ഇക്കാറസ്-2
മൂന്ന് നിലകളുള്ള ആ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ കുടുസ്സു മുറി. വാതിലിനടുത്ത് ഭിത്തിയോടു ചേര്‍ന്ന് ഒരു മേശ, കസേര. മേശപ്പുറത്ത് ഏതാനും ആനുകാലികങ്ങള്‍, ഒന്നു രണ്ടു പുസ്തകങ്ങള്‍, ആഷ്ട്രേ, വെള്ളം നിറച്ച കുപ്പി. ഉള്ളില്‍ നാലടിയോളം അകലത്തില്‍ ഇരു വശത്തായി ഭിത്തിയോട് ചേര്‍ന്ന് രണ്ടു കട്ടിലുകള്‍. ജനാലകളില്ലാത്ത മുറിയുടെ വാതില്‍ ആളുള്ളപ്പോള്‍ മിക്കവാറും തുറന്നു കിടക്കും. വാതിലിനെതിര്‍വശത്തെ ഭിത്തിയില്‍ അല്പം ഉയരത്തിലായി രണ്ടടി വീതിയും ഒന്നര അടി ഉയരവുമുള്ള ഒരു വെന്‍റലേഷനുള്ളത് പാതി ചില്ലിട്ടു മൂടിയ നിലയിലാണ്. മേശയുടെ മറ്റേ വശത്ത് അല്‍പം ഇടമുള്ളിടത്ത് ഓറഞ്ചു നിറമുള്ള ഒരു ബക്കറ്റും നീല കപ്പും. ഒരു വശത്തെ ഭിത്തിയിലുറപ്പിച്ച ആണികളില്‍ തൂക്കിയിട്ടിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍. മേശയ്ക്കു മുകളലായി ഒരു ട്യൂബ് ലൈറ്റ്. വലതുവശത്തെ കട്ടിലിനടിയില്‍ ഒരു പച്ചയും കറുപ്പും ചായം പൂശിയ ട്രങ്ക് പെട്ടി.
മുറിയില്‍ രണ്ടന്തേവാസികളാണുള്ളതെങ്കിലും അതലൊരാള്‍, ചെറുകിട ഉല്പന്നങ്ങള്‍ വീടുവീടാന്തിരം കയറിയിറങ്ങി വിറ്റഴിക്കുന്ന സെയില്‍സ്മാനായ ഉത്തമന്‍ അതരാവിലെ തന്നെ അടുത്ത പട്ടണത്തിലെ ഷോറൂമിലേക്ക് സാധനങ്ങള്‍ എടുക്കുവാനയി പോയിക്കഴിഞ്ഞു. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ ആ യാത്ര പതിവുള്ളതാണ്. പുലര്‍ച്ചെ ചെന്നു കഴിഞ്ഞ ദിവസങ്ങളിലെ കണക്കു തീര്‍ത്ത്, പുതിയ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള ഡമോയ്ക്കു വേണ്ട വിവരങ്ങള്‍ മനസ്സിലാക്കി, പുതിയ സ്റ്റോക്കുമെടുത്ത് അയാള്‍ വില്‍പനയ്ക്കിറങ്ങും.
