Friday, May 1, 2020

അടിമക്കോട്ട Short story ഖസ്സാന്‍ കനാഫനി


(ഖസ്സാന്‍ കനാഫനി (1936- 1972) പാലസ്തീനില്‍ ജനിച്ചു. പിന്നീട് ബെയ്റൂട്ട്, ഡമാസ്കസ്, കുവൈറ്റ് എന്നിവിടങ്ങളില്‍ ജോലിനോക്കി. പലസ്തീന്‍ വിമോചന പോരാട്ടത്തിന്‍റെ ഭാഗമായി. 'മെന്‍ ഇന്‍ ദ സണ്‍' ഉള്‍പ്പെടെ 5 നോവലുകളും 5 കഥാസമാഹാരങ്ങളും രചിച്ചു. ബെയ്റൂട്ടില്‍ വെച്ച് കൊല്ലപ്പെട്ടു.)


ഇത്രമാത്രം മുഷിഞ്ഞ് ദു:ഖിതനായി കാണപ്പെട്ടില്ലായിരുന്നു എങ്കില്‍ അയാളെക്കുറിച്ച് അയാളൊരു കവിയാണെന്ന് ആളുകള്‍ പറഞ്ഞേനെ. തടിയും വീപ്പകളും കൊണ്ട് തന്‍റെ കൂര പണിയുവാന്‍ അയാള്‍ കണ്ടെത്തിയ സ്ഥലം ഉഗ്രനായിരുന്നു. തൊട്ടടുത്ത് കൂര്‍ത്ത പാറകള്‍ക്കിടയിലൂടെ കടലിന്‍റെ കരുത്ത് ആഴമുള്ള, മാറ്റമില്ലാത്ത ശബ്ദത്തോടെ ഒഴുകി. അയാളുടെ മുഖം ശോഷിച്ചതായിരുന്നു, താടിരോമങ്ങളില്‍ ഏതാനും കറുത്തവയൊഴിച്ചാല്‍ മിക്കവാറും നരച്ചതും. കട്ടിയുള്ള പുരികങ്ങള്‍ക്കു കീഴില്‍ കണ്ണുകള്‍ കുഴിഞ്ഞിരുന്നു. അയാളുടെ മൂക്കാവുന്ന വലിയ തള്ളിനില്‍ക്കുന്ന ഭാഗത്തിനിരുപുറവും കവിളെല്ലുകല്‍ രണ്ടു പാറക്കല്ലുകള്‍ എന്നോണം ഉന്തി നിന്നു.

ഞങ്ങളെന്തിനാണ് അവിടെ പോയത്? ഇപ്പോള്‍ എനിക്കതോര്‍മ്മയില്ല. ഞങ്ങളുടെ ചെറിയ കാറില്‍ പരുക്കനും കുഴഞ്ഞതും അടയാളങ്ങളൊന്നും ഇല്ലാത്തതുമായ ഒരു വഴിയേ ഞങ്ങള്‍ പോവുകയായിരുന്നു. മൂന്നു മണിക്കൂറിലേറെയായി ഞങ്ങളാ വഴിയേ നീങ്ങിത്തുടങ്ങിയിട്ട്, അപ്പോഴാണ് താബിത് ജാലകത്തിനു പുറത്തേക്കു ചൂണ്ടി വിളിച്ചു പറഞ്ഞത്:

അതാ, അടിമക്കോട്ട!

ഈ അടിമക്കോട്ട കണ്ടാല്‍ ഒരു ഭീമന്‍ പക്ഷിയുടെ ചിറകുപോലെ തോന്നിക്കുന്ന, ചുവടുഭാഗം തിരമാലകള്‍ കാര്‍ന്നുതിന്ന ഒരു വലിയ പാറയായിരുന്നു. അതിന്‍റെ തല മണലില്‍ പൂഴ്ത്തി, കടലിന്‍റെ കലമ്പലിനു മീതെ വിരിച്ച ചിറകുമായി ഒരു കിളി.

അവരെന്തിനാണിതിനെ ڇഅടിമക്കോട്ടڈ എന്നു വിളിച്ചത്?

എനിക്കറിഞ്ഞുകൂടാ. ഒരുപക്ഷേ എന്തെങ്കിലും ചരിത്രസംഭവത്തില്‍ നിന്നാവാം ആ പേരു വന്നത്. നിങ്ങളാ കുടില്‍ കണ്ടോ?

