തിരിയല്‍
വെന്‍ഡി റോസ്
പാട്ടിപ്പോള്‍ ഗാല്യ ഭാഷയിലാണ്
പീതസാരരത്നം കൊണ്ടുള്ള വാക്കുകള്‍
ചുവന്ന മുടിയുള്ള സ്ത്രീകള്‍
വാരിക്കൂട്ടിയ പച്ച കാലിത്തീറ്റപ്പുല്ലിന്റെ നിറം;
അല്ലെങ്കില്‍ പാട്ട്
മിവുവിന്റെ താളവും
വെളുത്ത എല്ലിന്‍നിറമുള്ള ഓക്കുമാണ്,
കരിങ്കല്ലിന്റെ കോണുകളില്‍
ശ്വസിക്കുന്ന ഒരറിവ്
ഒച്ചപ്പാടോടെ നിലത്തുവീഴുന്നു.
അല്ലെങ്കിലാ പാട്ട് ഒരു നക്ഷത്രത്തില്‍ നിന്നും താഴേക്കു സഞ്ചരിച്ച്
ചുവന്ന വീഞ്ഞിന്റെ നിറമുള്ള പാറക്കെട്ടുകള്‍ക്കു മുകളിലൂടെ
വെട്ടിത്തിളങ്ങുന്ന നീലാകാശത്തിനു കീഴില്‍
ഭൂമിയില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട
പഴയ വാക്കുകള്‍ കണ്ടെത്തുവാന്‍.
എങ്കിലും ഈ ഹൃദയം കാതോര്‍ക്കുന്നു
ഈ പാട്ട്. ഹി-ത്സ-ത്സി-നാ,
വിലപ്പെട്ട മഴയുണരുന്നു.
ഇതിലേക്ക് മാംസത്തിലെ ഒരു പ്രാര്‍ത്ഥനയായി
നീ വരുന്നു
ഇതില്‍ ഒരു മൂളിപ്പാമ്പിന്റെ
ഉരുളലും വിളയാട്ടവുമായി നീ സഞ്ചരിക്കുന്നു.
ഇതില്‍ നീ
അഗ്നിപര്‍വ്വത ഗര്‍ഭമുള്ള വാക്കുകള്‍ പാടുന്നു.
രക്തം കുമിളപൊട്ടുന്ന
ഇരുണ്ട അഗ്നിപര്‍വ്വത സ്ഫടികത്തിന്റെ തണുപ്പില്‍.
നോക്കൂ, ചെറിയ പെണ്‍കുട്ടിയെ നഷ്ടമായി
അവള്‍ അമ്മയുടെ ഹൃദയത്തോടു ചേര്‍ന്നാണ് നില്‍ക്കുന്നതെങ്കിലും.
വലിയ ഊര്‍ജ്ജത്തോടെ അവള്‍ തന്റെ വാരിയെല്ലുകളില്‍ നിന്നും
സുവിശേഷകരെ വടിച്ചു കളയുന്നു.
നട്ടെല്ലിനുചുറ്റും തോളെല്ലുകള്‍ വളയുന്നു
ഉലക്ക നൃത്തം വെയ്ക്കുന്നു
ഓക്കുമരക്കായകള്‍ പറക്കുന്നു,
അവളുടെ കയ്യുടെ മടക്കുകളില്‍
ചെളി ഉരുണ്ടുകൂടുന്നു.
അതല്ലെങ്കിലവള്‍ ചെറുപീഠദേശത്തിന്റെ അരികിലുള്ള
ഒരു ചെറിയ മുറിയില്‍ മുട്ടുകുത്തി നില്‍ക്കുകയാവാം,
ഭൂമിയുടെ തേച്ചുമിനുക്കിയ കറുത്ത എല്ല്
വിലപ്പെട്ടതായി കരുതപ്പെടുന്ന
പികി കല്ല്,
പുറകോട്ടും മുന്‍പോട്ടും നീങ്ങിക്കൊണ്ടുള്ള
ഈ സ്നേഹ പ്രകടനത്തില്‍, ഇരുളുംവരെ ധാന്യം പൊടിച്ചുകൊണ്ട്,
ഒരു സഞ്ചിയിലേക്കു വെളുത്ത ചോളപ്പൊടി തൂത്തിട്ടുകൊണ്ട്, നീല
മറ്റൊന്നിലേക്കും,
ഇപ്പോള്‍തന്നെ സൂര്യപ്രകാശത്തില്‍ ജ്വലിച്ചു കൊണ്ട്
അവള്‍ക്കുണ്ടാകാന്‍ പോകുന്ന
പെണ്‍കുട്ടികളെക്കുറിച്ചോര്‍ത്തു കൊണ്ട്
അല്ലെങ്കിലവള്‍ മലയിലെ പുല്‍മേട്ടിലുള്ള ഒരു ചതുപ്പില്‍
നില്‍ക്കുകയാവും
ഒരുവീതികുറഞ്ഞ ചുവന്ന തുണികൊണ്ട്
അവളുടെ മുടി പിന്നില്‍കെട്ടിവെക്കുന്നതിനായി
കൈകള്‍ ഉയര്‍ത്തി; വിത്തുകള്‍ അടര്‍ന്ന്
അവളുടെ ഷൂസില്‍ തൂങ്ങിക്കിടക്കുന്നു, അവളുടെ കാലുറ,
അവളുടെ നീളന്‍ പാവാട, അവളുടെ ചര്‍മ്മം.
