പയറുമണിയുടെ ധ്യാനം
ബലിയെക്കുറിച്ചും അതിക്രമത്തെക്കുറിച്ചുമുള്ള
നിങ്ങളുടെ വിചാരിപ്പില്‍
നിങ്ങളെന്നെ ഒന്നെടുത്തു നോക്കൂ
അല്ലെങ്കില്‍ ഒരു ധാന്യമണിയെ
കടലയെ.
ഞാന്‍
അതേ, നിങ്ങള്‍ മിക്കവാറും കുപ്പിയിലടച്ചു
ശ്വാസം മുട്ടിക്കുന്ന
ഒരു പയറുമണി
അടുത്ത ദിവസം മുളപ്പിച്ചശേഷം നിങ്ങള്‍ക്കു വേവിച്ചു തിന്നേണ്ടുന്നവന്‍-
എന്‍റെ മുളപ്പിനെ ഒരു പയര്‍ വള്ളിയാകാന്‍
നിങ്ങള്‍ അനുവദിക്കുകയില്ല.
ഉച്ചത്തിലമറിയോ തൊഴിച്ചോ
നിങ്ങളെ എന്‍റെ അവസ്ഥയെക്കുറിച്ചു ഞാന്‍
ബോധവല്‍ക്കരിക്കാത്തതു കൊണ്ട് ചിലപ്പോള്‍
നിങ്ങളെന്നെ കാണുന്നതേയില്ല.
നിസ്സാരമായി നിങ്ങള്‍ കൈപ്പിടിയിലൊതുക്കിയ
ഒരു പിടി ധാന്യം, പയര്‍
എത്ര മുളപ്പുകളെയാണ്
നിങ്ങളിങ്ങനെ ഒന്നിച്ചു വിഴുങ്ങുന്നത്?
ഒരു മാടിനെ കൊന്നതേക്കുറിച്ചുള്ള
നിങ്ങളുടെ നിലവിളി കേട്ടപ്പോള്‍
ഞാന്‍ സ്തബ്ധയായി-
എത്ര ആളുകള്‍ ചേര്‍ന്നാണ്
ഒരു പശുവിനെ തിന്നുക?
നിങ്ങളെന്നെ, ഞങ്ങളെ ചെയ്യുന്നതെന്താണെന്ന്
നിങ്ങള്‍ അറിയുന്നതേയില്ലയല്ലോ?
മറ്റുള്ളവരുടെ പ്രതീക്ഷകളെ
വറുത്തടിക്കുവാന്‍
നിങ്ങളെപ്പോലെ സമര്‍ത്ഥരായി വേറെയാരുണ്ട്?
ഞങ്ങളുടെ നിശ്ശബ്ദതയെ
വല്ലാതെ കുറച്ചു കാണരുതേ!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home