കവിക്ക് അജ്ഞാതന്റെ പ്രണയ ഗീതം
(എ. അയ്യപ്പന്)
ആടുക പാമ്പേ
നീ നിൻ ആടലിൻ ഫണത്താലെ
ഇഴയുക പാമ്പേ
നീ നിൻ അഴലെഴും വഴി താണ്ടി
നിനക്കായൊരുക്കില്ല ഞാൻ വീടിന് ചുമരും ജനാലയും
പാർക്കുവിൻ വന്നെൻ നെഞ്ചിലെ തീയിൽ തന്നെ
അഗ്നിനാവിനാൽ സ്പര്ശിക്ക നീ നാളത്തെ പ്രഭാതത്തെ.
വെന്ത നിൻ മാംസത്തിന്റെ ചൂരുള്ള പുസ്തകത്തിൽ
നിന്നുമാ പൂതത്തിന്റെ കണ്ണുകൾ ജ്വലിക്കുന്നു
നെഞ്ച് കാർന്നെടുക്കുന്നൂ നേരിന്റെ പിശാചുക്കൾ. .
ഈ വഴി വരാനില്ല
മണ്ണിൽ നിഴലിഴയ്ക്കതൊരു ബുദ്ധനും
നീയടുത്തുണ്ടായ്കയാലല്ലോ
കാലത്തിന്റെ കാഞ്ഞിരം മധുരിക്കുന്നതും
കിളിമുട്ടകൾ ചൂടേൽക്കാതെ വിരിയുന്നതും.
കഴുകിമായ്ച്ചില്ലാ വിയർപ്പിന് മനം നീ
വ്യർത്ഥമാം പാണ്ഡിത്യത്തിന് യുക്തിദര്ശനത്താലെ,
ദിക്കുകൾ താണ്ടും നാളെ
കുട്ടികൾ തീരം തേടി
നിന്നുടൽ ചങ്ങാടത്തിൽ
രക്തത്തിന്റെ പ്രക്ഷുബ്ധ സമുദ്രത്തിൽ.
ഉടലിൽ പൂശും ചുടു ചാരമായ തീരാനല്ലാ
ചൂടായി നീരാവിയായി,
പുകയായ് കണ്ണീരായി,
നനവായ്
വേനൽ കതിർ കനലായെരിയുവാൻ
തന്നെയാണെന്നോ ജന്മം?
ഏദനിൽ സ്വപ്നത്തിന്റെ കനീകൾ പെയ്യും
മരചില്ലകളുലയ്ക്കും പൊടിക്കാറ്റായ്,
അല്ലലില്ലാത്തതാം ഏതോ സായംകാല ഭാഷണം
മുറിച്ചെത്തുന്ന മുറിവായി
മദ്യത്തിന്റെ ഗാഢമാമാശ്ലേഷത്തിൽ
പ്രേമത്തിന്റെ ചുണ്ടായി, ചുരുൾ മുടിയായി,
രക്‌തം ചുരത്തും മുലകളായ്
മാളമില്ലാത്തവൻ പാമ്പു, ഭാഷ മാളമാക്കുന്നവൻ
ഭൂമിക്കു കവിത തൻ കരിനീല വിഷപ്പല്ല്
പ്രേമിച്ചാൽ സ്വർഗ്ഗത്തിന്റെ സ്വപ്നവർണങ്ങൾ
നരകത്തിൻ പൊരുൾ.
WRITTEN IN 1994
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home