രണ്ടാമത്തെ അന്തേവാസി, ചെയര്‍മാന്‍ എന്നു വിളിക്കപ്പെടുന്ന ആള്‍ മദാലസനായി ഉറക്കമുണരുന്നു. അറുപതോടടുത്ത പ്രായമുള്ള, ഏതാണ്ട് ആറടി പൊക്കംതോന്നിക്കുന്ന,
ഇരുനിറമുള്ള, മെലിഞ്ഞ പ്രകൃതക്കാരനായ അയാളെ ആളുകള്‍ ചെയര്‍മാന്‍ എന്നു വിളിക്കാന്‍ തുടങ്ങിയത് വളരെക്കാലം മുന്‍പാണ്. അതിന്‍റെ കാര്യം എന്താണെന്ന് അധികം പേര്‍ക്കും അറിയല്ലെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന്‍കുട്ടി എന്ന വീട്ടുകാരിട്ട പേരിനേക്കാള്‍ കുറേയെല്ലാം സാദ്ധ്യത നല്‍കുന്ന ഒരു പേര് അതായതിനാലും കുറച്ചൊരു കുളൂസ് ആ പേര് നല്‍കുന്നതിനാലും അയാളും ഇപ്പോള്‍ സ്വന്തം പേര് പറയേണ്ട ഘട്ടങ്ങളില്‍ ആ പേരാണ് ഇപയോഗിക്കാറ്. ചിലരത് അയാള്‍ പണ്ടേതോ സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആയിരുന്നതിനാലാണ് എന്നു കരുതുമ്പോള്‍ മറ്റു ചിലര്‍ അയള്‍ പണ്ട് "ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍" എന്ന് ഇവിടെ വാദിക്കുകയും അവിടെ ചെന്ന് ഗാങ് ഓഫ് ഫോറിനെ ഇറക്കിവിടാനുള്ള ഉപജാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ഒരു സംഘത്തിന്‍റെ ഭാഗമായിരുന്നതിനാലാണെന്നും പറഞ്ഞു കേള്‍ക്കാറുണ്ട്.
അയാളെക്കുറിച്ചോര്‍മ്മ വരുമ്പോള്‍ തൊട്ടടുത്ത മുറിയിലെ അന്തേവാസിയായ തോമസ് എന്ന ഇന്‍റലിജന്‍സുകാരന്‍ ഗൊദാര്‍ദിന്‍റെ വിയത്നാം യുദ്ധത്തെക്കുറിച്ചുള്ള സിനിമയിലെ
പാട്ടിനു അയാള്‍ ചമച്ച മലയാളം പാരഡി അയാള്‍ കേള്‍ക്കാനായി ഉച്ചത്തില്‍ പാടും.
ഓ മാവോ മാവോ...
ഓ പ്ലാവോ മാവോ...
ഇന്‍റലിജന്‍സുകാരുടെ ചില്ലറ അടവുകള്‍ ചെയര്‍മാനും ഉള്ളതു കൊണ്ട് അയാള്‍ ڇഅപകടകാരിയായ വിപ്ലവകാരിയാണോڈ അതോ മിലിറ്ററി ഇന്‍റലിജന്‍സിലെ ഉദ്യോഗസ്ഥനാണോ എന്നറിയുക അല്‍പം വിഷമമായിരുന്നു. ഏതായാലും അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രവും മാസികയുമൊക്കെ അയാള്‍ കുറേക്കാലം വിതരണം ചെയ്തിരുന്നു എന്നതു നേരാണ്. മറ്റുള്ളവരെ തെറ്റദ്ധരിപ്പിക്കാന്‍ ഈ പരിവേഷങ്ങളൊക്കെ സഹായകമായിരുന്നു എങ്കിലും അവരെ പലനിലകളിലുള്ള കുടുക്കുകളില്‍ പെടുത്തി വേഗം തന്നെ ഒതുക്കിയെടുക്കാനായിരുന്നു അയള്‍ക്കു താല്‍പര്യം എന്നതു കൊണ്ട് അധികമാരും അയാളുടെ വിപ്ലവത്തെ പിന്‍തുണയ്ക്കുന്നവരായി ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ ഇടയില്‍ ڇഇറങ്ങി നിന്ന്ڈ (!!!) പ്രവര്‍ത്തിക്കുമ്പോഴും അവര്‍ക്കിടയില്‍ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കിയെടുത്ത് അധികാര വിരുദ്ധ നിലപാടുകാരെ ഒറ്റപ്പെടുത്താനും സമൂഹത്തെക്കൊണ്ടു കടന്നാക്രമിക്കാനുമാണ് അയാള്‍ ശ്രമിക്കുന്നതെന്നു സാധാരണക്കാര്‍ കുറേയെല്ലാം അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു.
