Thursday, July 30, 2015

നിറമായല്ലാതെങ്ങും കാക്കിയില്ലെന്നാത്മാവില്‍!









സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനൊരു  എന്‍.സി.സി കേഡറ്റായിരുന്നു
കാക്കിയുടുപ്പണിഞ്ഞ് കുറേ വെയില്‍ കൊണ്ടിട്ടുമുണ്ട്
ഒരു വെടിയുണ്ട കിണറ്റിലെറിഞ്ഞു കളഞ്ഞതെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിരിപൊട്ടും.
ഏത്തയ്ക്കായപ്പവും പരിപ്പുവടയും അവിടെവെച്ചാണെന്റെ സഹചാരികളാവുന്നത്
ഇന്നോര്‍ക്കുമ്പോള്‍ അതിലപ്പുറം പോന്ന സൌഹൃദമൊന്നും
അവിടെ നിന്നെന്നോടൊപ്പം കൂടിയിട്ടുമില്ല.
വിളക്കിയെടുത്ത ബെല്‍റ്റോ, കഞ്ഞിപ്പശ മുക്കിയ വസ്ത്രങ്ങളോ,
തലയില്‍ തൊപ്പിയിരുന്നതിന്റെ അടയാളങ്ങളോ ഒന്നും.
ചൂരലും മുട്ടിലിഴയലും ഉച്ചത്തിലുള്ള കല്പനകളും കൊണ്ട്
കല്പനാശൂന്യമായ ആ ലോകത്തേക്കുള്ള വാതില്‍ വലിച്ചടച്ച്
ഇറങ്ങിപ്പോരുവാനായിരുന്നു എപ്പോഴും എനിക്കുള്ള  പ്രേരണ.

കേവലം രൂപപരമായതില്‍ ഭ്രമിച്ചുപോകുന്ന ഒരാളായിരുന്നുവെങ്കില്‍
കവാത്തുചെയ്യുന്ന കേഡറ്റുകളുണ്ടാക്കുന്ന 
നിരകളും ചതുഷ്കോണങ്ങളും ജ്യാമിതീരൂപങ്ങളും എന്നെ ഹരം പിടിപ്പിച്ചേനെ.
ഒരു നൃത്തത്തിലോ നാടകത്തിലോ ആയിരുന്നുവെങ്കില്‍
ഒരു കൂട്ടമാളുകള്‍ക്ക് ഒന്നിച്ചു ചേരുമ്പോള്‍ സാദ്ധ്യമാവുന്ന നേർവരകളും ചലനങ്ങളും
ഒരു നിരയിലെ  ചലിക്കുന്ന ഒരു ബിന്ദുവായിരിക്കുവാനുള്ള സാധ്യതയും
താളത്തിനോപ്പിച്ചു  ചുവടുവെക്കുവാനുള്ള ആ ശേഷിയും
എത്ര മനോഹരമായിരുന്നേനെ?
എന്നാലിപ്പോള്‍ ഉച്ചത്തില്‍ മുഴങ്ങുന്ന ആ കല്പനകള്‍
എന്റെ ചെകിടടപ്പിക്കുന്നു
യുദ്ധയന്ത്രത്തിനൊപ്പമുള്ള ഈ ചുവടുവെയ്പുകള്‍ക്കുകീഴില്‍ 
തരിശായിപ്പോകുന്ന മനസ്സുകളിലെ
പാഴായിപ്പോകുന്ന ആ നൃത്തത്തെ 
എങ്ങിനെ വീണ്ടെടുക്കാനാവും?
മരിച്ച പട്ടാളക്കാരുടെ ചോരപുരണ്ട് പശിമയാര്‍ന്ന ഉടുപ്പുകളില്‍
ഔപചാരികത കൊണ്ട് മടുപ്പിക്കുന്ന ബൂട്ടുകളുടെ സംഭാഷണത്തില്‍ 
പങ്കുപറ്റുവാന്‍ മടിയുണ്ട് 
എന്നല്ലാതെ ഞാനെന്തു പറയാന്‍?

പതിന്നാലാം വയസ്സില്‍ ഞാനതു വിട്ടുപോന്നു
എന്നാലും കഞ്ഞിപ്പശയിട്ട ലോകം
ഒരാളെ എളുപ്പത്തില്‍ വിട്ടുകൊടുക്കുകയില്ല
ഉടലിലും മനസ്സിലുമുള്ള ഒളിവിടങ്ങളില്‍ നിന്ന് 
എപ്പോഴും ഒരു പ്രത്യാക്രമണത്തിനു തയ്യാറെടുത്തു കൊണ്ടേയിരിക്കും.
കോട്ടയില്‍ നിന്നടര്‍ന്നുപോന്ന ഒരു കല്ലിനെ
തിരികെയുറപ്പിക്കുവാനുള്ള ആ പ്രേരണകളോടെ.
എങ്കിലും 
പാടുവാനറിയാത്തോനെങ്കിലും ഞാനെപ്പോഴും പാടുവാന്‍ ശ്രമിക്കുന്നു:
“നിറമായല്ലാതെങ്ങും കാക്കിയില്ലെന്നാത്മാവില്‍!”

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home