un-poet's page
Blog with writings by Benoy PJ
Monday, July 11, 2011
പൊതു ഇടം
ബിനോയ് .പി. ജെ.
എനിക്കറിഞ്ഞുകൂടാ,
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍
ഉണ്ടായിരുന്നിട്ടേ ഇല്ല എന്നോണം
വേണമോ നമുക്ക് പെരുമാറുവാന്‍ ?
പഴയ ആദര്‍ശങ്ങള്‍
അവയുടെ അഴുകിയ മുഖം
ലോകത്തിനു കാട്ടിതന്നിട്ടെയില്ല
എന്നോണം,
പഴയ മുദ്രാവാക്യങ്ങളും തോക്കുകളും
ഇനിയും ഉയര്‍ത്താന്‍ പഴുതുണ്ട്
എന്ന മട്ടില്‍!
ഇടയ്ക്കെപ്പോഴോ
ആരൊക്കെയോ മരിച്ചു പോയി
പുതുതായി ആരോ ജനിച്ചു.
എന്റെ ജനനത്തീയതി
അല്പം കൂടി മുന്‍പായിരുന്നു എങ്കില്‍ എന്ന്
അല്പം കൂടി കഴിഞ്ഞായിരുന്നു എങ്കിലെന്നു
ആഗ്രഹിക്കാതവരാരുണ്ട് ?
യഥാര്‍ത്ഥത്തിലുള്ള സംഭവങ്ങള്‍
നടന്നപ്പോള്‍ ഞാനുണ്ടായിരുന്നില്ല,
ഞാനുണ്ടായിരുന്നപ്പോള്‍ നടന്നവ
സംഭവങ്ങളെ ആയിരുന്നില്ല ,
ഇനിയെന്തെങ്കിലും നടന്നാല്‍ തന്നെ
ഞാന്‍ അവിടെയുണ്ടാകുമെന്നു
എന്താണ് ഉറപ്പ്?
അതുകൊണ്ട് സമാധാനിക്കൂ,
ഒന്നും തന്നെ സംഭവിച്ചിട്ടില്ല,
ഇപ്പോള്‍ സംഭവിക്കുന്നില്ല,
നാളെ സംഭവിക്കുകയുമില്ല.
വെറുപ്പ് അനുനിമിഷം
ഇരുണ്ട ഉടലുകളെ കാര്‍ന്നുതിന്നുകയും
സ്നേഹത്തെ ഉടച്ചു കളയുകയും
ആത്മ നിന്ദയെയും പരിഹാസത്തെയും
ആളിപ്പടര്‍ത്തുകയും ചെയ്യുമ്പോള്‍
നീതിയെക്കുറിച്ചു എങ്ങിനെ സംസാരിക്കാന്‍?
എവിടെയാവും ഒരു പൊതു ഇടമുണ്ടാവുക,
ഈ നിലത്തു തന്നെ അല്ലെങ്കില്‍ ,
അതിനുമടിയില്‍ അല്ലെങ്കില്‍.
ടെലിവിഷന്‍ എത്താത്ത നിഴലുകളില്‍
സഹോദരര്‍ പരസ്പരം
തേടുന്ന ഇടങ്ങളില്‍.
നിങ്ങളെന്നെ
നന്ദികെട്ടവനെന്നു വിളിക്കും-
ഞാനെങ്ങനെ നന്ദിയുള്ളവനാകും?
ഈ നശിച്ച ജീവിതത്തിനിടയില്‍,
മരണം പോലും ഉപേക്ഷിച്ചു പോയ
ഈ തുറമുഖത്ത്
നങ്കൂരം ഇട്ടിരിക്കുമ്പോള്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home