തീവണ്ടിയാത്രകള്‍
ചിരിച്ചും കരഞ്ഞും നൊന്തും പ്രണയിച്ചും നീ പറയുന്ന ഈ കഥ നിന്‍റെ അതിജീവനത്തിന്‍റെ കൂടി ഭാഗമാണ്. അതിനോടെനിക്കു നീതിചെയ്യാനാവുമോ എന്നെനിക്കു നിശ്ചയമില്ല, കാരണം അടിസ്ഥാനപരമായി നീ പറയുന്ന കഥ നിനക്കു പ്രിയപ്പെട്ടതും വിശദാംശങ്ങളുള്ളതും വൈകാരികമായി ഇഴയടുപ്പമുളളതുമാണ്. അതിലെ ഏതു ഘടകവും നിന്‍റെ വിവേചനബുദ്ധിയും ഭാവനയും യാഥാര്‍ത്ഥ്യവുമായിച്ചേര്‍ന്ന് സൂക്ഷ്മമായി നെയ്തെടുത്തതാണ്, അതില്‍ മറ്റൊരാളുടെ കയ്യോടുന്നത് ആദ്യന്തം നിനക്കു ദൃശ്യമാണ്. ആ കൈ എന്‍റേതാവണം എന്ന നിന്‍റെ തെരഞ്ഞെടുപ്പ് എനിക്കു ലഭിക്കുന്ന വലിയ ഒരംഗീകാരവും. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ നീ പറയുന്ന കഥ എനിക്കും ആവശ്യമാണ്. അതെന്നെ എന്നില്‍ നിന്നും രക്ഷിക്കുന്നുണ്ട്. അതാണു നീയുമായി ചേര്‍ന്നു ഞാനതെഴുതാം എന്നു വാക്കു തന്നത്. എന്‍റെ പിഴവുകളും സാധ്യതകളും നിനക്കു കാണാനാവുമെങ്കില്‍ ചിലപ്പോളതെന്‍റെ കേടുപാടുകള്‍ നീക്കാന്‍ സഹായിച്ചേക്കുമെന്നു പോലും തോന്നിപ്പോകുന്നു.
ڇനീയെന്‍റെ ബാല്യകാല സുഹൃത്താണ്, ഒരേ സകൂളിലെ ബെഞ്ചുകളിലിരുന്നു നാം വര്‍ഷങ്ങള്‍ പോക്കിയിട്ടുണ്ട്. എന്നോടിത് എഴുതിവെക്കാന്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. പലതു കൊണ്ടും ഞാനതു ചെയ്യുന്നില്ലെങ്കില്‍ അതിനു കാരണം എഴുത്തിനെക്കുറിച്ചുള്ള എന്‍റെ മുന്‍വിധികളാവാം. ഞാന്‍ നിന്നോടു പറയുന്നത് എന്‍റെ യാഥാര്‍ത്ഥ്യമാണ്. പലവട്ടം ഞാനതു നിന്നോടു പറയാം. നിനക്കതു ഭാഷയിലാക്കാന്‍ കഴിഞ്ഞേക്കാം. അതാണെന്‍റെ ആവശ്യം.