തോമസിന്‍റെ നോട്ടത്തില്‍ വല്ലപ്പോഴും മാത്രം പുറത്തിറങ്ങുന്ന അയാള്‍ മേശയ്ക്കു മുന്നില്‍ കസേരയില്‍ ദീര്‍ഘനേരം വെറുതെ കുത്തിയിരുന്നു നേടിയെടുത്തതാവണം ആ പേര്. അതാവും ആ പേരിങ്ങനെ ഉറയ്ക്കാനുള്ള കാരണം എന്ന് തോമസ് കൂട്ടുകാരന്‍ കുഞ്ഞുണ്ണിയോട് തമാശ പറയും. കുഞ്ഞുണ്ണി അത്യാവശ്യം കഞ്ചാവൊക്കെ പുകയ്ക്കും. സ്ഥലത്തെ ബാങ്കില്‍ ജോലി പ്യൂണാണ്. തോമസും അവനും സ്ഥലത്തെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുമാണ്. തോമസ് ഇന്‍റലിജന്‍സില്‍ നിന്നാണെന്ന് മറ്റാര്‍ക്കും അറിയാമായിരുന്നില്ലെങ്കിലും ചെയര്‍മാന് അയാളെ സംശയമുണ്ടായിരുന്നു. ഇന്‍റലിജന്‍സിനുള്ളിലും പലതരം ശക്തികള്‍ ഉണ്ടായിരുന്നതിനാലും അവര്‍ തമ്മില്‍ ഉള്ളത് കൂട്ടായ്മയാണോ അതോ എതിര്‍പ്പു മാത്രമാണോ എന്നു നിര്‍ണ്ണയിക്കാനാവാത്ത തരത്തിലാണ് ഫോഴ്സിന്‍റെ സംഘാടനം എന്നതു കൊണ്ടും ഇക്കാര്യത്തില്‍ കുറച്ചൊരു സങ്കീര്‍ണ്ണത സ്വാഭാവികമായിരുന്നു താനും. അതേതായാലും കട്ടിലില്‍ കിടക്കുക, നടക്കുക തുടങ്ങി ഇതര കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും പേരിന് രൂപാന്തരം ഒന്നും സംഭവിക്കാതെ അദ്ദേഹം ചെയര്‍ മാന്‍ തന്നെയായി തുടര്‍ന്നു എന്നത് രസകരമായ വസ്തുതയാണ്.
സര്‍ക്കാരുദ്യോഗസ്ഥനാണെന്നും അടുത്ത പട്ടണത്തിലെ വാട്ടര്‍ വര്‍ക്സിലാണ് പണിയെന്നുമാണ് തോമസും പറയാറ്. ഇന്‍റലിജന്‍സും അധികാര ശ്രോതസ്സുകളും രാഷ്ട്രീയ മുന്നണികളും ഒക്കെത്തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധങ്ങളാലോചിച്ചാല്‍ ചിലപ്പോള്‍ ഉറ്റകൂട്ടുകാരായി വേഷമിടുന്നവര്‍ കടുത്ത രാഷ്ട്രീയ ശത്രുക്കളായിരിക്കാമെന്നും അകന്നു നില്‍ക്കുന്ന ചിലരൊക്കെ ബന്ധുക്കളാവാമെന്നും നിസ്സംശയം പറയാം.
കുഞ്ഞുണ്ണിയുടെ റേഡിയോയില്‍ നിന്നും ڇആദിദേവ നമസ്തുഭ്യം...ڈ എന്ന ശ്ശോകമുയര്‍ന്നപ്പോള്‍ കുളിമുറിയില്‍ നിന്ന് തോമസ് വിളിച്ചു ചോദിച്ചു.
ടോ കുഞ്ഞുണ്ണീ. തന്‍റെ ആദി ദേവന്‍ ഋഷഭനാഥന്‍ തന്നെയല്ലേ. അതോ വല്ല കൊങ്ങിണി സ്വാമിയാരുമാണോ?