താബിത് വീണ്ടും വിരല്‍ ചൂണ്ടി, ഇത്തവണ ആ വലിയ പാറയുടെ നിഴലിലെ ചെറിയ കുടിലിന്‍റെ നേര്‍ക്ക്. അയാള്‍ കാറിന്‍റെ എഞ്ചിനോഫാക്കി. ഞങ്ങള്‍ കാര്‍ വിട്ടു പുറത്തിറങ്ങി.

അതിലൊരു അരക്കിറുക്കനായ വയസ്സന്‍ താമസിക്കുന്നുണ്ടെന്നാണ് അവര്‍ പറയാറ്.

ഈ പാഴ്നിലത്ത് അയാള്‍ തനിയെ എന്തു ചെയ്യുകയാവും?



ഏത് അരക്കിറുക്കനും ചെയ്യുന്നതൊക്കെത്തന്നെ.

ദൂരെനിന്നേ ആ വീടിന്‍റെ വാതില്‍ക്കല്‍ ആ വൃദ്ധന്‍ തന്‍റെ തല കയ്യില്‍ താങ്ങി കടലിലേക്കു തുറിച്ചു നോക്കി കുത്തിയിരിക്കുന്നത് ഞങ്ങള്‍ക്കു കാണാമായിരുന്നു.

ഈ കിഴവന് ഒരു കഥ പറയാനുണ്ടാവുമെന്ന് നിങ്ങള്‍ക്കു തോന്നുന്നില്ലേ. അയാളൊരു അരക്കിറുക്കനാണെന്ന് നീയെന്താ പറയുന്നത്?

എനിക്കറിയില്ല. അങ്ങിനെയാണു ഞാന്‍ കേട്ടിട്ടുള്ളത്.

തന്‍റെ ലക്ഷ്യസ്ഥാനമെത്തിയതോടെ താബിത് മണല്‍ നിരപ്പാക്കി വെള്ളക്കുപ്പികള്‍ താഴത്തിട്ട് ബാഗില്‍ നിന്നും ഭക്ഷണം പുറത്തെടുത്ത് നിലത്തിരുന്നു.

അവര്‍ പറയുന്നത് അയാള്‍ ഭാഗ്യത്തിന്‍റെ കടാക്ഷം കൊണ്ട് ഇപ്പോള്‍ ഈ ജില്ലയിലെ തന്നെ ഏറ്റവും ധനികരായിത്തീര്‍ന്ന നാല് ആണ്‍മക്കളുടെ അച്ഛനാണെന്നാണ്.

എന്നിട്ടെന്താ?

അപ്പനെ ആരുനോക്കും എന്ന പ്രശ്നത്തില്‍ മക്കള്‍ തമ്മില്‍ തര്‍ക്കമായി. അവരുടെ ഭാര്യമാര്‍ക്കും ഇക്കാര്യത്തില്‍ സ്വന്തം അഭിപ്രായങ്ങളുണ്ടായിരുന്നു. ഒടുവല്‍ കിളവന്‍ അവിടെനിന്നും രക്ഷപെട്ട് ഇവിടെ താമസമായതോടെയാണ് പ്രശ്നം തീര്‍ന്നത്.

അതൊരു പതിവു കഥയാണ്, അതുകൊണ്ടയാള്‍ അരക്കിറുക്കനായി മാറണം എന്നില്ലല്ലോ?

പിടികിട്ടാത്ത മട്ടില്‍ താബിത് എന്‍റെ നേര്‍ക്കു നോക്കി. എന്നിട്ട് അയാള്‍ കൂട്ടിവെച്ച ഒരു ചെറിയ വിറകുകൂനയ്ക്കു തീ കൊടുത്ത് ഒരു ലോഹപ്പാത്രത്തില്‍ വെള്ളമൊഴിച്ച് അതു തീയ്ക്കു മീതേ വച്ചു.

അയാളുടെ കഥയിലെ പ്രധാനഭാഗം അയാളോടിപ്പോന്നത് ആ ഭ്രാന്തുകൊണ്ടാണോ അതോ സുബോധത്തോടെയാണോ എന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ടാക്കുകയാണ്.

