നേരം പോകുന്നു
നേരമില്ല പോകാന്‍
നേരം പോകുന്നുമില്ല
പുറത്തേയ്ക്കിറങ്ങുമ്പോള്‍
പുറത്തു മഴയുടെ ഭിത്തി, ചരടുകള്‍
മഴയ്ക്കുള്ളിലേക്കു വള്ളികളില്‍ ഞാന്ന് പോകണം
ഇല്ല നേരം പോകാന്‍
കടത്തിണ്ണയില്‍ കയറി നില്‍ക്കുന്നില്ല
കണ്ണു നിറയെ എന്തോ കണ്ടൊരാള്‍
മഴയ്ക്കിടയിലൂടെ അലയുന്നു
ഗോവണി ചാരി കയറിപ്പോകാവുന്ന
മഴത്തുള്ളികള്‍
പെയ്ത്തുവെള്ളം തെറുപ്പിച്ച് പായുന്ന വണ്ടി
തെറിയുടെ മിന്നലാട്ടം കണ്ട്
നിരപ്പില്‍ മിന്നലിന്‍റെ ചുരംകയറി പോകുന്നു
നേരമില്ലയൊന്നിനും
ചില്ലിലിരുന്നു കൈവീശുന്ന വൈപ്പര്‍
ഒരു പാമ്പല്ല
വണ്ടിയോട്ടുന്നവന്‍ പാമ്പാട്ടിയും
വണ്ടി ഡ്രൈവര്‍ക്കു നല്‍കുന്ന യാത്രാമംഗളം.
പരപ്പില്‍
വെള്ളം റോഡിന്‍റെ നിരപ്പെത്തി നില്‍ക്കുന്ന ഇടങ്ങളില്‍
നെല്‍പ്പാടങ്ങളെ മറച്ച ജലാശയം
വഴിമുറിച്ച് പാഞ്ഞോടുന്ന എലികള്‍
കൂട്ടുകാരന്‍ ഇളംകള്ളിനേക്കുറിച്ചൊരു പാട്ടുപാടുന്നു
കുടിച്ചാല്‍ തീരും പാട്ട്
കുടിക്കുവോളം നീളുന്നത്
അകലങ്ങളില്‍ കായല്‍ ജലം (അതിലൊരാശയമുണ്ടോ?)
കടത്തുവള്ളത്തെ ഗൗനിക്കാതെ പായുന്ന സ്പീഡ് ബോട്ട്
ബണ്ടിലുടനീളമുള്ള തെങ്ങുകള്‍, ജങ്കാര്‍
കൈതമറ, പായലിന്‍ മഞ്ഞപ്പൂ
നനഞ്ഞൊട്ടിയ വീടുകള്‍
നെറ്റിയില്‍ ചാരം പൂശിയ ആകാശം
മഴയിലും തുടരുന്ന വഴിപ്പണി
മുടക്കു ബോര്‍ഡുകള്‍
വെള്ളത്തെയൊഴിഞ്ഞ് നടുവഴിയേ നടക്കുമൊരാള്‍
പൊക്കമുള്ളോരൊരുവഴിപ്പാലം കടന്ന്
ഓട്ടോയ്ക്കു വഴികൊടുത്ത്
ഓടും കുതിര, ചാടാതെ
തണുത്ത ബോണ്ടയും കട്ടനുമടിച്ച്
വഴിചോദിച്ച്
ഒന്നു വലത്തു പോയി മടങ്ങി ഇടത്തുപോയി
വലത്തുവെച്ച് നേരേ
വെറ്റിലഞരമ്പുപോലെ വഴികള്‍
നദീതീരത്തെത്തി മടങ്ങുന്നവ
നമ്മളും മടങ്ങുന്നു
നഗരത്തിലേക്കു നിലവിളിച്ചു പോകുന്ന
വണ്ടികളില്‍ നിന്നൊഴിവായി വെറുതേ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home