അല്‍പം ചീത്തപ്പവനാ ഇവന്‍. ചിത്തത്തിലങ്ങനെ കാറ്റടിപ്പിച്ചു കുഴക്കുന്ന ഇനമല്ല. ബകാസുരന്‍റെ വംശക്കാരനാ. പോത്തിനെങ്ങിനാ കൊങ്ങിണി തന്തയാവുന്നത്?. അത്രയ്ക്കങ്ങു ചൈനീസും കണ്‍ഫ്യൂഷ്യനുമല്ല. ڇമഹിഷാസുരായ നമ:ڈ എന്നൊന്നു കീര്‍ത്തിക്കയേ വേണ്ടൂ...
ആ... അതാ നല്ലത്. അല്ലേല്‍ ഏമാന്മാരു ബന്ധുത്വത്തിനു വരും. പാട്ടുപാടി നടയടയ്ക്കുകേം ചെയ്യും. പാട്ടൊക്കെ കുറച്ചു തുറന്നിരുന്നോട്ടെ, അല്ലേ?
നന്നായി. ഉച്ചയ്ക്കാരു ചോറുമായി വരും?..
ചെയര്‍മാന്‍ എണീറ്റ് ڇആരെ നിങ്ങള്‍ക്കാവശ്യം... ആരെ നിങ്ങള്‍ക്കാവശ്യം, ആതിരാവിലെ..ڈ എന്ന പാട്ടുമായി മുറിക്കു പുറത്തുള്ള കക്കൂസിനു നേര്‍ക്കു നടന്നു. അയാള്‍ക്ക് അറുപതോടടുത്തു പ3ായം തോന്നും. തലനിറയെ ഉള്ള കോലന്‍മുടി പറ്റെ നരച്ചിട്ടില്ല. മലവിസര്‍ജ്ജനത്തിനുള്ള പ്രാഥമിക ഉപാധിയായ ബീഡിക്കു തീ കൊടുത്തിട്ട് അയാള്‍ കക്കൂസില്‍ കടന്നു കതകടച്ചു.
തനിക്കൊരു ബീഡി പുകയ്ക്കാതെ വെളിക്കിറങ്ങാനാവില്ല എന്നു പറയാറുള്ള ചെയര്‍മാന്‍റെ പോക്കു കാണുമ്പോള്‍ കുഞ്ഞുണ്മിക്കു ചിരി വരും. കക്കൂസിലിരുന്ന് രണ്ടറ്റവും പുകയുന്ന ചെയര്‍മാന്‍റെ ഉടലിനെക്കുറിച്ചോര്‍ത്താല്‍ തമാശയുണ്ട്. സ്വന്തം മലത്തെ പുകച്ചു പുറത്തു ചാടിക്കുക എന്ന ഏതാണ്ടു മുപ്പതു കൊല്ലം പഴക്കമുള്ള ആചാരം സമൃദ്ധമായി നിറവേറ്റിയിട്ട് അയാള്‍ കതകുതുറന്ന് പുറത്തു വന്നു. വാതില്‍ തുറന്നപ്പോള്‍ അയാള്‍ എണീറ്റു പോന്നയിടത്ത് ബീഡിപ്പുക ഒരു മേഘമെന്നോണം തങ്ങി നിന്നു. അയാള്‍ ക്ലോക്കില്‍ നോക്കി. ഏഴുമണിയാവാറായി.