അയാളതാ ഇരിക്കുന്നു. എതാനും അടിയകലെ. അങ്ങോട്ടുപോയി അയാളോടു ചോദിച്ചാലോ?

താബിത് തീയൂതി, എന്നിട്ട് കണ്ണു തിരുമ്മിക്കൊണ്ട് നേരേ കുത്തിയിരുന്നു.

അയാളെ കാണുമ്പോള്‍ എനിക്കു തോന്നുന്ന ആശയം അടക്കാന്‍ പ്രയാസമാണ്.

എന്താശയം?

ഒരു മനുഷ്യന്‍ തന്‍റെ ജീവിതത്തിലെ എഴുപതു വര്‍ഷക്കാലം ഇത്രയും സൂക്ഷിച്ചു ചെലവഴിച്ചിട്ട്, പാടുപെട്ട് പണിയെടുത്തിട്ട്, ഓരോ ദിവസവും, ഓരോ മണിക്കൂറും കരുതലോടെ എഴുപതു നീണ്ട വര്‍ഷങ്ങള്‍ ചെലവഴിച്ചിട്ട്, തന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം തേടിയിട്ട്, നല്ല ഒരു നാളെ ഉണ്ടാകുമെന്നു കരുതി എഴുപതു കൊല്ലം ഉറങ്ങാന്‍ കിടന്നിട്ട്- ഒടുവില്‍ അതെല്ലാം വെറുതെയായാലോ? ഒടുവില്‍ തന്‍റെ ജീവതം ഒരു നായയെപ്പോലെ വലിച്ചെറിയപ്പെട്ട് ഒറ്റയ്ക്ക് ഇങ്ങനെ കുത്തിയിരിക്കാനോ... അയാളെ നോക്കിക്കേ...
രോമം കൊഴിഞ്ഞുപോയ ഒരു ധ്രുവമൃഗത്തെ പോലെയാണയാള്‍. ഇതു നേടാനായി അയാള്‍ക്ക് എഴുപതു കൊല്ലം കഷ്ടപ്പെടേണ്ടി വന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? എനിക്കത് തീരെ ദഹിക്കുന്നില്ല.

അയാള്‍ ഒരിക്കല്‍ കൂടി ഞങ്ങളെ തുറിച്ചുനോക്കി, എന്നിട്ട് കൈകള്‍ വിടര്‍ത്തി തന്‍റെ മുറുമുറുപ്പ് തുടര്‍ന്നു.

ഒന്നാലോചിച്ച് നോക്ക്, അര്‍ത്ഥശൂന്യമായ എഴുപതു വര്‍ഷങ്ങള്‍! ഒരേ വഴിയിലൂടെ എഴുപതുവര്‍ഷം നടക്കുന്നത്, ഒരേ ദിശയില്‍, ഒരേ അതിരുകളും ഒരേ ചക്രവാളവും എല്ലാം ഒന്നു മാത്രം. അതെങ്ങനെ സഹിക്കാനാവും?

്നിന്‍റെ കാഴ്ചപ്പാടാവില്ല അയാള്‍ക്ക് ഇക്കാര്യത്തിലുള്ളത്. തന്‍റെ ജീവതത്തില്‍ നിന്നും ഭിന്നമായ ഒരിടത്ത് എത്തിപ്പെട്ടു എന്നാവും ഒരുപക്ഷേ അയാള്‍ കരുതുക. ഒരുവേള ഇത്തരമൊരന്ത്യമാവും അയാള്‍ ആഗ്രഹിച്ചിരുന്നത്. അയാളോടു ചോദിച്ചു നോക്കിയാലോ?

അയാളുടെ അടുത്തു പോകാനായി ഞങ്ങള്‍ എണീറ്റു. ഞങ്ങള്‍ അയാളിരുന്നതിനടുത്തെത്തിയപ്പോള്‍ അയാള്‍ കണ്ണുയര്‍ത്തി നോക്കി.  ഞങ്ങളെ പ്രത്യഭിവാദ്യം ചെയ്തിട്ട് ഇരിക്കാന്‍ പറഞ്ഞു.

