Sunday, April 30, 2017

പുരസ്കൃതനുമായുള്ള അഭിമുഖം


ഈയിടെ പുരസ്കൃതനുമായി
നെറ്റില്‍ ഷാറ്റുകയായിരുന്നു ഞാന്‍
(ബുനുവേലിനും മുന്‍പേ
പറമ്പില്‍ പോക്കുകാര്‍
കൂട്ടമായുള്ള ഷാറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയരുന്നു.)

ڇതാങ്കളുടെ ഏറ്റവും ഒടുവില്‍ കിട്ടയ തകിട്
ചെമ്പോ പിത്തളമോ?ڈ

ڇനോക്കിയിരിക്കുമ്പോ ഓരോന്നിന്‍റേയും
ചെമ്പു തെളിയുന്ന കാലമാ-
സംസ്കൃത ചിത്തന്മാര്‍ കൂടി
അല്പം അസംസ്കൃതം എടുത്തു തുടങ്ങി എന്നര്‍ത്ഥം.ڈ

ڇകാരസ്കരം (കുരു കളഞ്ഞത്)
ലഭ്യമാണോ?ڈ

ڇമില്‍മയുടെ ഡിപ്പോ തുറന്നിട്ടില്ല.ڈ

ڇജ്ഞാനപീഡകരുടെ ഡയറി
ഈ ലക്കത്തില്‍ താങ്കളുടെ പേരു കാണുന്നില്ല.ڈ

ڇപീഡിതര്‍ അതെഴുതി വെച്ചിട്ടുണ്ടാവാം
അവരുടെ ഏറ്റവും അകത്തെ മുറിയില്‍
പെങ്ങളുടെ ബൈബിളെന്നോണം
സ്വാഭാവികമായി,
നിയമങ്ങളുടച്ചു കളയുന്ന ഒരു പുസ്തകത്തില്‍.ڈ

Monday, April 24, 2017

കവിതയും ഞാനും/ benoy.p.j


കവിത പറഞ്ഞു:
ഞാന്‍ കവികളെ ഭയപ്പെട്ടു
ചിലപ്പോള്‍ എന്‍റെ ശരീരത്തെ അവരെടുത്തു
ആത്മാവിനെ വിട്ടുകളയുകയും ചെയ്തു
ഉറുമ്പുകള്‍ വലിച്ചിഴയ്ക്കുന്ന
ഒരു പല്ലിവാല്‍ എന്നോണമായിരുന്നു
എന്‍റെ ഗതി
ആരതു മറവുചെയ്യും
എന്ന ഉത്കണ്ഠ കൂടാതെ
അതു കാണാനേ കഴിയുമായിരുന്നില്ല.
നീയും മെച്ചമായിരുന്നില്ല-
എന്‍റെ ആത്മാവിനെ എടുത്തിട്ടും
ചിലപ്പോള്‍ നീ ശരീരത്തെ സ്പര്‍ശിക്കുവാന്‍ മടിച്ചു.
ശരീരത്തിന്‍റെ അഭാവത്തില്‍
നീയെനിക്കു തന്ന സ്വാതന്ത്ര്യത്തെ
അനുഭവിക്കുക അസാധ്യമായിരുന്നു-
എടുത്തണിയുവാന്‍ ഒരു ശരീരം നിഷേധിക്കപ്പട്ട
ആത്മാവിന്‍റെ ദു:ര്‍ഗ്ഗതി
എന്നെ രൂപരഹിതയാക്കി.
രണ്ടായാലും എനിക്കു ബുദ്ധിമുട്ടായിരുന്നു-
ഞാനൊരിക്കലും
ഇതില്‍ ഒന്നു മാത്രം ആയിരുന്നില്ലല്ലോ?