പെയിന്‍റടിച്ചിട്ട് വര്‍ഷങ്ങളായ ആ കെട്ടിടത്തിലെ കുമ്മായമടര്‍ന്ന് ചെളിപിടിച്ച ഭിത്തിയില്‍ ഒരു പല്ലിയരുന്ന് വാല്‍ അല്പമൊന്നു വിചിത്രമായി വളച്ചു കൊണ്ട് കാഷ്ടിച്ചു. ചെയര്‍മാന്‍ മുറിയിലെത്തി കട്ടിലിലിരുന്നു. പിന്നെ റേസറെടുത്ത് നിത്യേന വിളക്കി വെക്കുന്ന മുഖം ഒന്നു കൂടി ഷേവ് ചെയ്തു. പുതുതായിരുന്നതു കൊണ്ട് കണ്ണാടിയില്‍ അയാളുടെ മുഖം നന്നായി തെളിഞ്ഞു. ശ്രദ്ധാപൂര്‍വ്വം പരിചയിച്ച അശ്രദ്ധയുടെ ലക്ഷണങ്ങള്‍. അയാള്‍ തൃപ്തനായി.
മുറി പൂട്ടി അയാള്‍ പുറത്തിറങ്ങി. ചായകുടിക്കണം. ഒരു ചായക്കടയുള്ളത് അല്‍പം അകലെയാണ്. ഗോവണിയിറങ്ങി പുറത്തുവന്ന് അയാള്‍ മെല്ലെ തെരുവിലൂടെ നടന്നു. അല്‍പം മഞ്ഞുണ്‍ായിരുന്നതു കൊണ്ട് അതിനിടയിലൂടെ വന്ന സൂര്യരശ്മികള്‍ കെട്ടിടങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ പതിഞ്ഞ് മെല്ലെ താഴോട്ടിഴഞ്ഞു തുടങ്ങിയിരുന്നു. പൂവുകള്‍ കൊഴിഞ്ഞു തീര്‍ന്ന തണല്‍ മരത്തില്‍ നിന്നും പൊഴിഞ്ഞുകിടന്ന ഒരു കായെടുത്ത് പൊട്ടിച്ച് അയാളതല്‍പം രുചിച്ചു. കുട്ടിക്കാലം മുതലേ അതയാളുടെ പതിവാണ്. ശര്‍ക്കരയോടടുത്ത അതിന്‍റെ മധുരം അല്‍പം നുണഞ്ഞിട്ട് അയാളതു വലിച്ചെറിഞ്ഞു.
നാലു തെരുവുകള്‍ക്കപ്പുറമാണ് ചായക്കട. റെയല്‍വേ സ്റ്റേഷനടുത്തു തന്നെ. സ്റ്റേഷനടുത്തെത്താറായപ്പോള്‍ ഒരിടവഴിയില്‍ നിന്ന് പത്തു വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി നിറയെ തൊങ്ങലുകളുള്ള പട്ടവുമായി ഒരു വീട്ടില്‍ നിന്നിറങ്ങി വന്നു. ഒപ്പം എതിര്‍വശത്തെ വീട്ടില്‍ നിന്നൊരു പെണ്‍കുട്ടിയും.
ഹായ് ചെയര്‍മാന്‍ അങ്കിള്‍...
ആണ്‍കുട്ടി അയാളുടെ നേരെ കൈവീശിക്കാണിച്ചു. മറുപടിക്കു കാത്തുനില്‍ക്കാതെ അവര്‍ ഒന്നിച്ച് പുറത്തുള്ള ഇരുമ്പു പിരിയന്‍ ഗോവണി വഴി അവള്‍ പാര്‍ക്കുന്ന നാലുനിലക്കെട്ടിടത്തിന്‍റെ ടെറസ്സിലേക്കു കയറിപ്പോയി. അയാള്‍ക്കു കൗതുകം തോന്നി. അല്പനേരം അയാള്‍ ആ ഗോവണിയുടെ ചുവട്ടില്‍ മുകളിലേക്കു തന്നെ നോക്കി നിന്നു. ഒരു ചെറിയ കാറ്റു വീശി. മഞ്ഞയും ചുവപ്പും നിറമുള്ള ആ പട്ടം കാറ്റു പിടിച്ച് ആകാശത്തേക്കുയര്‍ന്നു പൊന്തി. അയച്ചു വിടും തോറും അത് ഉയര്‍ന്നുയര്‍ന്നു പോയി. അപ്പുറത്തുമിപ്പുറത്തുമൊക്കെയുള്ള വീടുകളുടെ മുകപ്പുകളിലും പട്ടം പറത്തുന്ന കുട്ടികളുണ്ടായിരുന്നു.