പാതിതുറന്ന വാതിലിലൂടെ ഞങ്ങള്‍ക്ക് കൂരയുടെ അകം കാണാമായിരുന്നു. ഒരു മൂലയിലുള്ള പിഞ്ഞിയ കിടക്ക, മറ്റേ കോണിലായി ചതുരാകൃതിയിലുള്ള പാറപ്പുറത്ത് തുറന്നു നോക്കിയിട്ടില്ലാത്ത മുത്തുച്ചിപ്പികളുടെ ഒരു കൂന കിടന്നു. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. പിന്നെ ആ മനുഷ്യന്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു:

നിങ്ങള്‍ക്കു മുത്തുച്ചിപ്പികള്‍ വേണോ? ഞാന്‍ മുത്തുച്ചിപ്പികള്‍ വില്‍ക്കുന്നയാളാണ്.

അതിനെന്തു മറുപടി പറയും എന്നു നിശ്ചയമില്ലായിരുന്നതുകൊണ്ട് താബിത് ചോദിച്ചു:

നിങ്ങളവ സ്വയം കണ്ടെത്തുന്നതാണോ?

വേലിയിറക്കം വരുംവരെ കാത്തിരുന്ന് ഞാനവ കുറേ ദൂരേക്കിറങ്ങി തേടും. ഞാനവ പെറുക്കി അവയ്ക്കുള്ളില്‍ മുത്തുകള്‍ക്കായ തെരയാന്‍ താല്‍പര്യമുള്ളവര്‍ക്കു വില്‍ക്കും.

ഞങ്ങള്‍ അന്യോനം തുറിച്ചു നോക്കി. ക്രമേണ താബിത് ഞങ്ങളുടെ മനസ്സുകളെ മഥിച്ച ചോദ്യം ഉന്നയിച്ചു.

ഈ ചിപ്പികളില്‍ മുത്തുണ്ടോയെന്ന് നിങ്ങള്‍ക്കു തന്നെ നോക്കിക്കൂടേ?

എനിക്കോ?

താന്‍ ജീവിച്ചിരിക്കുന്നു എന്ന് അപ്പോള്‍ മാത്രം ബോദ്ധ്യം വന്ന ഒരാളിനെപ്പോലെയാണ് അയാളാ വാക്ക് ഉച്ചരിച്ചത്. മുന്‍പൊരിക്കലും അത്തരമൊരാശയം തനിക്ക് തോന്നിയിട്ടേ ഇല്ല എന്ന മട്ടില്‍. പിന്നെ അയാള്‍ തലകുലുക്കിക്കൊണ്ട് നിശ്ശബ്ദനായി ഇരുന്നു.

ഒരു കൂനയ്ക്കെന്താ വില?

വളരെ വിലകുറച്ചുതരാം. ഒന്നോ രണ്ടോ റൊട്ടിക്ക്.

അവ ചെറിയ ചിപ്പികളാണ്. അവയില്‍ മുത്തുണ്ടാവാന്‍ സാധ്യതയില്ലല്ലോ..

കനത്തപുരികത്തിനടിയിലെ തിളക്കം മങ്ങിയ കണ്ണുകള്‍ കൊണ്ടയാള്‍ ഞങ്ങളെ നോക്കി.

ചിപ്പികളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?

അയാള്‍ കടുപ്പിച്ച് പറഞ്ഞു. നിങ്ങള്‍ക്കൊരു മുത്തുകിട്ടുമോ ഇല്ലയോ എന്ന് ആര്‍ക്ക് പറയാനാവും? കൂടുതല്‍ സംസാരിച്ചാല്‍ കച്ചവടം നടന്നേക്കില്ല എന്നു തോന്നിയിട്ടാവാം അയാള്‍ നിശ്ശബ്ദനായി.

നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ?

ഇല്ല. ഒരാള്‍ക്കും പറയാന്‍ കഴിയില്ല.

അതു പറഞ്ഞിട്ട് അയാള്‍ തന്‍റെ മുന്നില്‍ കിടന്ന ഒരു ചിപ്പി തട്ടിക്കളിക്കാന്‍ തുടങ്ങി, ഞങ്ങളുടെ സാന്നിധ്യം  തന്നെ മറന്ന മട്ടില്‍.

ശരി, ഞങ്ങളൊരു കൂന വാങ്ങാം.

വൃദ്ധന്‍ തിരിഞ്ഞ് ആ ചതുരപ്പാറയില്‍ കൂനകൂട്ടി വെച്ചിരുന്ന ചിപ്പികളുടെ നേര്‍ക്ക് ചൂണ്ടി.

