വെളി
വെളിംപ്രദേശങ്ങള്‍
വെളിഞ്ചേമ്പ്
വെള്ളിവെളിച്ചങ്ങള്‍
ചേമ്പിന്‍ താളില്‍ ഉരുണ്ടു
കളിക്കും ജലകണം.
രാത്രിയില്‍ മീന്‍ പിടിക്കാനെത്തുമാളുകള്‍
കീരിയും കിടാങ്ങളും
ഇളകും മുയല്‍പ്പച്ച
ഞാനും താനും പതിവായുള്ള മറ്റൊരാളും
(മറ്റൊരാളും നീയും ഞാനും)
വെള്ളിലാച്ചന്ദ്രികകളില്‍
തങ്ങുമാകാശവും
ഇരുളിന്‍ തൂണും മറകളും.
അകമതിലില്ലാതുള്ള ചതുപ്പില്‍
കണ്ണാടിയില്‍
ആമ്പല്‍ നിറഞ്ഞടിയില്‍
ചേറുതിങ്ങും പരപ്പുകള്‍.
കളകള്‍, കളമൊഴികള്‍
കളമൊഴിഞ്ഞ കുരുക്കുകള്‍
ആകാശം, അകലങ്ങള്‍, താരകക്കുരുന്നുകള്‍
പുതുലോകത്തിന്‍ വാതില്‍ത്തുറവികള്‍
വെളി, കിനാവള്ളി, കാലുകള്‍
വിദൂരത്തില്‍ ആശപൊടിക്കാത്ത നിരവധി ഗോളങ്ങള്‍
ഗോപുരം, താഴെമേയും പയ്യിന്‍ നിലവിളി.
നീയകത്തേക്കു പോകുന്നു
നിന്നകം ഞാനും തെരയുന്നു
നീറുന്ന തീയില്‍ മറ്റൊരാള്‍
പുലരാന്‍ കിടക്കുന്നു
അയാള്‍ക്കകം മിന്നും വെളിച്ചങ്ങള്‍
നീയും മറ്റൊരാളും ഞാനും
ഞാനും മറ്റൊരാളും നീയും
അകലങ്ങളറിയാപ്പരപ്പില്‍
മുയല്‍ച്ചെവിയനില്‍
തെച്ചിപ്പൂന്തേനില്‍
നിലാവില്‍
ഇരുണ്ടോരിരണ്ട തന്‍ ചിറകായ്
രണ്ടല്ലാതെ മൂന്നായ്, അനേകമായ്.