ചിലപ്പോള്‍ ഒരു കാലിഗ്രാഫറെന്നോണം
ഞാനെന്‍റെ അക്ഷരവടിവുകള്‍ പ്രദര്‍ശിപ്പിച്ചു
ഭാഷയുടെ ശരീരത്തെ നീ കണ്ടുവോ
എന്ന മട്ടില്‍
നിന്‍റെ നേര്‍ക്ക് ഉറ്റു നോക്കി
ചിത്രമെഴുത്തിനും എഴുത്തിനുമിടയിലെ
ലിപി പരിഷ്കാരങ്ങളെ ധ്യാനിച്ചു
ഏതാണെനിക്കേറ്റവുമിണങ്ങിയ ഉടയാട
എന്നു പലതും ഇട്ടു
കടയിലെ കണ്ണാടിയില്‍ സ്വയം കണ്ടു-
ചില്ലുവസ്ത്രങ്ങളും ചില്ലുമനുസ്വാരവും ചേര്‍ന്ന
ഉടലുമുള്ള ഒരുവള്‍
എന്‍റെയകം എനിക്കുപുറത്തുകാണാം
എന്നിട്ടും അതാര്യമായ എന്തോ ഒന്ന്
എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.

ആഴത്തില്‍ ഞാനുമൊരു എല്ലിന്‍കൂടു
പേറുന്നുവെന്ന ആരോപണത്തെ
ആഖ്യാദത്തെക്കുറിച്ചുള്ള ആഖ്യായിക കൊണ്ട്
തമാശാക്കുവാന്‍
സിന്‍റാക്സ് മുറിച്ചകുറ്റത്തിനു വിചാരണ നേരിട്ട
ഒരു കവിതയുടെ ഒപ്പംനടക്കുവാന്‍
ഒരു കവിതയായിരുന്നതു കൊണ്ട്
എനിക്കും കഴിഞ്ഞിരുന്നു.

പറക്കുന്നതിനിടയില്‍ ചിറകൊതുക്കി
വായുവിലൂടെ അല്പം തെന്നി നീങ്ങാന്‍
മദ്ധ്യേ ഗതിമാറ്റുവാന്‍
ലക്ഷ്യത്തെ കാലത്തിനൊത്ത് മാറ്റിയെഴുതുവാന്‍
താണുപറന്ന് നദിയിലെ മീനുകളുടെ ഇളക്കം കാണുവാന്‍
ഒന്നിനെ റാഞ്ചുവാന്‍
മരക്കൊമ്പിലോ മലമുകളിലോ ഇരുന്ന്
അതിന്‍റെ ഹൃദയം തുരന്നെടുക്കാന്‍
മരിക്കുമ്പോള്‍ അതു നല്‍കിയ അധികത്തെ
സ്വയംവരിക്കുവാന്‍
കൊക്കില്‍ പുരണ്ട ചോരയെ
നദിക്കു തിരികെ നല്‍കാന്‍
ആകാശത്തിന്‍റെ പ്രതിബിംബത്തെ
പ്രതിചേര്‍ക്കുന്ന വിരലിനെ
ചിറകടികൊണ്ടു എതിരിടുവാന്‍
വായുവില്‍ വച്ചിണചേരുന്ന
പദങ്ങളിലെ രോമഹര്‍ഷത്തെയറിയുവാന്‍
ചുവപ്പിനെ നീലയെ പച്ചയെ മഞ്ഞയെ കറുപ്പിനെ
മാറിമാറിയണിയാന്‍
അരിമണികളോ നെല്ലിന്‍ തുണ്ടുകളോ
നാളികേരത്തിന്‍റെ ജലയാത്രകളോ
ചകിരിയുടെ പിരിവുകളോ വിരിവുകളോ അറിയാന്‍
മണല്‍ നദിയുടെ ഒഴുക്കിനെ
അധികാരം തരിശാക്കിയ മരുവിനെ
ഉള്ളിലെ ജലമോ  എണ്ണയോകൊണ്ട്
മറികടന്നുള്ള യാത്രയെ
വെയിലിനെ തന്നെ വിഴുങ്ങി വിശപ്പാറ്റുന്ന പച്ചയെ
മുളപ്പിക്കുവാന്‍.
അതിനു താഴെ നിന്‍റെ മാറിലെ കറുത്ത മൊട്ടുകളില്‍  നിന്ന്
അന്യഭാഷയുടെ മധുരം നുകരുവാന്‍
വന്യമായ തുടിപ്പുകളോടെ
നിന്നിലേക്കെത്തിച്ചേരാന്‍
ചെറുവനത്തിലേക്കു നനവൂറുമൊരു നാവുമായണയുവാന്‍
ചുംബനങ്ങളാല്‍ നാളെയെയുണര്‍ത്തുവാന്‍
നിന്‍റെ വിരലില്‍ തടയുന്ന ചങ്കിന്‍ മിടിപ്പിനെ
എവിടെയും പിന്‍തുടരുവാന്‍
ധമനികളില്‍ വെച്ച് ഒഴുകി കൂടിച്ചേരാന്‍
ഹൃദയതാളത്തെക്കൂടിയും ഹൃദ്യമായ് മാറ്റീടുവാന്‍
മുളംചെണ്ടയില്‍ മറ്റൊന്ന് വായിക്കുവാന്‍
കുട്ടയില്‍ നിറച്ചു നിന്‍ സ്നേഹത്തിന്‍
ബഹിര്‍സ്പന്ദം പലപാടൊഴുകുന്ന
കൗതുകം നോക്കിക്കാണാന്‍
കഴുകി മായ്ക്കുവാന്‍ വേദപ്രമാണ സ്ഥിതികളെ
തട്ടുതട്ടായടുക്കിയ വേദനകളെ
മോറിയ പാത്രത്തില്‍ കാലത്തിന്‍റെ നിഴലെ വീണ്ടും കാണാന്‍
ആദ്യത്തെയാത്മഗുണം വീണ്ടും ചെന്നെടുക്കുവാന്‍
നിനക്കൊപ്പം ഉടലുമാത്മാവും വീണ്ടും സന്ധിക്കും തീരത്തെത്താന്‍!.