അവള്‍ ഭയലേശമെന്യേ
സ്വര്‍ണ്ണനിറമുള്ള ഫിഡില്‍നെക്കുകള്‍ക്കിടയിലൂടെ നടക്കുകയാവും,
ചെറിയ മല ലുപീനുകള്‍ക്കിടയിലൂടെ, മണ്ണില്‍ നിന്നും
മുകളിലേക്കു വീണ് കുന്നിന്‍ചെരുവിനെ മഞ്ഞുപോലെ മൂടിയ
വെളുത്തപോപ്കോണ്‍ പൂവുകളുടെ മേഘങ്ങള്‍ക്ക് ഇടയിലൂടെ.
അല്ലെങ്കില്‍
ഒരു സ്ത്രീ ഘനമുള്ള കയറ് ചുറ്റിച്ചുറ്റി അവളിരിക്കുന്ന കുതിരയുടെ തലയുടെ
ദിശനിര്‍ണ്ണയിക്കുവാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ അവള്‍ ആ
പെണ്‍കുതിരയാണ്, നനുത്ത ചരല്‍കല്ലും
ഓക്കുമരക്കായകളുടെ സൂപ്പില്‍ ഉരുളുന്ന ചൂടുള്ള കല്ലുകളും
ചന്ദ്രിക ഭൂമിയെ മുറിച്ചിടത്ത്
അവളുടെ വഴിയില്‍ പടരുന്ന മുറിവിനെ ഉണക്കാന്‍ ശ്രമിച്ചും കൊണ്ട്.
സമുദ്രത്തില്‍ നിന്നും മലയിലേക്കും ചെറുപീഠഭൂമിയിലേക്കും
അവള്‍ കൊണ്ടു പോകുന്ന ഭാണ്ഡം
ഒരു വിശുദ്ധമായ ഓര്‍മ്മയാണ്, ആകാശത്തിന്റെ ഒരുവശത്തു നിന്ന്
മറ്റേ വശം വരെ വളഞ്ഞു നില്‍ക്കുന്ന ഒരു മഴവില്ല്.
അല്ലെങ്കിലൊരു സ്ത്രീ ആവിക്കപ്പലിലെ ട്രങ്കുപെട്ടി അടയ്ക്കുകയാവാം
അതിന്റെ കൊളുത്തിടാനും
തുകല്‍ മുറുക്കാനും വേണ്ടി അതിനു മുകളില്‍ അമര്‍ന്നിരുന്നു കൊണ്ട്.
കപ്പലിന്റെ ഭിത്തിക്കു പുറത്ത് കടല്‍കാക്കകള്‍
താഴേക്കൂളിയിടുന്നുണ്ടാവണം, അവള്‍
അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നു, ഒരു വേള ഒരെണ്ണം
അകത്തുവന്ന് അവളുടെ കവിളില്‍ അതിന്റെ കൂര്‍ത്ത ചിറകുകൊണ്ട്
തൊട്ടുരുമ്മുന്നുണ്ടാവാം, അല്ലെങ്കില്‍
രക്തം തണുത്തു തുടങ്ങുയതിനാല്‍ ചൂടായ മറ്റൊരു മുറിവു മാത്രം.
ഈ തണുപ്പില്‍ അവള്‍ക്കെത്ര വേദനിക്കുന്നു,അവളെത്ര മെലിഞ്ഞവള്‍;
അവളാ പുതപ്പ് പുതച്ചുകൊണ്ട് നിലത്തു കിടക്കുമ്പോള്‍,
അവള്‍ കേവലം ഒരു പഴന്തുണിക്കെട്ടു മാത്രമാണ്, ഏതാനും
വിറകു കൊള്ളികള്‍, ഒടിഞ്ഞ ഒരു ചൂല്. കടലിന്റെ ഇളക്കത്തിനെതിരെ
അചഞ്ചലം നില്ക്കവേ
വടക്കന്‍ വാതായനത്തിലൂടെ കപ്പല്‍ കടന്നു വരാനായി
കാത്തിരിക്കുന്ന പാറക്കെട്ടുകളുടെ ക്ഷമയോടെ,
വീടുവിട്ടുപോകേണ്ടിവരുന്നവരുടെ നേര്‍ക്ക്
അറ്റ്ലാന്റിക്കിന്റെ മദ്ധ്യത്തില്‍ വെച്ച് മുഷ്ടികുലുക്കുന്ന
കൊടുങ്കാറ്റുകളെപ്പോലെ രോഷാകുലം,
പൊളിച്ചുകളയുമെന്നു ഭീഷണി മുഴക്കുന്ന
ആഴത്തിലൊളിച്ച ഹിമശിലയെന്നോണം.
ലോകം അലിഞ്ഞു തീരുന്നത് അവളിതിനകം കണ്ടുകഴിഞ്ഞു,
ഇപ്പോഴവള്‍ പിതൃഭൂമിയുമായുള്ള
അവസാന ചരടും പൊട്ടുന്നത് അനുഭവിക്കുന്നു
അതിന്റെ പൊട്ടല്‍തന്നെ
തൊട്ടറിയുന്നു.