തിന്‍റെ കാലത്തെ ആ വേഷവിധാനം ആരുടേയും ശ്രദ്ധപിടിച്ചു പറ്റുമായിരുന്നു. പൊക്കക്കുറവു മറയ്ക്കാനെന്നോണമുള്ള ആ ഉടുത്തുകെട്ടല്‍ ജോണിയുടെ വലുപ്പക്കുറവിലേക്ക് ഒന്നുകൂടി ശ്രദ്ധക്ഷണിക്കുന്നതായിരുന്നു. എന്നാല്‍ ചിരിപ്പിക്കുവാനുള്ള ശേഷികൊണ്ട് അയാള്‍ തന്‍റെ ശരീരത്തെ തനിക്കു വിനിമയം ചെയ്യാനുള്ള ഒരു സന്ദേശമാക്കി മാറ്റിയിരുന്നു. തനിക്കൊപ്പം മാത്രം ഉയരമുള്ള എന്നാല്‍ തന്നെക്കാള്‍ ലോകപരിചയവും പ്രായവുമുള്ള ആ മനുഷ്യനെ ഏതു കാലത്തും ഒരു പെര്‍ഫോര്‍മ്മറായി മാറ്റിയ ആ രൂപപരമായ സവിശേഷതയ്ക്കപ്പുറം അയാളൊരു മനുഷ്യന്‍ എന്ന നിലയില്‍ നേരിടാനിടയായപ്പോഴാണ് കോമാളിയുടെ ചിരി ചാപ്ലിന്‍റെ സര്‍ക്കസ്സിലെന്നോണം സന്ദിഗ്ദ്ധതകള്‍ നിറഞ്ഞതാണെന്നു രമേശനു മനസ്സിലായത്.

കുഴിയെടുത്ത് അതില്‍ തല മണ്ണിട്ടു മൂടിയും മറ്റും അഭ്യാസങ്ങള്‍ കാട്ടി ബീഡിക്കാശു സംഘടിപ്പിക്കുന്ന ഒരാളായി ജോണിയെ കണ്ടു തുടങ്ങിയപ്പോഴാണ് കോമാളിയുടെ ജീവിതത്തിലെ ഈ പ്രതിസന്ധികള്‍ അവനെ സ്പര്‍ശിച്ചു തുടങ്ങിയത്. മുപ്പത്തഞ്ചിനു മീതെ പ്രായമാകുമ്പോള്‍ സര്‍ക്കസ്സിലെ അംഗങ്ങള്‍ക്കു പിന്നെ അതില്‍ തുടരാന്‍ ബുദ്ധിമുട്ടാകും. അങ്ങിനെ സര്‍ക്കസില്‍ നിന്ന് ഏറെക്കുറെ വിട്ടു കഴിഞ്ഞ ജോണി മറ്റൊരാളായിരുന്നു. ഒരു ബീഡിയും കത്തിച്ചു പിടിച്ച് ശവക്കോട്ടയിലെ കല്ലറകളിലൊന്നിനു മീതെ ദൂരേക്കു നോട്ടമയച്ച് ഇരിക്കുന്ന ജോണിയെ അക്കാലത്തു രമേശന്‍ വരച്ചിരുന്നു. ജോണിയുടെ കഥകള്‍ ജോണി പറഞ്ഞല്ല, മറ്റാരൊക്കെയോ പറഞ്ഞാണ് ആളുകള്‍ അധികവും കേട്ടത്. അവിവാഹിതനായിരുന്ന ജോണിയുടെ സ്വപ്നങ്ങള്‍, രതിശീലങ്ങള്‍, പുകവലി തുടങ്ങിയവയെല്ലാം കഥനകൗതുകമുള്ളവരുടെ അസംസ്കൃത വസ്തുക്കളായി.

സര്‍ക്കസ്സിലെ അപകടസാധ്യത കൂടുതലുള്ള ഐറ്റങ്ങളില്‍ താരങ്ങളെ  അപകടം വരാതെ കാക്കാനും കോമാളികള്‍ പുലര്‍ത്തുന്ന ജാഗ്രത പ്രധാനമാണ്. തന്‍റെ കായിക ശേഷികളെ തുലോം പരിമിതമായ നയനഭോഗ സാധ്യതകളില്‍ വിനിമയം ചെയ്യുന്ന ഒരു സാധു മനുഷ്യനെ അയാളില്‍ കാണാനാവുമായിരുന്നില്ല. മെയ്വഴക്കമുള്ള ഒരഭ്യാസിയുടെ ജീവിതത്തിന് പ്രായം വരുത്തുന്ന മാറ്റങ്ങള്‍ പോലെ തന്നെ, അയാളുടെ പ്രണയഗാഥകളും സംസാര വിഷയമായിരുന്നു. ഒരു സര്‍ക്കസ്സില്‍ പ്രവര്‍ത്തിച്ച റ്റീന എന്ന അഭ്യാസി സ്ത്രീയുമായുള്ള ജോണിയുടെ പ്രണയം അയാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അദ്ധ്യായമായിരുന്നു.





