തോട്ടുവക്കത്തെ നിഴല്‍
തോട്ടുവക്കത്തെ നിഴല്‍
ബിനോയ്.പി.ജെ.
ഒരു മേഘം കൊത്തിപ്പറക്കുന്നു കാക്കകള്‍
അത് പാടത്തു മിന്നലിന്നൊപ്പം പെയ്തു മറയുന്നു.
കാക്കകള്‍ മരച്ചില്ലകള്‍ക്കിടയിലേക്കു പിന്‍വാങ്ങുന്നു
പകലിന്‍ സമ്മിശ്രവടിവിലേക്കൊരു കാറലായ് ചേക്കേറുന്നു.
വൈദ്യുതക്കമ്പിയില്‍ ഉടല്‍ ചേര്‍ത്തൊരു വാവല്‍
മരണത്തിലും തീമുല്ലകള്‍ വിരിക്കുന്നു.
നേരം പോയ നേരത്ത് പാടത്തു നിന്ന് വിതയ്ക്കുന്ന
അയാളുടെ കൈപ്പിടി വിട്ട്
രാത്രി നനഞ്ഞ മണ്ണിനെ മുത്തുന്നു.
തോട്ടിറമ്പില്‍ നിന്ന് ആട്ടിന്‍ പറ്റത്തെ
അഴിച്ചുകൊണ്ടു പോവുന്ന സ്ത്രീയുടെ
ഇരുണ്ടചിരിയില്‍ നിന്നും
അതു മുളപൊട്ടിയോ?
പരുത്തിയിലകളില്‍ മങ്ങിത്തെളിഞ്ഞ
നിലാവിനെ പൂവരശും കമ്മട്ടിയും തട്ടിക്കളിക്കുന്നതു കണ്ട കാറ്റ്
ആറ്റിലൂടെ തെന്നിയകന്നു പോയി.
പണ്ടെങ്ങോ എഞ്ചിന്‍പുരയ്ക്കടുത്തു മരിച്ചുകിടന്ന മനുഷ്യന്‍
വഴിപോക്കരെ വെട്ടിച്ച്
ആ സ്ഥലത്തിന്റെ ഓര്‍മ്മകളില്‍ കയറിക്കൂടിയിട്ടുണ്ട്
ഒരുപക്ഷേ ആ സ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന
ആളുകളേക്കാളും ആഴത്തില്‍.
ഭയവും ദുരൂഹതയും കലര്‍ന്ന ഒരാഖ്യാനത്തില്‍
അവ്യക്തമെങ്കിലും ദൃഢമായി
അയാളുടെ കൈ ഇറുക്കിപ്പിടിച്ചിരിക്കണം.
ചിറയിലെ കള്ളുഷാപ്പിലിരുന്ന് തര്‍ക്കിക്കുന്നവരുടെ
ഒച്ചകൾക്ക് മീതെ
ചീവീടുകള്‍ മൂളി.
നക്ഷത്രങ്ങള്‍ പതിവുപോലെ ആകാശത്തുണ്ട്
നിശ്ചിത അകലങ്ങള്‍ പാലിച്ച്
കൂട്ടുചേരാനോ പിരിഞ്ഞുപോകുവാനോ മടിച്ച്.
കിഴക്കുനിന്നേതോ കുന്ന്
ടിപ്പറില്‍ പാഞ്ഞു പടിഞ്ഞാട്ടു പോകുന്നുണ്ട്
ലോറിയില്‍ ആന സഹ്യനെയോര്‍മ്മിപ്പിച്ചും
അവയുടെ പാച്ചിലിന്നിടയ്ക്കേതു മലകളേ നമ്മള്‍ മായ്ക്കും-
പൊടിക്കാറ്റിന്‍ ശബ്ദമെത്രമേലടുത്തെത്തീ.
പൈപ്പുകള്‍, വീശും ചൂലിന്‍ വാശികള്‍
നമ്മെയെത്ര തിടുക്കത്തില്‍ പായിക്കുന്നൂ
അന്യരാമഴുക്കുകള്‍ കളഞ്ഞുവെടിപ്പാക്കാന്‍
ഉള്ളിലെ പുച്ഛം മൂടി പൂക്കളമൊരുക്കുവാന്‍.
കൊച്ചുകുഞ്ഞുപദേശി പാടിയ പാട്ടില്‍കേറി
കുഞ്ഞുങ്ങള്‍ നടക്കുന്നൂ, ദിക്കുകള്‍ പ്രഭാമയം
പൊയ്കയില്‍ നാലുപാടും തുറക്കും പള്ളിയൊന്നില്‍
വിട്ടുപോയോരക്ഷരങ്ങള്‍ കൂട്ടിവെച്ചോനിരിക്കുന്നു.
തോട്ടിറമ്പില്‍ പൂത്തുനില്ക്കും
ചന്തമുള്ളോരൊതളമേ
കായയൊന്നു തന്നു നീയെന്‍ കഷ്ടമൊക്കെ തീര്‍ത്തുതായോ.
മുട്ടിനോളം ചെളിയില്‍ കാലാഴ്ത്തിനില്ക്കും
കരിഞ്ചോപ്പില്‍ ഏലിയിന്നു പാടുകില്ല
ആടുകില്ല ചെവിവട്ടം പിടിച്ചുംകൊണ്ടേറുകില്ല
പോളതിങ്ങും പുഴയിലെ പുല്ലുചങ്ങാടത്തിലെന്റെ
തോണിയിന്നുണ്ടുടക്കുന്നു തള്ളിവിട്ടോ കൂട്ടുകാരാ.
മുങ്ങിയും ചിറകുണക്കിയും നീർക്കാക്കൾ
ചുറ്റുന്ന വെള്ളപ്പരപ്പതിലേക്കാഞ്ഞു നീയെറിഞ്ഞ വെള്ളയ്ക്കയാല്‍
ഒന്നുപൊട്ടി വീണ്ടുമൊത്തുചേരുന്ന കണ്ണാടിയില്‍
ആകാശമതിന്റെ മുഖം കാണുന്നുണ്ടല്ലോ
സ്വന്തംകണ്ണാലവനും കുഴങ്ങിയോ
നിഴലിൽ ചുഴികുത്തും ഒഴുക്കിലൊളിതേടിയോ?.