അയാള്‍ക്കെന്തോ അവിടേക്കു കയറിച്ചെല്ലാനാണു തോന്നിയത്. അയാള്‍ മെല്ലെ ഗോവണി കയറി മുകളിലെ പാരപ്പെറ്റിനടുത്തെത്തിയപ്പോള്‍ ടെറസ്സിലേക്കു കയറാതെ കുട്ടികള്‍ രണ്ടാളും ചേര്‍ന്ന് മറുവശത്തേക്കു തിരിഞ്ഞുനിന്ന് പട്ടം പറത്തുന്നതു നോക്കി നിന്നു.മഞ്ഞയില്‍ ചെറിയ കറുത്ത പൂക്കളുള്ള ഷര്‍ട്ടും കാക്കി നിറമുള്ള ട്രൗസറുമായിരുന്നു പയ്യന്‍റെ വേഷം. പെണ്‍കുട്ടിയുടേത് കടുംനീല ഹാഫ് പാന്‍റും ഇളംനീല ടീ ഷര്‍ട്ടും.
എത്ര നേരം അങ്ങിനെ നിന്നുവെന്നറിയില്ല, പെട്ടെന്ന് കുറച്ചപ്പുറത്തു മാറിയുള്ള ഒരു ടെറസ്സില്‍ നിന്നും പട്ടം പറത്തുന്ന മറ്റൊരു കുട്ടിയുടെ പട്ടത്തിന്‍റെ നൂല്‍ അവരുടെ പട്ടം മുറിച്ചു വിട്ടു. അയ്യോ എന്നു നിലവിളിച്ചു കൊണ്ട് ആണ്‍കുട്ടി ടെറസ്സില്‍ പടഞ്ഞിരുന്നു. പെണ്‍കുട്ടി പട്ടം പറന്നു പറന്ന് താഴേക്കു വീഴുന്നത് നോക്കി നിന്നു. കാറ്റ് എതിര്‍ ദിശയിലായിരുന്നതിനാല്‍ പട്ടം ആ ടെറസ്സിനടുത്തേക്കു തന്നെയാണ് വന്നത്. കെട്ടിടത്തിനടുത്തു നിന്ന പുളിമരത്തിന്‍റെ ചില്ലയില്‍ നൂല്‍ കുരുങ്ങി അത് അല്‍പം ഉയരത്തില്‍ ടെറസ്സിനോടടുത്തു തൂങ്ങിക്കിടന്നു. കുട്ടികള്‍ക്കു കയ്യെത്തുന്നതിനുമപ്പുറത്തായിരുന്നു അത്.
പെണ്‍കുട്ടി പട്ടം പിടിച്ചെടുക്കാന്‍ വഴി തേടി ചുറ്റുപാടും പരതി. അപ്പോഴാണ് അവരുടെ നേരെ നോക്കി ഗോവണിയില്‍ തന്നെ നില്‍ക്കുകയായിരുന്ന അയാളെ കണ്ടത്. അവള്‍ അയാളുടെ നേര്‍ക്കു ചൂണ്ടിക്കൊണ്ട് അവനെ കുലുക്കി വിളിച്ചു. അവന്‍ തിരിഞ്ഞ് അയാളുടെ നേര്‍ക്കു നോക്കി. അയാളെ കണ്ടപ്പോള്‍ അവന്‍ എണീറ്റു പട്ടത്തിന്‍റെ നേരെ നോക്കിക്കൊണ്ടു അയാളോടു ചോദിച്ചു.
അങ്കിള്‍...ആ പട്ടമൊന്ന് എടുത്തു തരാമോ?
