Saturday, August 29, 2015

ത്രിശങ്കു

“കേട്ടതൊക്കെ നുണയാണണ്ണാ”
ത്രിശങ്കു പറഞ്ഞു
രാജര്‍ഷിയെന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാം
എന്നുറപ്പു തന്നതും
പി. എസ്. എല്‍. വിയില്‍
ഞാനങ്ങോട്ടു പോയതുമൊക്കെ
നേര്  തന്നെ.
ഒരു ദിവസം ഞാനവിടെ കഴിഞ്ഞ
കാര്യം മാത്രം
ആരും പറയാറില്ല.
ഉള്ളതു പറഞ്ഞാല്‍
തൈര്‍ സാദവും പൊങ്കലും കഴിച്ചു മടുത്തിട്ട്
ഞാനിറങ്ങിപ്പോന്നതൊന്നും ചാനലുകളിൽ  വന്നില്ല.

അവിടെ അഗ്രഹാരങ്ങള്‍ പണിത്
കോലം വരയ്ക്കാനോരു പെണ്ണിനെയും  ഏര്‍പ്പാടാക്കി
ന്യൂ ജേഴ്സിയിലേക്കും കാലിഫോര്‍ണ്ണിയയിലേക്കും
(കാലികളുള്ളിടത്തേ ഞങ്ങള്‍ പോകൂ.)
പോയ പ്രധാനപ്പെട്ട അയ്യങ്കാര്‍വാള്‍
പണിതിട്ടിരുന്ന ഹോം സ്റ്റേകളിൽ ഒന്നില്‍
ജാംനഗറുകാരനൊരു ഭട്ടാണെന്നും
ശാകാഹാരിയാണെന്നും പറഞ്ഞാണ്
ഞാന്‍ മുറിയെടുത്തതും.

നമ്മളല്പം കഴിക്കുന്ന കൂട്ടത്തിലാണെന്ന കാര്യം
ഓര്മ്മയുണ്ടല്ലോ?
ടച്ചിങ്സിന്  അല്പം പശുവിറച്ചി വേണമെന്നതും.
ഇതൊന്നുമില്ലാത്ത ഒരു സ്ഥലത്തെ
പരസിയ കമ്പനിക്കാരന്‍
എങ്ങിനെ  പേരിട്ടു വിളിച്ചാലെന്ത്
ഒരു മാതിരിയാളുകളൊന്നും
അവിടെയെങ്ങും നില്ക്കില്ല.

അല്ലെങ്കിലും എന്റെ പേരില്‍
സ്വന്തമായി ഞാനോരു സ്ഥാപനം
നടത്തുന്നുണ്ടെന്ന് നീങ്ങളൊക്കെ
അറിയട്ടെ എന്നു കരുതി
ഒരു കഥയുണ്ടാക്കി
വാട്സാപ്പില്‍ പോസ്ടിയെന്നേയുള്ളൂ.

തലതിരിഞ്ഞവന്‍മാര്‍ക്കും വേണമല്ലോ
ഒരു പറുദീസ.
(കൂടുതല്‍ വിവരങ്ങള്‍ക്ക്
ത്രിശങ്കു സ്വര്‍ഗ്ഗം.ഓര്‍ഗ് എന്ന
ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക!.)





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home