Saturday, January 28, 2017

ഓന്ത്




സ്മിത വരച്ച ഓന്തിനെ ഫേസ്ബുക്കില്‍ കണ്ടപ്പോഴാണ്
ഞാന്‍ വീണ്ടും അയാളെക്കുറിച്ചോര്‍ത്തത്
ഏതു സാഹചര്യത്തിലും ഇണങ്ങി നിലനില്ക്കുവാനും
അതു ഭംഗിയായും സൗമ്യമായും ചെയ്യുവാനും ഉള്ള
അതിന്‍റെ ശേഷിയെ
വളരെക്കാലം അപഹസിച്ചു പോയവര്‍
ഓന്തിനെ തള്ളിയിരുന്ന നരകത്തില്‍ നിന്ന്
അതു പുറത്തുവന്നതു പോലെ തോന്നി, അപ്പോള്‍.
ഒരു മനിഞ്ഞിലോ വവ്വാലോ പാറ്റയോ
അതിന്‍റെ അതിജീവനത്തിലും കിനാവിലും എങ്ങിനെ
അസാധ്യമാക്കപ്പെട്ടിരുന്നു എന്ന്,
നിറങ്ങളുടെ കൂട്ടുപിടിച്ചുള്ള തന്‍റെ നില്‍പ് ഒട്ടും മോശമല്ല എന്ന്
ഓന്തിനറിയാം എന്നും.

നഗരത്തിലെ മാന്യത തന്നെ ഷണ്ഡീകരിക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ്
നിരത്തിലൂടെ സ്വന്തം ലിംഗമിഴച്ചു കടന്നു പോയ
ഒരു കഴുതയുടെ നലവിളി അതു കേട്ടിരുന്നു
തികഞ്ഞ മാന്യതയോടെ
സ്വന്തം വര്‍ണ്ണഭേദങ്ങളെ എടുത്തു വയ്ക്കുകയല്ലാതെ
അതിനു നിവൃത്തിയില്ലായിരുന്നു
ഞാനിതാ നിറം മാറുന്നവന്‍
നിങ്ങളെനിക്കായി നീക്കിവെച്ച ഇഷ്ടനിറം കൊണ്ട്
മതിതീരാത്തവന്‍
പലമരങ്ങളില്‍ ഇരുന്നവന്‍
നിറങ്ങളൊന്നും തന്‍റേതല്ല എന്നറിഞ്ഞവന്‍
നിറങ്ങളെല്ലാം തന്‍റേതാണെന്നറിഞ്ഞവന്‍
ഏതു യുദ്ധവും
തനിക്കെതിരായ തന്‍റെതന്നെ പോരിനെ
പ്രമാണമാക്കുന്നു എന്നറിഞ്ഞ്
പ്രമാണങ്ങളെ എറിഞ്ഞുടച്ചവന്‍
തളിരിലകളുടെ പച്ചയില്‍ ചമഞ്ഞിരുന്ന്
ശരികളുടെ ലോകത്തെ യാത്രയാക്കിയവന്‍
കാടിനൊപ്പം നിന്നവനെ കള്ളനാക്കുന്ന
ഷേക്സ്പീറിയന്‍ ലോകത്തോടു
ശാസ്താവായിരുന്നു വിടപറഞ്ഞവന്‍
ഷൈലോക്കിന്‍റെ കടയിലെ പറ്റുപടിക്കാരന്‍
മാട്ടിറച്ചി തിന്നുന്നവന്‍
ഓന്ത്
അനേകം തലകളുള്ളോരു രാവണന്‍
ആകാശത്തിരുന്നാല്‍ ആഴമേറുന്ന
മഹസ്സിനൊപ്പം നീല നിറമാര്‍ന്നവന്‍
സ്വന്തം ഉടലിനെ വരച്ചവന്‍
മുഴുകിയിരുന്ന നിറങ്ങളില്‍ ചിലതിനെ
എടുത്തു വെച്ചവന്‍
അകലെയിരുന്നും ചോരയൂറ്റുന്നവനെന്ന ഘ്യാതിയെ
സ്വന്തം ചോരവീഴ്ത്തി മറികടന്നവന്‍
വേണ്ടുമ്പോള്‍ വിരിയുന്ന ചിറകുകളുള്ളവന്‍
ഏതുദിക്കിലുമുള്ള സ്വന്തം മുഴുകലിനെ
ഇണചേരുന്ന സര്‍പ്പങ്ങള്‍ക്കൊപ്പം നിന്ന
കാവിനെ തെളിച്ചുവെച്ചവന്‍
നിറമേറുമാ വഴികളുണ്ടാവുക
എത്ര നന്നേതൊരുവനും.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home