Saturday, January 28, 2017

മാരീചന്‍ വന്നു വിളിച്ചാല്‍


മാരീചന്‍ വന്നു വിളിച്ചാല്‍
പോകാതെയെങ്ങിനെ പെണ്ണേ
മാരിക്കാര്‍ മുകിലും കൂടി
പോവുകില്ലേ?
വെയിലത്താണെങ്കിലുമെന്നും
മാരിക്കാര്‍ കാണുകയില്ലേ
ഓരിക്കാര്‍ നായകളങ്ങു മായുകില്ലേ?
ഞാണറ്റൊരുവില്ലുകളാലേ
തൊടുക്കുന്ന പക്ഷികളല്ലോ
മാനത്തു വന്നുവിളിപ്പൂ
പുലരി തോറും.
ചെറുപൂവില്‍ വിരിയുവതില്ലേ
കാമത്തിന്‍ കൈവിളയാട്ടം
മഴവില്ലില്‍ കൂടെയുമില്ലേ
കറുപ്പു നിറം.

മൂക്കുകയര്‍ കാണുന്നേരം
മുക്കറയിട്ടാര്‍ക്കുകയില്ലേ
വനമുള്ളിലുറങ്ങുന്നില്ലേ
മൃഗങ്ങള്‍ക്കെങ്ങും?

ആകാശം കൂടി താഴിട്ടവിടേയും
ജയിലുകള്‍ തീര്‍ക്കാന്‍
അധികാരം പാര്‍ക്കുന്നേടം
തകരുകില്ലേ?

കൂട്ടിന്നായ് ചെന്നു വിളിച്ചാല്‍
പോകുന്നോനല്ലേ ദൈവം
നായ്ക്കുരകള്‍ കേള്‍ക്കുമ്പോഴേ
മടിക്കുന്നോനോ?

അധികാരം പാര്‍ക്കുന്നേടം
തകരുകയില്ലേ പെണ്ണേ
തകരുന്നോനല്ലാ ദൈവം
തകര്‍ക്കുകില്ലേ?

പുതുസൂര്യനുദിച്ചതുമില്ലേ
കറുത്ത രശ്മികള്‍ വന്നു
കളിയാടിപ്പോയതുമില്ലേ
പകലുതോറും!

തീവണ്ടികള്‍ മൂളുന്നില്ലേ
കിളിവന്നു വിളിച്ചതുമല്ലേ
പോകുന്നോനല്ലേ ദൈവം
പകലുതോറും!

മാരീചന്‍ വന്നു വിളിച്ചാല്‍
മഴയത്താണെങ്കിലുമങ്ങു
പോവുകയല്ലോ നന്നു
പൊള്ളുന്നുണ്ടെന്നുടെ ചുണ്ടും
നനയ്ക്കുകില്ലേ?.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home