Friday, May 8, 2015

അവസാനത്തെ സെല്‍ഫി


ബിനോയ് പി.ജെ

ഞങ്ങളുടെ മഹത്തായ വിപ്ളവത്തിന്റെ
എഴുപത്തിനാലാം ഘട്ടത്തിലാണ്
ഞങ്ങള്‍
'സ്വന്തം കാര്യം സിന്ദാബാദ്'
എന്ന മഹത്തായ മുദ്രാവാക്യം
കണ്ടുപിടിച്ചത്.
ഇത്രമേല്‍ സരളവും
സാര്‍വ്വത്രികവുമായ ഒരുകാര്യം
കണ്ടെത്തുവാന്‍ കഴിഞ്ഞതോടെ
ഞങ്ങള്‍ക്ക്
ഇടയിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കെല്ലാം
പരിഹാരമായി.
ഞങ്ങളുടെ ആചാര്യന്മാരൊന്നും
പ്രപഞ്ചത്തിന്റെ ഈ
അത്ഭുതരഹസ്യം കണ്ടെത്തിയത്
തങ്ങളാണെന്നകാര്യം
ഒട്ടും മറച്ചുവെച്ചില്ല.

സ്ഥലത്തെ പ്രധാനകക്ഷികളെല്ലാം
പരസ്പരവൈരംമറന്ന് ഒന്നിക്കുന്ന
ആ അത്ഭുത സ്ഥിതിവിശേഷത്തില്‍
ആനന്ദാതിരേകത്താല്‍ കണ്ണുനിറഞ്ഞു
പോകുകയാല്‍
ഞങ്ങളുടെ ക്വട്ടേഷന്‍സംഘങ്ങളും
ഉരുകി ഒന്നായിത്തീര്‍ന്നിരുന്നു.
ലോകത്തിനാകെ
ഇനിയൊരു ക്വട്ടേഷന്‍മതി
എന്നകാര്യം പിടികിട്ടിയ ബുദ്ധിജീവികളും
എഴുത്തുകാരും കലാകാരന്മാരും
സ്വന്തം കസേരകളില്‍
എഴുന്നേറ്റു നിന്ന്
ഉറക്കെ വിളിച്ചു പറഞ്ഞു:
'സ്വന്തം കാര്യം സിന്ദാബാദ്!'

വാളുകളും ‘വോളു”കളും
തികഞ്ഞ ഒത്തൊരുമയോടെ
അതേറ്റുപാടുന്നതു കേട്ടതോടെ
തനിക്ക്  താന്‍ സ്വന്തമാണെന്ന
സൂത്രവാക്യത്തില്‍
സംശയംപുലര്‍ത്തിയിരുന്നവരൊഴികെ
എല്ലാവരും വിമോചിപ്പിക്കപ്പെട്ടു.
കുറുവടിയും തലപ്പാവും തിലകക്കുറിയുമായി
അവര്‍ ലോകത്തിന്റെ
അഴുക്കുകള്‍ കളയാനായി
നിരന്നെത്തുന്ന മുഹൂര്‍ത്തത്തില്‍
പുതിയതത്വശാസ്ത്രമെഴുതിയ
ചുവരുകള്‍ക്കു മുന്നില്‍നിന്ന്
സെല്‍ഫികളെടുക്കുകയായിരുന്നു
ഞങ്ങളെല്ലാം.
കാര്യമായൊന്നും സ്വന്തമായില്ലാതിരുന്നതിനാല്‍
മറ്റുള്ളവരുടെ സ്വന്തത്തിനു വേണ്ടി
പണിയെടുത്തിരുന്ന
സാധാരണക്കാരുടെ ചിത്രം മാത്രം
ഒരു ക്യാമറയിലും പതിയാതെയായി.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home