രണ്ടു റൊട്ടി കൊണ്ടുവരൂ! അയാള്‍ പറഞ്ഞു. അയാളുടെ ശബ്ദത്തില്‍ ആഹ്ളാദത്തിന്‍റെ മുഴക്കമുണ്ടായിരുന്നു. എന്നിട്ടാ കൂനയിലുള്ളത് എടുത്തോളൂ...

ചിപ്പികളുടെ കൂമ്പാരവുമായി തിരികെ നടക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമായി.

ആ കണ്ണുകള്‍ ഒരു ഭ്രാന്തന്‍റേതാണ് എന്നെനിക്കു തീര്‍ച്ചയാണ്. അല്ലെങ്കില്‍ അയാളെന്തിനാണ് ഈ ചിപ്പികള്‍ സ്വയം തുറന്ന് മുത്തുണ്ടോ എന്നു നോക്കാത്തത്?

ഒരു പക്ഷേ ശ്രമിച്ചു ശ്രമിച്ച് അയാള്‍ക്കു മടുത്ത് പോയിരിക്കാം. അതുകൊണ്ടിപ്പോള്‍ ഒരു കാഴ്ചക്കാരനായിരുന്നു പണം വാങ്ങാനാവും അയാള്‍ക്കു താല്‍പര്യം.

മുഴുവന്‍ ചിപ്പികളും പൊളിച്ചു കഴിഞ്ഞപ്പോള്‍ ദിവസം പാതി കടന്നിരുന്നു. ശൂന്യമായ ചിപ്പികള്‍ക്കുള്ളിലെ പശയുള്ള മാംസം ഞങ്ങള്‍ക്കു ചുറ്റും ചിതറിക്കിടന്നു. ഞങ്ങളുടെ ഭ്രാന്തോര്‍ത്ത് ഞങ്ങള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ഉച്ച കഴിഞ്ഞപ്പോള്‍ താബിത് ആ വൃദ്ധന് ഒരു കോപ്പ കടുപ്പമുള്ള ചായ കൊണ്ടുപോയിക്കൊടുത്ത് അയാളുടെ ഹൃദയത്തിനല്‍പം ആശ്വാസം നല്‍കുവാന്‍ എന്നോടാവശ്യപ്പെട്ടു.

അയാളുടെ അടുത്തേക്കു നടക്കുമ്പോള്‍ എനിക്ക് അകാരണമായ ഒരു ഭയം തോന്നി. എന്നാല്‍ അയാളെന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് ആശ്വാസത്തോടെ ആ ചായ മൊത്തി.

നിങ്ങള്‍ക്കാ ചിപ്പികളില്‍ നിന്നു വല്ലതും കിട്ടിയോ?

ഇല്ല, ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല. നിങ്ങള്‍ ഞങ്ങളെ പറ്റിച്ചു.

അയാള്‍ ദു:ഖത്തോടെ തലകുലുക്കിക്കൊണ്ട് ചായ ഒരിറക്കുകൂടി കുടിച്ചു.

രണ്ടു റൊട്ടിയുടെ ചെലവില്‍! അയാള്‍ തന്നോടുതന്നെയെന്നവണ്ണം പറഞ്ഞു. എന്നിട്ട് വീണ്ടും തലകുലുക്കി. പിന്നെ പെട്ടെന്ന് എന്നെ നോക്കി അയാള്‍ വിശദീകരിച്ചു:

ഈ ചിപ്പികള്‍ നിങ്ങളുടെ ജീവിതം ആയിരുന്നുവെങ്കിലോ- നിങ്ങള്‍ തുറക്കുന്ന ഓരോ ചിപ്പിയുടെ ഉള്ളും നിങ്ങളുടെ ഒരു വര്‍ഷം ആയിരുന്നെങ്കില്‍, നിങ്ങളവ ഓരോന്നായി തുറന്ന് അവയെല്ലാം ശൂന്യമാണെന്നു കണ്ടാല്‍ നിങ്ങള്‍ക്ക് രണ്ടു റൊട്ടി നഷ്ടപ്പെടുമ്പോഴുള്ളതേക്കാള്‍ സങ്കടം തോന്നില്ലേ?