നോക്കാം, മോനേ...
ആ മൂലയിലായിരുന്നു കെട്ടിടത്തിനുള്ളില്‍ നിന്നും ടെറസ്സിലേക്കുള്ള കവാടം. തിണ്ടില്‍ കയറിനിന്ന് അതില്‍ പിടിച്ചു കൊണ്ട് കയ്യെത്തിച്ചാല്‍ വലിയ ബുദ്ധിമുട്ടു കൂടാതെ പട്ടം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കാം. അയാള്‍ ടെറസ്സിലേക്കു കയറി. ഒരു കമ്പുണ്ടായിരുന്നുവെങ്കില്‍ കാര്യം കുറേക്കൂടി എളുപ്പമായേനെ. അയാളുടെ ആവശ്യത്തിനുതകുന്ന വസ്തുക്കളൊന്നും അവിടെ കാണാഞ്ഞതു കൊണ്ട് അയാള്‍ ആ എടുപ്പില്‍ ഒരു കൈ പിടിച്ചു കൊണ്ട് ടെറസ്സിന്‍റെ ചുറ്റു മതിലിലേക്കു കയറി. തിണ്ടില്‍ നവര്‍ന്നു നിന്ന് അയാള്‍ മരത്തില്‍ കുരുങ്ങി താഴേക്കു നീണ്ടു കിടന്ന പട്ടത്തിനു നേര്‍ക്ക് കയ്യയച്ചു. ഒരു കാറ്റ് പട്ടത്തെ അല്പം പറത്തി ദൂരേക്കു കൊണ്ടു പോയിട്ട് തിരികെയെത്തിച്ചു. അയാള്‍ ഒന്നുകൂടി ശ്രദ്ധയോടെ നിലയുറപ്പിച്ചിട്ട് കൈ വീണ്ടും പട്ടത്തിനു നേര്‍ക്കു നീട്ടി.
ദീപൂ... നീയെവിടെയാ...നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ടെറസ്സില്‍ നിന്ന് പട്ടം പറത്തരുതെന്ന്. വല്ല അപകടവും വരുത്തി വെച്ചാല്‍..
ഒരു സ്ത്രീ ഉച്ചത്തില്‍ ശകാരിച്ചു കൊണ്ട് ഗോവണി വഴി മുകളിലേക്കു കയറി വന്നു. ഗോവണിയുടെ മുകളിലെത്തിയപ്പോള്‍ അപരിചിതനായ ഒരാള്‍ ടെറസ്സിന്‍റെ തിണ്ടില്‍ കയറി നില്‍ക്കുന്നതു കണ്ടപ്പോള്‍ അവരുടെ വായ പൊളിഞ്ഞു പോയി.
ഇതാരാ.. എന്താ ഇവിടെ...
അയാള്‍ പിന്നിലേക്കു നോക്കിയില്ല. കയ്യെത്തിച്ച് പട്ടം പിടക്കുവാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്കു തല ചുറ്റുന്നതായി തോന്നി. ചെവിയില്‍ കാറ്രിന്‍റെ കൂടി വരുന്ന മൂളലോടെ താന്‍ താഴേക്കു പതിക്കുന്നതായും വീഴ്ചയുടെ വേഗം ക്രമാതീതമായി കൂടിവരുന്നതിനിടയില്‍ തന്നെ താന്‍ വായുവില്‍ ഒരു നിമിഷം പറന്നു നിന്നതായും അയാള്‍ക്കനുഭവപ്പെട്ടു. വീഴ്ചയ്ക്കും പറക്കലിനുമിടയിലെ ഒരു നിമിഷം.നാലാം നലയില്‍ നിന്നു വീണ് താഴെ തെരുവിലെ കല്ലു പാകിയ ഫുട്പാത്തില്‍ വീണു പതിഞ്ഞതു പോലെ. അയാള്‍ തല കുടഞ്ഞു കൊണ്ട് തന്‍റെ കണ്ണു തുറന്നു. ഭാഗ്യം. വീണിട്ടില്ല. അയാളുടെ നെറ്റിയിലും കവിളിലും വയര്‍പ്പു പൊടിഞ്ഞിരുന്നു. അയാള്‍ കെട്ടിടത്തിന്‍റെ മുകപ്പില്‍ പിടിച്ചു കൊണ്ട് താഴേക്കു നോക്കി.
