മല്ലികാ വസന്തം
ഇന്നലെ രാത്രി
മുറ്റത്തെ മുല്ല ചിരിച്ചു
ഇങ്ങനെയൊരു മൊല്ലാക്കാ വന്നാല്‍
ചിരിക്കുകയല്ലാതെ എന്തു ചെയ്യും!
മല്ലികയെ തിരയുകയായിരുന്നു മൊല്ലാക്ക
ഭിത്തിയില്‍ വെച്ച മുഖം മൂടിയുടെ നിഴലില്‍
അവളുടെ തുടര്‍ച്ചയുണ്ടോ?
ആനയൊന്നും അല്ലാഞ്ഞിട്ടും
അയാള്‍ അല്‍പ നേരം
ചെവിയാട്ടി ഇരുന്നു.
ഓണത്തുമ്പി വന്നു
തന്‍റേതല്ലാത്തതിനെ തല്ലിക്കൊല്ലുന്ന
അദ്വൈതിയുടെ കുറുവടിമേലിരുന്നു
(കൊടുങ്ങല്ലൂരെന്നല്ല ഏതമ്മയേയും ഈ പന്നി..!)
ഒരുവശം മാത്രം കേള്‍ക്കുന്നവര്‍ക്ക്
ഒരു ചെവി മതിയാവില്ലേ?
ഭിത്തിക്കപ്പുറം ഇരിക്കുന്ന ദൈവത്തെ
അയാളെങ്ങിനെ കാണും?
മയില്‍പ്പീലിക്കെട്ടുകൊണ്ടുഴിഞ്ഞും
ഒരു പുകയൂതിവിട്ടും
അയാള്‍ ആരുടേയോ കണ്ണില്‍ പെട്ടു
മനസ്സുനിറഞ്ഞ മല്ലികാവസന്തം
പുലരിയില്‍ വിരിഞ്ഞു പൊലിയ്ക്കുന്നത്
കിനാക്കാണുന്ന ഒരുവനെ
ഏതു മതിലിനു തടയാനാവും?
ഏതു നഗരത്തിന്‍റെ വിളുമ്പിലാണ് അവള്‍?
ഏതകത്തളങ്ങളില്‍, ഏതു പുറം ലോകങ്ങളില്‍?
ഉടലും അഞ്ചിന്ദ്രിയങ്ങളും പരാജയപ്പെടുന്ന ദിക്കിലാണ്
അവളുടെ തുടക്കം
നബിയുടെ ഉടല്‍ ആകാശത്തെ തഴുകുന്നത്
തെളിവെയിലില്‍ കണ്ടു നിന്നവന്
അകമേ നിന്നറിവായ കളിപ്പൊരുത്തമേ!
സ്വന്തം തൃഷ്ണയെ ഭയക്കാത്ത
ഒരു സീതയ്ക്കേ
അവളുടെ രാവണനോടൊപ്പം പൊറുക്കാനാവൂ.
പൊറുതി തരാത്ത കാലങ്ങളില്‍
ഒരു ചിരിയുടെ നനവു മാത്രം
കാണാവുന്ന മനസ്സിന്‍റെ ചുണ്ടുകളില്‍
സ്നേഹത്തോടെ മുത്തമിടുന്ന അപരമേ, അപാരമേ!
കാതലുള്ള കാതലിനായി
കണ്ണോര്‍ത്തിരിക്കുന്ന
ഓവിയത്തിനു കാതോര്‍ക്കുന്ന
ഒരുവന്‍ മല്ലികയെ കാണാതെ പോവുമോ?
ഇന്നലെ രാത്രി മുറ്റത്തെ മുല്ലകള്‍ ചിരിച്ചു
ഒരു നിഴല്‍ ഇതുവഴി കടന്നു പോയി
ധ്രുവങ്ങളിലെ മഞ്ഞുരുകിയതുകൊണ്ട്
ഭൂമി മെല്ലെ ചിരിച്ചു കുഴഞ്ഞു-
ഒരു മുല്ലപ്പൂ വിപ്ലവം
ഇങ്ങനേയും ആവാം, അല്ലേ?.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home