എന്‍റെയപ്പന്‍ ഇന്ത്യന്‍ റെയില്‍വേയിലെ ഒരു ടിക്കറ്റ് എക്സാമിനറായിരുന്നു. അമ്മ സ്കൂള്‍ ടീച്ചറും. അമ്മയുടെ രണ്ടാം വിവാഹത്തിലെ പുത്രനായിരുന്നു ഞാന്‍. അപ്പനും അമ്മയും തമ്മിലുള്ള ബന്ധത്തിലെ കുഴമറിച്ചിലുകള്‍ രൂക്ഷമായിരുന്നു. ആ പോരുകള്‍ക്കിടയില്‍ നഷ്ടമായ ഒരു ബാല്യമായിരുന്നു എന്‍റേത്. ഒരു ദിവസം അമ്മ പെട്ടെന്ന് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും അപ്രത്യക്ഷയായി. പുറത്തേയ്ക്കു പോയ അമ്മ മടങ്ങി വന്നില്ല. കുട്ടിക്കാലത്ത് അപ്പനില്‍ നിന്നു പിരിഞ്ഞു താമസിക്കേണ്ട സാഹചര്യങ്ങള്‍ കുറേയെല്ലാം സാധാരണമായിരുന്നു. അപ്പോഴെല്ലാം അമ്മയുടെ ഒപ്പമായിരുന്നു ഞാന്‍. വിശേഷിച്ചും തൊഴില്‍ സംബന്ധമായി അപ്പനു ധാരാളം അലയേണ്ടതായി വന്നിരുന്നതിനാല്‍. എന്നാല്‍ പെട്ടെന്ന് അമ്മ അടുത്തില്ലാതെയായതോടെ കാര്യങ്ങള്‍ അലങ്കോലമായി. നടവഴി കയറിവരുന്ന അമ്മയെക്കാത്ത് വീടിന്‍റെ ഇടുങ്ങിയ ഗേറ്റില്‍ ഒത്തിരിനേരം ചെലവഴിച്ചിട്ട് അമ്മ വരാഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് ഉറങ്ങിപ്പോയി. അപ്പന്‍ ഒപ്പമുണ്ടായിരുന്നു. ഒരു പക്ഷേ അപ്പനോടൊപ്പം ഞാന്‍ ചെലവഴിച്ച ഏറ്റവും സ്വകാര്യമായ നിമിഷങ്ങളായിരുന്നിരിക്കാം അവ. അമ്മയെവിടെപ്പൊയി? എനിക്കതു മനസ്സിലാക്കാനേ കഴിഞ്ഞില്ല. ഒരു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അപ്പനോടൊപ്പം അലഞ്ഞു നടന്നത് ഓര്‍ക്കുന്നു. അപ്പന്‍ അക്കാലത്ത് നല്ലൊരു മദ്യപനായിരുന്നു. എന്‍റെ കാര്യങ്ങളെക്കുറിച്ച് വലിയ ഉത്കണ്ഠയില്ലാത്ത രീതികള്‍. വല്ല ബാറിലും കയറിയിരുന്ന് ചെലവഴിച്ച ആ കുട്ടിക്കാലം എന്‍റെ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണ്ണതകളുള്ളതാക്കിയിട്ടുണ്ട്. അപ്പനെനിക്ക് എന്തെങ്കിലും മധുരപാനീയങ്ങള്‍ വാങ്ങിത്തരും. പിന്നെ തീവണ്ടി യാത്രകള്‍.ڈ
നിന്റെ വിവരണം കേള്‍ക്കുമ്പോള്‍ നെരൂദ ഒരു റെയില്‍വേ ജീവനക്കാരനായിരുന്ന തന്‍റെ അപ്പനെക്കുറിച്ചോഴുതിയ വരികള്‍ ഓര്‍മ്മ വരുന്നു.
അദ്ദേഹം, എങ്ങിനെയായാലും, ഒരു നിത്യ സംഭവമായിരുന്നു
സ്വന്തം തീവണ്ടിയുടെ കപ്പിത്താന്‍, തണുത്ത പ്രഭാതങ്ങളുടെയും,
സൂര്യന്‍ സ്വയം വെളിപ്പെടുത്തിത്തുടങ്ങുമ്പോഴേക്കും
അതാ അദ്ദേഹം തന്‍റെ താടിയുമായി
ചുവപ്പും പച്ചയും കൊടികളുമായി, തന്‍റെ വിളക്കുകള്‍ തയ്യാര്‍ ചെയ്ത്
എഞ്ചിനിലെ കൊച്ചു നരകത്തീയില്‍ അതിന്‍റെ കല്‍ക്കരിയുമായി
കോടമഞ്ഞില്‍ തീവണ്ടികള്‍ നില്‍ക്കുന്ന സ്റ്റേഷനുകളുമായി
ഭൂമിശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്‍റെ കടമകളുമായി.