താഴെ ഒരു ശരീരം വീണു കിടക്കുന്നതായി അയാള്‍ക്കു തോന്നി. ആരാണത്? അയാളെങ്ങിനെയാവും വീണത്. അയാള്‍ ഒന്നു കൂടി നോക്കി. ഒന്നല്ല, നിലംപറ്റിക്കിടക്കുന്ന ഒരു പാടു ശരീരങ്ങള്‍. ഇത്രയേറെപ്പേര്‍.. പറക്കാനുറച്ച് ചിറകു കുലുക്കിയ അനേകം പേര്‍. ഈയല്‍ ചിറകുകള്‍ പോലെ ഇങ്ങനെ..ദൈവമേ!..
റെയില്‍വേ സ്റ്റേഷനിലേക്കു പോവുന്ന തെരുവായിരുന്നു താഴെ. ഒരു കാര്‍ ഹോണ്‍ മുഴക്കിക്കൊണ്ട് അതിലെ കടന്നു പോയി. അതിന്‍റെ ഡ്രൈവര്‍ വഴിമുറിച്ചു കടക്കുകയായിരുന്ന കാല്‍നടപ്പുകാരനോട് ഉച്ചത്തിലെന്തോ വിളിച്ചു പറഞ്ഞു. ശബ്ദം കേട്ട് ഒരാള്‍ ഫുട്ട്പാത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. അയാള്‍ പുതച്ചിരുന്ന ഷാള്‍ തിരക്കനിടയില്‍ താഴേക്കു വീണു.
ഹൊ..ഭാഗ്യം. ഒന്നും സംഭവിച്ചിട്ടില്ല. അതാ വഴിയിലെ ഉറക്കക്കാരാണ്. അവര്‍ എഴുന്നേറ്റു തുടങ്ങിയിട്ടേയുള്ളൂ. അയാള്‍ സമാധാനത്തോടെ കണ്ണു പിന്‍വലിച്ചു.
ഒന്നു കൂടി കയ്യെത്തിച്ചപ്പോള്‍ പട്ടത്തിന്‍റെ ചരടില്‍ പിടികിട്ടി. അയാള്‍ അതും പിടിച്ചു കൊണ്ട് താഴേക്കിറങ്ങി. ടെറസ്സിലെത്തി നൂലില്‍ പിടിച്ചു വലിച്ച് അയാള്‍ വലിയ പ്രയാസം കൂടാതെ പട്ടം കൈക്കലാക്കി.
താങ്ക്യൂ അങ്കിള്‍!...
ദീപു വേഗം ഓടി വന്ന് അയാളുടെ കയ്യില്‍ നിന്നതു വാങ്ങി. അമ്മ പിന്നാലെയെത്തി അവനെ നിര്‍ബ്ബന്ധിച്ചു ഗോവണി വഴി ഉന്തിയുന്തി താഴേക്കു കൊണ്ടുപോയി. പെണ്‍കുട്ടിയും അവരുടെ പിന്നാലെ ഗോവണിയിറങ്ങി അപ്രത്യക്ഷയായി. അയാള്‍ ഒന്നു കൂടി താഴെ തെരുവിലേക്കു നോക്കി. നോക്കെത്താവുന്ന ദൂരത്തോളം നിലത്തു പറ്റിച്ചേര്‍ന്നു കിടക്കുന്ന ആ രൂപങ്ങളിലൊന്ന് താന്‍ തന്നെയാണോ എന്നയാള്‍ക്കു വീണ്ടും സംശയം തോന്നി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home