“ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍!”
“ചെന്നായ്ക്കള്‍, ചെന്നായ്ക്ക"ളെന്ന്
ഉച്ചത്തില്‍ ഓരിയിടുന്ന ചില മനുഷ്യരെ
നാമെല്ലാം കാണാറുണ്ട്.
അവരുടെ യോജിച്ചുള്ള ചിലപ്പു കേള്‍ക്കുമ്പോള്‍
ചിലപ്പോള്‍ അവരോടൊപ്പം കൂടുവാന്‍
നമ്മള്‍ക്കും തോന്നിപ്പോവും.
പറുദീസയിലേക്കുള്ള ദൂരം താണ്ടുവാന്‍
ചിലപ്പോള്‍ നമ്മള്‍ക്കവര്‍ ഒരു പായ് വഞ്ചി
ഒരുക്കിത്തരുകപോലും ചെയ്യും.
ചിലപ്പോഴവര്‍ നീണ്ട നാവുകാട്ടി
താടികാട്ടി
ചിരിച്ചുകൊണ്ടു നമ്മെ ഗുദഭോഗം ചെയ്യും.
ഒരമ്മയുടെ വയറ്റില്‍ നിന്ന്
ഡോക്ടറുടെ സഹായമില്ലാതെ കുഞ്ഞിനെ പുറത്തെടുത്ത്
ശൂലത്തില്‍ കുത്തിനിര്ത്തും
റാസിന്റേയോ ദാണ്ഡിയായുടെ ചില ചുവടുകള്‍ വെച്ചുകൊണ്ടുതന്നെ.
ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍!
എന്നോരിയിടുന്ന ചില മനുഷ്യരെ
നമ്മളെല്ലാം കാണുന്നുണ്ട്.
അയല്‍വാസിയില്‍ സാത്താനെകണ്ട്
ഉറക്കംകെട്ടുപോവുകയോ
ഒരശരീരിയേറ്റ് അസ്തപ്രജ്ഞരാവുകയോ
ചെയ്തതുമാവാം.
ഭയത്തിന്റെ ചില വെള്ളപ്പാച്ചിലുകളില്‍
അവരൊലിച്ചുപോവുന്നതു കണ്ടു
കൈകൊട്ടിക്കളിക്കുന്ന ചില ആത്തേമാരേയും കണ്ടിട്ടുണ്ട്.
സംഗീതത്തിലേക്കു നീട്ടിയെറിഞ്ഞ
ചില തന്ത്രികളില്‍
വിരലോടിക്കുവാനുള്ള അവരുടെ കാത്തിരിപ്പ്
എന്നു തീരുമോ ആവോ?
പല പരിതസ്ഥിതിക്കാരുടെയിടയില്‍
ഒരു വ്യവസ്ഥിതിക്കാരനായ
അദ്ദേഹത്തിന്റെ നാവ്
പതിവില്ലാത്ത ഏതോ നിറം കാണിക്കുന്നു.
ഇന്‍വെര്‍ട്ടറുകള്‍ക്കു കീഴില്‍
മൂടിവെച്ച ഇരുട്ട്
എപ്പോള്‍ പുറത്തുവരുമോ ആവോ?
ഇരുട്ടും വെളിച്ചവും തമ്മില്‍ കലരുന്ന
ഒരു സായംകാല ആകാശം നിറംമാറി മങ്ങുന്നത്
ഒച്ചുകള്‍ക്കു നിറം മാറുന്നത്
പല്ലികള്‍ ഇണചേരുന്നത്
പട്ടി കൂടുവിട്ടു മണ്ടുന്നത്
കത്തിച്ചുപിടിച്ച നിലവിളക്കുമായി
പ്രധാന മന്ത്രി പൂമുഖത്തെത്തുന്നത്
"ദീപം... ദീപം" എന്നു കയ്യടിച്ചുകൊണ്ട്
ബെസ്റ്റ് ബേക്കറിയില്‍ വെന്ത ഇറച്ചിയുടെ
ചെറിയ ഒരു കഷണം ആരോ ചവയ്ക്കുന്നത്-
എല്ലാം “ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍!”
എന്ന വായ്ത്താരിയോടൊപ്പം കേള്‍ക്കുമാറാകണം.
നാട്ടിലെ പാവം ചെന്നായ്ക്കള്‍ക്കിനീ
മുഖംപൊത്താതെയെങ്ങിനെ നടക്കാനാവും?
പൈപ്പിലെ പൊട്ടിയൊഴുകുന്ന വെള്ളത്തില്‍ മുങ്ങിപ്പോയ കാറിനൊപ്പം
ഒരുമ്മയും ഒരു ചാട്ടവാറും എനിക്കും തന്നേക്കൂ
റെയില്‍പ്പാതകളിലൂടെ തെന്നിനീങ്ങുന്ന ഒരൊട്ടകത്തേയും
ചുരുങ്ങിയത് ഒരു കൈലേസെങ്കിലും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home