റ്റീനയുടെ ജീവിതത്തില്‍ വെയ്റ്റ് ലിഫ്റ്റര്‍ രമണ്‍ ലംബ ഉണ്ടാക്കിവെച്ച സങ്കീര്‍ണ്ണതകളുടെ കാലത്താണ് റ്റിന ജോണിയോടടുത്തത്.ജോണിക്ക് സര്‍ക്കസ്സിലെ തൊഴിലാളികലുമായെല്ലാം നല്ല ബന്ധമാണുണ്ടായിരുന്നത്. രമണ്‍ ലംബയോടു പോലും. ലംബ മിതഭാഷിയാണ്, ഗൗരവക്കാരനും. വളരെ ചിട്ടയുള്ള മനുഷ്യന്‍. വ്യായാമം ചെയ്യുക, ധാരാളം ഭക്ഷണം കഴിക്കുക, പരിശീലനത്തില്‍ മുഴുകുക- ഇത്രയൊക്കെ ഋജുവായരുന്നു അയാളുടെ ജീവതം. അങ്ങിനെയൊരാളുടെ ജീവിതത്തില്‍ പ്രണയം നാമ്പിടുകയോ...വിചിത്രമാണ് അക്കാര്യം. പക്ഷേ അതുണ്ടായി. റ്റീനയോടുള്ള താല്‍പര്യം മറച്ചുവെക്കാനാവില്ല എന്നായപ്പോള്‍ ഒരൊഴിവു നേരത്ത് അയാള്‍ അവരെ സമീപിച്ചു.

റ്റീനാ... എനിക്കു തന്നോടൊരു കാര്യം പറയാനുണ്ട്.

എന്താ, രമണ്‍ ഭായ്?

നിന്നെ എനിക്കിഷ്ടമായി... വവാഹത്തെക്കുറിച്ചൊന്നും ഞാനിതേവരെ ആലോചിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനക്കിതു നിന്നോടു പറയാന്‍ തോന്നി. എനിക്കു നിന്നെ ഇഷ്ടമായി. എന്നോടൊപ്പം ചേരാന്‍ നിനക്കിഷ്ടമാണോ? അതാണിനി അറിയേണ്ടത്.

ഞാനതേക്കുറിച്ച് ആലോചിച്ചിട്ടില്ല, രമണ്‍ ഭായ്.

സാവകാശം മറുപടിതന്നാല്‍ മതി, റ്റീനാ.
അയാളുടെ ശബ്ദം നന്നേ മൃദുവായിരുന്നു. മാംസപേശികളുരുണ്ടു കളിക്കുന്ന ആ ഉടലിന്‍റെ ഉറപ്പ്, ശ്വാസോച്ഛ്വാസത്തിന്‍റെ താളം, ശബ്ദത്തിലെ നേര്‍മ്മ- അതെല്ലാം അവളെ ഭയപ്പെടുത്തി. അയാളുടെ കൈകള്‍ തന്നോടു സംസാരിക്കുമ്പോള്‍ വിറകൊള്ളുന്നത് അവള്‍ കണ്ടു. ൊരു വിധത്ത്ല്‍ അവിടെ നിന്ന് ഒഴിഞ്ഞുമാറിയാണ് അവള്‍ ജോണിയുടെ അടുത്തെത്തിയത്. ജോണി അവളുടെ കൂട്ടുകാരനാണ്. അയാളോടവള്‍ക്ക് അതിനു മുന്‍പ് പ്രേമം തോന്നിയിരുന്നോ എന്നു പറഞ്ഞുകൂടാ. ഒരു പക്ഷേ സാഹചര്യത്തിന്‍റെ കുരുക്കഴിക്കാനായി അവളുടെ മനസ്സു കണ്ടെത്തിയ വഴിയാവാം അത്. ഏതായാലും ജോണിയോടവള്‍ പറഞ്ഞു.

ജോണീ ഭായ്. എനിക്കു നിന്നെയാണിഷ്ടം. രമണ്‍ ഭായ് എത്ര ഉയരമുള്ളവനുമായിക്കോട്ടെ, എനിക്കയാളെ സ്വീകരിക്കാന്‍ ഇഷ്ടമല്ല. നീയെങ്കിലും അതു മനസ്സിലാക്കണം.

