Thursday, September 7, 2017

വിദ്യ




'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'
എന്ന കാര്യത്തില്‍
സംശയം ഇല്ലാതിരുന്ന
ആളുകളൊന്നിച്ച്  വിഴാതെ തന്നെ എങ്ങനെ
വിദ്യയാവാംڈ എന്ന വിഷയത്തില്‍
പൊതു അഭിപ്രായം ആരാഞ്ഞു.
(രണ്ടു കാലില്‍ നടപ്പിലുള്ള
അവിശ്വാസം കൊണ്ട്
കിടപ്പിലായി പോകാതെയിരിക്കാന്‍
അതു വേണമല്ലോ-
വിശ്വാസം: അതല്ലേ എല്ലാം!).

'ന വിദ്യതേ വ്യാകരണം ക്ഷുധാതുരൈ.'
എന്ന മട്ടിലുള്ള പുളിപ്പന്‍ കാവ്യരസം
തികട്ടിവന്നത് ഛര്‍ദ്ദിച്ചുകളഞ്ഞ
കള്ളുകുടിയന്മാര്‍
എല്ലാ വര്‍ഷവും നടക്കുന്ന
ചടങ്ങാണു വിദ്യാരംഭം
എങ്കില്‍ അതിനെ പിന്നെങ്ങനെ
ആരംഭമായി കാണും എന്ന ചോദ്യം ചോദിച്ചത്
അവസാന വണ്ടി പോയിക്കഴിഞ്ഞും
വണ്ടി കാത്തു കണ്ടെത്തിയ
യാത്രക്കാരെ ചിരിപ്പിച്ചു.

'വസ്തു തട്ടിപ്പുകാരനായ തമ്പുരാനെ
ഗണനായകര്‍ നമിക്കണം'
 എന്നു പൂഴിയിലെഴുതിയത്
തിര വന്നു മായ്ച്ചു കളഞ്ഞു.
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുവാന്‍
അധികം പേരില്ലാതെയായാല്‍
എന്തു ചെയ്യും എന്നു തന്‍പുരാണും
പാടിയിരുന്ന ഏതു യജമാനനും ഉറക്കമിളച്ചു.

ഒരു വിദ്യയെ പ്രേമിക്കുന്നവര്‍
മറ്റു വിദ്യകളെ അവഗണിക്കരുതെന്ന്
വിഷയലംബഡര്‍ പറയില്ലെങ്കിലും
ഏതു വിദ്യാര്‍ത്ഥിക്കും അറിയാം.
(ഒരു കട്ടന്‍കാപ്പിയിടുന്നതിനും
ചിലപ്പോള്‍ ഹാര്‍ഡ് വാട്ടറിനെക്കുറിച്ചുള്ള അറിവ്
ഉപകരിച്ചേക്കാം!)
വിദ്യുത് ശക്തിക്കു ഫൗണ്ടനുകളുമായും
വിദ്യാലയങ്ങളുമായും ഉള്ള ബന്ധം
ദാദായിസത്തിനു അടിസ്ഥാനമായോ എന്തോ?
ലൈന്‍ വലിക്കാതെ എങ്ങിനെ കറണ്ടു തരാം
എന്ന വൈദ്യുതപ്രതിസന്ധി
ബോര്‍ഡും മഞ്ഞക്കിളിയും എങ്ങനെ പരിഹരിക്കും?
വൈദ്യുത കസേരയും കൂടിയുള്‍പ്പെട്ട
ഈ കസേരകളിയില്‍
മാസ് ലൈനോ രണ്ടുലൈന്‍ സമരമോ
കൊണ്ടെന്തു കാര്യം?

'ശാസ്ത്രീ'യത കൂടിപ്പോയതുകൊണ്ട്
എന്‍റെ പാട്ടൊഴിവാക്കി
തമ്പുരാന്‍റെ പാട്ട്
എന്നെക്കൊണ്ടും പാടിക്കാന്‍ നോക്കുന്ന
സംഗീത വിദ്യാലയം
എത്രകുളിപ്പിച്ചിട്ടും ഞാനത്ര നന്നായില്ലല്ലോ!
എന്‍റെ വിദ്യയും നിന്‍റെ വിദ്യയും
ചേര്‍ന്നുള്ള ഈ പ്ര'ബുദ്ധത'യല്ലാതെ
നമുക്കൊക്കെ വേറെ എന്തുണ്ട്?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home