പയറുമണിയുടെ ധ്യാനം




ബലിയെക്കുറിച്ചും അതിക്രമത്തെക്കുറിച്ചുമുള്ള
നിങ്ങളുടെ വിചാരിപ്പില്‍
നിങ്ങളെന്നെ ഒന്നെടുത്തു നോക്കൂ
അല്ലെങ്കില്‍ ഒരു ധാന്യമണിയെ
കടലയെ.

ഞാന്‍
അതേ, നിങ്ങള്‍ മിക്കവാറും കുപ്പിയിലടച്ചു
ശ്വാസം മുട്ടിക്കുന്ന
ഒരു പയറുമണി
അടുത്ത ദിവസം മുളപ്പിച്ചശേഷം നിങ്ങള്‍ക്കു വേവിച്ചു തിന്നേണ്ടുന്നവന്‍-
എന്‍റെ മുളപ്പിനെ ഒരു പയര്‍ വള്ളിയാകാന്‍
നിങ്ങള്‍ അനുവദിക്കുകയില്ല.
ഉച്ചത്തിലമറിയോ തൊഴിച്ചോ
നിങ്ങളെ എന്‍റെ അവസ്ഥയെക്കുറിച്ചു ഞാന്‍
ബോധവല്‍ക്കരിക്കാത്തതു കൊണ്ട് ചിലപ്പോള്‍
നിങ്ങളെന്നെ കാണുന്നതേയില്ല.

നിസ്സാരമായി നിങ്ങള്‍ കൈപ്പിടിയിലൊതുക്കിയ
ഒരു പിടി ധാന്യം, പയര്‍
എത്ര മുളപ്പുകളെയാണ്
നിങ്ങളിങ്ങനെ ഒന്നിച്ചു വിഴുങ്ങുന്നത്?
ഒരു മാടിനെ കൊന്നതേക്കുറിച്ചുള്ള
നിങ്ങളുടെ നിലവിളി കേട്ടപ്പോള്‍
ഞാന്‍ സ്തബ്ധയായി-
എത്ര ആളുകള്‍ ചേര്‍ന്നാണ്
ഒരു പശുവിനെ തിന്നുക?
നിങ്ങളെന്നെ, ഞങ്ങളെ ചെയ്യുന്നതെന്താണെന്ന്
നിങ്ങള്‍ അറിയുന്നതേയില്ലയല്ലോ?
മറ്റുള്ളവരുടെ പ്രതീക്ഷകളെ
വറുത്തടിക്കുവാന്‍
നിങ്ങളെപ്പോലെ സമര്‍ത്ഥരായി വേറെയാരുണ്ട്?
ഞങ്ങളുടെ നിശ്ശബ്ദതയെ
വല്ലാതെ കുറച്ചു കാണരുതേ!