ഞാനതു വായിച്ചു, അക്കാലത്തെ ചില ഓര്മ്മകള്‍ അതു തിരികെയെത്തിക്കുന്നു. എന്നാലതു മറ്റൊന്നാണു താനും. യൂണിഫോമണിഞ്ഞ അപ്പന്‍ യാത്രക്കാരോടു തര്‍ക്കിക്കുന്നതും മറ്റും ഓര്‍മ്മ വരുന്നു. തമ്മില്‍ പരസ്പരം കണക്ടിവിറ്റിയില്ലാതിരുന്ന അന്നത്തെ ബോഗികളില്‍ കയറിയിറങ്ങിപ്പോകുവാന്‍ വേണ്ട സാമര്‍ത്ഥ്യം ആ ജീവനക്കാര്‍ക്കുണ്ടായിരുന്നു.
അങ്ങിനെയൊരു യാത്രയില്‍ അപ്പന്‍ മദ്യപിച്ചിരുന്നു. എറണാകുളം സ്റ്റേഷനെത്തിയപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി പ്ലാറ്റ്ഫോമില്‍ നിന്നു.
അവിടെ സാമാന്യം തെരക്കുണ്ടായിരുന്നു. ചൂട് ചായയുമായി നീങ്ങുന്ന കച്ചവടക്കാര്‍, ബോഗിയില്‍ കയറിപ്പറ്റാന്‍ തത്രപ്പെടുന്ന യാത്രികര്‍, യാത്രയയ്ക്കാനും വരവേല്‍ക്കാനും നില്‍ക്കുന്നവര്‍. ഞങ്ങള്‍ കയറിയിരുന്ന ബോഗിക്കു തൊട്ട് പിന്നില്‍ ഒരു ഏ.സി കോച്ചായിരുന്നു. അപ്പനതു ചൂണ്ടിക്കാട്ടി എന്നോടു പറഞ്ഞു.
മോനേ, ദാ ആ ബോഗിയില്‍ കേറി നോക്കിയേ. അതില്‍ നിന്‍റെ ചേട്ടനിരുപ്പുണ്ട്. ചെന്നു കണ്ടിട്ടുവാ.
ചേട്ടന്‍ അമ്മയുടെ ആദ്യ വിവാഹത്തിലെ മകനാണ്. ചേട്ടനെക്കാണാനായി ഞാന്‍ അതിലേക്കു കയറി. ഒരു സൈഡ് സീറ്റിലാണ് ചേട്ടന്‍ ഇരുന്നിരുന്നത്. അച്ഛന്‍ പുറത്തു നിന്ന് അയാളെ നോക്കി ശകാരിക്കുന്നുണ്ടായിരുന്നു. ചേട്ടനന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടറുടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ ഏതാണ്ട് പതിമൂന്നു വയസ്സിന്‍റെ വ്യത്യാസമുണ്ടായിരുന്നു. അമ്മയെ കാണാതെ വിഷമിച്ചിരുന്ന എനിക്ക് ചേട്ടനെ കണ്ടത് വലിയ ആശ്വാസമായി. എന്നെക്കണ്ടതും അയാളെന്നെ വാത്സല്യപൂര്‍വ്വം അടുത്തുപിടിച്ചിരുത്തി സമാധാനിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ് അമ്മ ചേട്ടനോടൊപ്പമുണ്ടെന്നു ഞാനറിയുന്നത്. അപ്പന്‍റെ ഉപദ്രവത്തില്‍ നിന്നു രക്ഷിക്കാന്‍ ചേട്ടന്‍ വന്ന് അമ്മയെ കൊണ്ടു പോയതാണെന്ന് എനിക്കപ്പോഴാണ് അറിവു കിട്ടിയത്.