അയാളെ ആകെ വിറയ്ക്കാന്‍ തുടങ്ങി. ഞാനൊരു ഭ്രാന്തന്‍റെ മുന്നിലാണെന്ന് ആ നിമിഷം എനിക്കുറപ്പായി. തടിച്ച പുരികങ്ങള്‍ക്കു കീഴില്‍ അയാളുടെ കണ്ണുകളില്‍ മുനയുള്ളതും അസ്വാഭാവികവുമായ ഒരു തിളക്കമുണ്ടായിരുന്നു. അയാളുടെ കീറിപ്പിഞ്ഞിയ വസ്ത്രത്തിലെ ചെളി മദ്ധ്യാഹ്ന സൂര്യന്‍റെ പ്രകാശത്തില്‍ തെളിഞ്ഞു കാണായി. എനിക്കൊന്നും പറയാന്‍ തോന്നിയില്ല. ഞാന്‍ എണീല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആ ശുഷ്കിച്ചതെങ്കിലും ബലിഷ്ഠവും പിരിഞ്ഞുമുറുകയതുമായ കൈകൊണ്ട് എന്‍റെ കൈയില്‍ പിടിച്ചു. എന്നിട്ടയാള്‍ പറയുന്നത് ഞാന്‍ കേട്ടു:

ഭയപ്പെടേണ്ട- നിങ്ങള്‍ കരുതുമ്പോലെ എനിക്കു ഭ്രാന്തില്ല. ഇരിക്കൂ, ഞാന്‍ നിങ്ങളോടൊരു കാര്യം പറയാം. എന്‍റെ ദിവസത്തിലെ ഏറ്റവും ആനന്ദപ്രദമായ നിമിഷങ്ങള്‍ ഇത്തരം നിരാശ കാണാന്‍ കഴിയുന്ന മുഹൂര്‍ത്തങ്ങളാണ്.

ഞാന്‍ വീണ്ടുമവിടെ ഇരുന്നു. എനിക്കു സമാധാനം തോന്നി. അതിനിടയില്‍ അയാള്‍ ചക്രവാളങ്ങളിലേക്ക് നോക്കിത്തുടങ്ങിയിരുന്നു, എന്‍റെ സാന്നിധ്യം തന്നെ മറന്നതു പോലെ, ഒരു നമിഷം മുന്‍പ് എന്നോട് ഇരിക്കാന്‍ പറഞ്ഞതേയില്ല എന്ന മട്ടില്‍. എന്നിട്ട് അയാള്‍ എന്‍റെ നേര്‍ക്കു തിരിഞ്ഞു.

നിങ്ങള്‍ക്കൊന്നും കിട്ടില്ല എന്നെനിക്കറിയാം. ഈ ചിപ്പികള്‍ ഇളപ്പമാണ്. അവയില്‍ മുത്തിനുള്ള വിത്തുണ്ടാവുക സാധ്യമല്ല. എന്നാലും എനിക്കത് അറിയണമായിരുന്നു.

അയാള്‍ വീണ്ടും കടലിലേക്ക് തുറിച്ചുനോക്കി നിശ്ശബ്ദനായി. എന്നിട്ട് തന്നോടുതന്നെയെന്നോണം പറഞ്ഞു:

ഇന്നു രാത്രി വേലിയിറക്കം നേരത്തേ തുടങ്ങും. എനിക്കപ്പോള്‍ ചിപ്പികള്‍ തേടി പോകണം. നാളെ വേറെയാരെങ്കിലും വരും...

ഒരന്ധാളിപ്പോടെ ഞാന്‍ എഴുന്നേറ്റു. അസ്തമയ സൂര്യന്‍റെ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തില്‍ അടിമക്കോട്ട ഇരുള്‍ പൂണ്ടു നിന്നു. എന്‍റെ കൂട്ടുകാര്‍ ചിതറിക്കിടന്ന ചിപ്പികള്‍ക്കു ചുറ്റുമിരുന്ന് ചായകുടിക്കവേ ആ വൃദ്ധന്‍ ഇറങ്ങിപ്പോകുന്ന വെള്ളത്തിനു പിന്നാലെ ഓടാനും ഇടയ്ക്കിടെ കുനിഞ്ഞ് പിന്മാറിയ വെള്ളം അവശേഷിപ്പിച്ച ചിപ്പികള്‍ പെറുക്കാനും തുടങ്ങി.





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home