രമണ്‍ ഭായ് എന്നെ ലിഫ്ടു ചെയ്തോട്ടെ എന്നാണോ, റ്റീനാ.

ജോണി തമാശ പറഞ്ഞു. അവന്‍ റ്റീനയെ നോക്കി. അവള്‍ക്കു വലിയ നാട്യങ്ങളില്ല. അവളുടെ മുഖത്തെ മേക്കപ്പ് വിയര്‍പ്പില്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.  ആ വിയര്‍പ്പിന്‍റെ മണം അവനെ ഭ്രാന്തു പിടിപ്പിക്കുന്നതായിരുന്നു. കായികമായി ലംബയെ നേരിടാന്‍ താന്‍ ആളല്ല എന്നവന് അറിയാം. അവള്‍ക്കും അതറിയാത്തതല്ല. പക്ഷേ അവര്‍ക്കു പരസ്പരം തോന്നുന്ന ആകര്‍ഷണം അതിനപ്പുറമുള്ളതാണ്. ഒരു പക്ഷേ രമണ്‍ ലംബയുടെ വിവാഹ വാഗ്ദാനമില്ലായിരുന്നെങ്കില്‍ കാര്യങ്ങളിങ്ങനെ ആവുമായിരുന്നില്ല. പക്ഷേ അവനു മറ്റൊരു മറുപടി പറയാനില്ലായിരുന്നു.

നന്ദി, റ്റീനാ, നീയെന്‍റേതാവാനിഷ്ടപ്പെട്ടാല്‍ ഞാന്‍ പിന്നെ മറിച്ചു പറയുമോ?
അവന്‍റെ സ്വരത്തിലെ നേരിയ വിറയല്‍ അവള്‍ ശ്രദ്ധിച്ചു. അവന്‍ ലംബയെ ഭയപ്പെടുന്നുണ്ടാവുമോ?

അന്ന് റ്റീന താഴെ വലയൊന്നുമില്ലാതെ അഭ്യാസം കാട്ടിക്കൊണ്ടിരിക്കെ ഒരു വിറയലോടെയാണു താനതു നോക്കി നിന്നതെന്നും ജോണി ഓര്‍ത്തു. ആള്‍ക്കൂട്ടത്തിന്‍റെ ശ്രദ്ധ തന്നിലായിരിക്കെ റ്റീനാരുടെ ശ്രദ്ധ നഷ്ടപ്പെടാനും വീണു നടുവൊടിയുവാനും കാരണമെന്താണ്? അതിനു തന്‍റെ സാന്നിദ്ധ്യം ഇടയാക്കിയോ, അതോ മാനസികമായ പിരിമുറുക്കം അവളുടെ താളം തെറ്റിച്ചതാവുമോ എന്നു ജോണി  കണ്ണീരോടെ ആലോചിച്ചു. രമണ്‍ ഭായിയും  അവനെ നോക്കുമ്പോള്‍ ഉള്ളു പൊള്ളിക്കുന്ന വേദന കടിച്ചമര്‍ത്തുന്നുണ്ടായിരുന്നു. അതിനപ്പുറം ഒരു വിവാഹ ജീവിതത്തെക്കുറിച്ച് അയാള്‍ സ്വപ്നം കണ്ടിരുന്നുവോ? നിശ്ചയമില്ല... ജോണിയെ സംബന്ധിച്ചിടത്തോളം അവശേഷിച്ച വര്‍ഷങ്ങളില്‍ അത്തരമൊരാഗ്രഹം ഉണ്ടായരുന്നില്ല എന്നുറപ്പാണ്.

ആ ശ്മശാനത്തിലെ  ജോണിയുടെ കല്ലറയ്ക്കടുത്തു നില്‍ക്കുമ്പോള്‍ സംരക്ഷണവല ഒരുക്കാതെ അയാളെ വിളിച്ചു കൊണ്ടുപോയ മരണത്തിന്‍റെ ചിരി ഇപ്പോഴും ആ മൈതാനത്തും ശവക്കോട്ടയ്ക്കു ചുറ്റും മുഴങ്ങിക്കേള്‍ക്കാമെന്ന് രമേശനു തോന്നി. ബീഡിക്കുറ്റി തേടി നടക്കുന്ന ജോണിയുടെ പാട്ട് അവന്‍ കേള്‍ക്കുന്നുണ്ട്.

ഏബീസീഡീ മുറിബീഡീ
കത്തിക്കുമ്പോള്‍ വലിബീഡീ
പോലീസെന്നെ പിടികൂടീ....

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home