മോന്‍ വിഷമിക്കേണ്ട കേട്ടോ. അപ്പന്‍ അമ്മയെ വല്ലാതെ ഉപദ്രവിക്കുന്നത് ഒഴിവാക്കാനായാണ് ഞാന്‍ അമ്മയെ കൂടെക്കൊണ്ടുപോയത്. മോന്‍ ഒറ്റപ്പെട്ടുവെന്നു കരുതരുതേ...
അതു പറഞ്ഞപ്പോള്‍ ചേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാനും ആ കരച്ചിലില്‍ പങ്കു ചേര്‍ന്നു.
എന്നോടിതു പറയുമ്പോള്‍ സുഹൃത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അല്പ സമയം അയാളൊന്നും മിണ്ടിയില്ല.
വണ്ടി വിടാറായപ്പോള്‍ ചേട്ടനെന്നെ സമാധാനിപ്പിച്ചു. പോക്കറ്റില്‍ നിന്ന് ഒരന്‍പതു രൂപ നോട്ടെടുത്ത് ചേട്ടനെന്‍റെ കയ്യില്‍ തന്നു. ഞാനതു ട്രൗസറിന്‍റെ കീശയിലിട്ടു. എന്‍റെ പ്രിയപ്പെട്ടവരായ അമ്മയെക്കുറിച്ചും ചേട്ടനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പേറുന്നതായിരുന്നു ആ ഉപഹാരം. ചേട്ടനെ വിട്ട് ഞാനിറങ്ങി അപ്പന്‍റെ അടുത്തു ചെന്നു. അയാളപ്പോഴും ചേട്ടനെ ശകാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. വണ്ടി വിടാനായി കൂക്കിയപ്പോള്‍ ഞങ്ങള്‍ നടന്നു. നടക്കുന്നതിനിടയിലും ഞാനാ നോട്ട് അവിടെത്തന്നെയുണ്ടോ എന്നറിയാന്‍ കീശയില്‍ തിരുപ്പിടിച്ചു കൊണ്ടിരുന്നു. എനിക്കു പ്രിയപ്പെട്ട രണ്ടു പേരുടെ ഓര്‍മ്മകള്‍ നിറഞ്ഞ് അതിനു ഭാരമേറ്റിയിരുന്നു. അപ്പനും ഞാനും പിന്നേയും കുറേ അലഞ്ഞു. അല്‍പമിരുട്ടിക്കഴിഞ്ഞാണു ഞങ്ങള്‍ വീടെത്തിയത്. അപ്പോഴേക്കും നന്നേ തളര്‍ന്നിരുന്ന ഞാന്‍ കട്ടില്‍ കണ്ടപാടേ വേഷം പോലും മാറാതെ കിടന്നുറക്കമായി.
നല്ല വിശപ്പോടെയാണു ഞാന്‍ പിറ്റേന്നുണര്‍ന്നെണീറ്റത്. അപ്പന്‍ കയ്യിലൊരു മദ്യഗ്ലാസ്സുമായി ചാരുകസാലയില്‍ ഇരുന്നിരുന്നു. അയാള്‍ റാത്രി ഉറങ്ങിയിട്ടേ ഉണ്ടാവില്ല എന്നു വ്യക്തമായിരുന്നു.എനിക്കു പെട്ടെന്ന് ചേട്ടനെ ഓര്‍മ്മ വന്നു. ഞാന്‍ ട്രൗസറിന്‍റെ കീശ പരതി. ആ നോട്ട്...അതവിടെ ഇല്ല!. ഞാന്‍ കട്ടിലില്‍ പരതി.
നീയെന്താ നോക്കുന്നത്? അതെന്‍റെ കയ്യിലുണ്ട്. ഒരു സിഗരറ്റെടുത്ത് തീകൊടുക്കുന്നതിനിടയില്‍ അപ്പന്‍ പറഞ്ഞു.. എന്‍റെ കണ്ണു നിറഞ്ഞു.
