അയലത്തെ പുരയിടത്തില്‍ നില്‍ക്കുന്ന
ക്രമിനല്‍ പശ്ചാത്തലമുള്ള ആ കോഴിയെക്കുറിച്ചായിരുന്നു
അയാളുടെ ഉത്കണ്ഠ മുഴുവന്‍.
കാലങ്ങളായി അവള്‍ പറമ്പിലെ പുഴുക്കള്‍, ചെറുകീടങ്ങള്‍,
മണ്ണിരകള്‍ എന്നു വേണ്ട ഏതിനേയും കടന്നാക്രമിക്കുന്ന പ്രകൃതക്കാരിയാണ്
പരീക്ഷണാര്‍ത്ഥം നല്‍കിയ പൊരിച്ച കോഴിയും പശുവിറച്ചിയുമടക്കം
ഒന്നിനോടും അവള്‍ കമാന്നൊരക്ഷരം
(അക്ഷരമാലയില്‍ എവിടെയാണതിന്‍റെ സ്ഥാനം?)
എതിരു പറഞ്ഞില്ല എന്നോര്‍ക്കണം.
കാനിബലിസം എന്നു പോലും തോന്നിക്കും മട്ടിലാണ്
അവളുടെ നിഷ്കളങ്കത.
ഒരു മണ്ണിരയെകൊത്തി തിന്നുന്നതിനിടയില്‍
ശാകാഹാരി ഭോജിനെക്കുറിച്ചു ടെലിവിഷനില്‍ വന്ന
പ്രോഗ്രാം അവള്‍ ശ്രദ്ധിച്ചതേയില്ല.
ജോണ്‍ ഹാര്‍ട്ഫീല്‍ഡിനും മുന്‍പേ കോഴി
ഹിറ്റ്ലറുടെ ഭക്ഷണശീലം മനസ്സിലാക്കിയിട്ടുണ്ടാവാം.
രണ്ടു വീടുകള്‍ക്കിടയില്‍ കെട്ടിപ്പൊക്കിയിട്ടുള്ള മതിലും
അവള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുള്ളതായി കാണുന്നില്ല
സൈനിക മേധാവികള്‍ തമ്മിലുള്ള
ചര്‍ച്ചകള്‍ തീരും വരെ മെനക്കെടാതെ
ആ അതിര്‍ത്തിപ്രശ്നത്തെ അവള്‍ മറികടന്നു പോയി
നാടോടികളാണ് അവളെ കൊന്നു തിന്നതെന്നു പ്രചരണമുണ്ട്
അവരെ നിത്യവും കൊല്ലുന്ന ആ സംസാരത്തിനിടയിലും
കോഴികള്‍ ചിക്കിപ്പെറുക്കി നടപ്പുണ്ട്
നാടോടികളും.