മിച്ചമില്ലാതെയാവണോ പച്ചകള്‍?
കുഞ്ഞുകുട്ടികള്‍, കൈമെയ് മുറിഞ്ഞവര്‍
കണ്ണില്‍ വേദന കൂടുകൂട്ടുന്നവര്‍
ചുണ്ടില്‍ വിതുമ്പലിന്‍ വിറയാര്‍ന്നു നില്‍പവര്‍
കണ്ണുനീരും പൊടിയും കലര്‍ന്നുള്ള
ശ്യാമമേഘം മനസ്സില്‍ വിരിച്ചവര്‍..
കേള്‍ക്കുവാനുണ്ടു പൊട്ടിത്തെറികളും
കാണാതെയായ കിടാങ്ങളെ തേടുന്ന
അച്ഛനമ്മമാര്‍, രക്ഷാപ്രവര്‍ത്തകര്‍
ചുറ്റിലും ബോംബുകള്‍ കൊണ്ടുകിളച്ചിട്ട നാടുകള്‍
കൈവിരല്‍ ചൂണ്ടിനില്ക്കുമോ -
രാണവഭീഷണീസ്വരം, ഒലീവിന്‍ കരിഞ്ഞ കൈ.
അമ്മയെ, പെങ്ങളെ, മക്കളെത്തേടിയാ
നാശത്തിന്‍ കൂനതോറുമലയുന്നൊരാളുകള്‍
ഉണ്ണുവാനുമുടുക്കാനും ദാഹിച്ച
ചുണ്ടതല്‍പം നനയ്ക്കാനുമായിതാ
ചുറ്റുപാടും നോക്കിപ്പകയ്ക്കുന്ന കുഞ്ഞിന്‍റെ
നേര്‍ക്കു ചീറും വെടിയും പുകയും
പൊടിപടലങ്ങളും വെടിപടഹങ്ങളും
പായയാക്കിയ മൃത്യുവിന്‍ വഞ്ചിയും.
കരുണയോരാത്ത മുഷ്ക്കും വെറുപ്പും
പൂത്തുനില്‍ക്കുന്ന വംശദേശങ്ങള്‍
സേനയില്ലാത്ത ജനങ്ങളെക്കൂടിയും
കൊന്നുതള്ളി രസിക്കുന്ന ശക്തരും
ഭൂതകാലത്തെ മായ്ക്കും മറവിതന്‍
ഭീകരതയാണിന്നീ യറുസലേം നാടെങ്ങും
ഓഷവിറ്റ്സിനും മേലേപറക്കുവാന്‍
കോപ്പുകൂട്ടുന്ന വംശീയവാദവും.
കേവലം കല്ലും പൊടിയുമായ് മാറ്റുന്ന
നീതിബോധം മരിച്ചോരിടങ്ങളില്‍
ഏതു നാട്, ആര്‍ക്കു സ്വന്തമാണ-
പ്പുറത്തേതു പരകീയമെന്നതും
തീര്‍ത്തുചൊല്ലുവാനാരധികാരി?
മിച്ചമില്ലാതെയാവുന്നു പച്ചകള്‍
പക്ഷികള്‍, ശലഭങ്ങളൊക്കെയും ചിറകറ്റു വീഴുന്നു
മരണമേറ്റി വിമാനങ്ങളാകാശദിക്കിലെങ്ങുമേ പാറുന്നു
സൂക്ഷ്മജീവികള്‍, മണ്ണില്‍ വസിപ്പവ
ആശയറ്റ ജനങ്ങള്‍ക്കു നേരാന്‍ പടച്ചവന്‍
തന്‍റെ കാരുണ്യമല്ലാതെയെന്തുണ്ടു ഭൂമിയില്‍
ലോകനാശത്തിലാശപൂണ്ടാരിതു
മുഷ്ടിയും മുഷ്ക്കുമായിട്ടൊരുങ്ങുന്നു?
നില്‍ക്കുവിന്‍, നിര്‍ത്തുകീ ക്രൂരകൗതുകം!
നാടുചുറ്റിയലഞ്ഞ നിന്‍ ഭൂതകാലകഥകള്‍ മറക്കൊലാ
നീതിയെ കൊമ്പുകാട്ടിയകറ്റിടും വെള്ളാനകള്‍
എണ്ണമറ്റമനുജരെ ചീന്തിയെങ്ങും
വലിച്ചെറിഞ്ഞീടുന്ന കെട്ടുനാറും പാതയാരുടേതാകിലും
കെട്ടുപോകാതിരിക്കില്ല നിശ്ചയം,
കുറ്റമില്ലാതെയാവില്ല ചോരയില്‍
മുക്കിയെങ്ങും പതിച്ചകൈപ്പാടുകള്‍!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home