അമ്മ തിരികെയെത്തും വരെ ഞാന്‍ എന്‍റെ അപ്പൂപ്പന്‍റെ വീട്ടിലായിരുന്നു താമസിച്ചത്. അവിടെ അമ്മൂമ്മയും അവരുടെ സഹായികളായ രണ്ടു സ്ത്രീകളും എന്നെ പരിപാലിച്ചു. പിന്നെ അമ്മ തിരകെയെത്തി. അതിനിടയില്‍ അപ്പനു പലതവണ സ്ഥലം മാറ്റങ്ങളുണ്ടായിരുന്നു. ഞാന്‍ അമ്മയോടൊപ്പമായി. അമ്മ സ്കൂള്‍ ടീച്ചറായിരുന്നതിനാല്‍ ഞങ്ങള്‍ ഒരു ദിക്കില്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കുറേക്കഴിഞ്ഞ് ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അപ്പന്‍ മുറിയില്‍ ഉലാത്തുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ കസാലയിലിരുന്ന് എന്നെ അടുത്തു വിളിച്ചു.
മോനേ...നിന്‍റെ കുട്ടിക്കാലം ഞാനായിട്ടു നശിപ്പിച്ചു കളഞ്ഞു. നിന്‍റെ അമ്മയെ കെട്ടും മുന്‍പേ എനിക്കു മൂന്നു മക്കളുണ്ടായിരുന്നു. എനിക്കു നിന്നെ ആവശ്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബ്ബന്ധം കൊണ്ടാണ് നീയുണ്ടായത്. എന്‍റെ ഇഷ്ടത്തിനെതിരായുണ്ടായ മകനായതു കൊണ്ടാണ് ഞാന്‍ നിന്നെ ലാളിക്കാതിരുന്നത്. ഞാനും നിന്‍റെ അമ്മയും തമ്മിലുണ്ടായ വഴക്കുകള്‍ക്കും അതായിരുന്നു കാരണം. നിന്നെ ജനിപ്പിച്ചതു തന്നെ ഒരപരാധമായാണു ഞാന്‍ കണ്ടത്. അപ്പന്‍റെ വാക്കുകളില്‍ കുറ്റബോധമുണ്ടായിരുന്നു. അയാള്‍ കീശയില്‍ നിന്ന് ഒരു നൂറുരൂപാ നോട്ടോടുത്ത് എന്‍റെ കയ്യില്‍ വെച്ചു തന്നു.
എനിക്കു കരച്ചില്‍ വന്നു. അപ്പനെന്നെ ആവശ്യമില്ലായരുന്നു എന്ന തിരിച്ചറിവ് എന്നെ വേദനിപ്പിച്ചു. ആ നോട്ട് ഭൂതകാല ക്രൂരതകള്‍ക്കുള്ള ഒരു പ്രായശ്ചിത്തമാണെന്നെനിക്കു തോന്നി.
നാളുകള്‍ക്കു മുന്‍പ് ചേട്ടന്‍ തന്ന ആ നോട്ട് എടുത്തുകൊണ്ടു പോയതിനുള്ള പ്രായശ്ചിത്തം. അതിനെന്തു മരുപടി പറയണം എന്നറിയാതെ ഞാന്‍ വീര്‍പ്പുമുട്ടി.
അപ്പനില്ലാത്ത ഈ കാലത്ത് പെട്ടെന്ന് ഒരു സിഗ്നല്‍ ലാമ്പും പിടിച്ച് ആരോ ഒരാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്നത് എന്‍റെ കണ്ണില്‍ തെളിയുന്നു.
ഇനിയുള്ളത് നിന്‍റെ പണിയാണ്. നീയത് നന്നായി ചെയ്യുമെന്നാണ് എന്‍റെ പ്രതീക്ഷ. കൂട്ടുകാരന്‍ എന്‍റെ തോളില്‍ തട്ടി എന്നെ ഞാനകപ്പെട്ടു പോയ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തി.