പലമതന്‍ പദതാളം
ബിനോയ്.പി.ജെ.
നിശ്ച്ചലമരപ്രേസിലിരുന്നു ഞാന്‍
വണ്ണാത്തിപ്പുള്ളിന്‍ തത്തും
വാലിനെ നോക്കിക്കൊണ്ടും
ആത്തയില്‍ രാപ്പാടി തുളച്ചിട്ടോരാത്തക്കായ്
വായ്പൊളിച്ചെന്തോ ചൊന്നതു കേള്‍ക്കാനാഞ്ഞും.
ആകാശം സ്വച്ഛനീലമാം വനാന്തരം
ആദ്യത്തെയാത്രക്കാരാം പക്ഷികള്‍
ചേക്കവിട്ടെവിടേക്കോ നീങ്ങുന്നുണ്ടിടയ്ക്കിടെ.
തളിര്‍ത്ത വഴണയില്‍ വന്ന പൂക്കാലത്തിന്റെ
സുന്ദര ഫലശൂന്യവാഴ്വ്
അതിലേറും കാക്കക്കുഞ്ഞ്
ചപലം വായുവില്‍ ചിറകടി തെറ്റി
താഴേക്കൂര്‍ന്നു പോകുന്നൂ, വീണ്ടും വേഗത കണ്ടെത്തുന്നൂ.
വെളുപ്പാന്‍കാലത്തിന്റെ തണുപ്പും മെല്ലെ മാറി
പേരയെ ചുറ്റിപ്പാറി വേവടക്കിയ വവ്വാല്‍
രാത്രിയെയുപാസിച്ചു മറ്റെങ്ങോ പോയിത്തൂങ്ങി
മായുവാന്‍മറന്നല്പനേരം മാനത്തുതങ്ങിപ്പോയ
ചന്ദ്രനും തിടുക്കത്തില്‍ പായ്ചുരുട്ടുന്നൂ.
പകലുറവുകള്‍പൊട്ടി തെരുവില്‍ പലമതന്‍
പദതാളമെത്തീ, ചക്രവാഹന ദ്യുതക്രമം.
ഹോണടിച്ചങ്ങു പായുന്ന മീന്‍വണ്ടിയില്‍
കിളിമീന്‍, ശീലാവു, മത്തിയും, കൊഴുവയും
ഇടവഴികേറി വീട്ടുവാതില്‍ക്കലെത്തുന്നുണ്ട്
മുള്ളങ്കിയിലിരുന്നങ്കക്കലി മൂത്തോരണ്ണാന്‍
ക്രുദ്ധനായ് ലോകത്തോടു തെറിയാല്‍പേശുന്നുണ്ട്
മുടിയിലൊരു പൂവുതിരുകിയ വൃദ്ധ
പ്രാഞ്ചിപ്രാഞ്ചിയെങ്ങോട്ടോ പോകുന്നുണ്ട്
കിണറിന്‍മീതേ രണ്ടുകറിവേപ്പുകള്‍
തമ്മില്‍ ചുണ്ടുകളുരസ്സുന്നു.
മുള്ളുകള്‍ക്കിടയിലാ കൈതയന്നൊളിപ്പിച്ച
ചക്കയെ മുറിക്കുമ്പോള്‍ സൂര്യനേവീണ്ടും കാണാം
കുട്ടികള്‍കാണുംപോലെ പരന്നും
സായംകാലമഞ്ഞയാലുടലാര്‍ന്നും.
മതിലില്‍ പടര്‍ന്നോടും മത്തയില്‍ചെറുകായ്കള്‍-
ഇഷ്ടമല്ലെനിക്കതിന്‍ രുചിയെന്നുണ്ടെങ്കിലും
നേർത്തരോമങ്ങൾ വീശും വള്ളിയെ മാനീക്കാതെ
കഴിയില്ല,തിന്‍ പച്ചയെ, സ്പഷ്ടമാമാകാരത്തെ.
നിത്യവും തലേന്നത്തെ സാമ്പാറും ചോറും പോത്തും
ശബ്ദത്തോടാര്‍ഭാടത്തോടൊഴുക്കി വയര്‍ വെടിപ്പാക്കുന്നവര്‍
പൊഴിക്കും ഗന്ധങ്ങളും വരുന്നുണ്ടൊപ്പം തന്നെ.
സൂര്യനു കീഴിലെല്ലാം
നിഴലുള്ളവർ തന്നെ, മരപ്പോതിലിരിക്കും
കിളിമുട്ടയ്ക്ക്, അത്തിക്കും വറുങ്ങിനും
നമ്മെയെടുത്തു നൃത്തം വെച്ചു കറങ്ങും
ഭൂമിക്കുമുണ്ടതിനാല്‍ മടിക്കേണ്ടാ
പേറുവാന്‍ സ്വന്തംനിഴല്‍
നിഴലിനെ മായ്ക്കാനോങ്ങും അധികാരത്തീയിനെ,
ആയിരം തുറുകണ്ണാല്‍ പൌരരെ നിഴലുകള്‍ മാത്രമായ്
മാറ്റാനോങ്ങും മുഷ്ടിതന്‍ സ്വരൂപത്തെ മായ്ക്കണം,
കരുത്തുള്ളവ, സൂക്ഷ്മം, മൃദുലം രേഖകളാല്‍
ആഴമുള്ള കറുപ്പാല്‍
ഇനി നാം വരയ്ക്കണം കാറ്റിലെ കടമ്പിനെ .
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home